??????? ?????????? ?????? ??.??????? ??????? ??????????? ????????? ?????

മറയുന്നു; റൊസാരിയോയിലെ സുവര്‍ണ സൂര്യന്‍

കേവലമായ പ്രാദേശിക വികാരങ്ങള്‍ക്കപ്പുറം ഒരു ദേശീയതയെ മൊത്തത്തില്‍ ജ്വലിപ്പിച്ചു നിര്‍ത്തുകയെന്ന വലിയ ലക്ഷ്യങ്ങളിലേക്കാണ് രാജ്യാന്തര ഫുട്ബാളിന്‍െറ പന്തുരുളുന്നത്. ക്ളബ് ഫുട്ബാളിലെ ധനസമ്പാദനത്തിന്‍െറ വൈയക്തിക അജണ്ടകള്‍ക്കപ്പുറത്ത് ദേശീയ ജഴ്സി വലിയൊരു വികാരമായി മാറുന്നതും അതുകൊണ്ടുതന്നെയാണ്. അപ്പോഴാണ് അര്‍ജന്‍റീനയുടെയും ബ്രസീലിന്‍െറയും ഇംഗ്ളണ്ടിന്‍െറയുമൊക്കെ ദേശീയപതാകകള്‍ അരീക്കോട്ടും അരപ്പറ്റയിലും തൃക്കരിപ്പൂരുമൊക്കെ വാനിലുയരുന്നതും. ബാഴ്സലോണക്കാരനായ ലയണല്‍ മെസ്സിയെക്കാള്‍ അര്‍ജന്‍റീനക്കാരനായ മെസ്സി ഹൃദയങ്ങള്‍ കീഴടക്കുന്നതും ഈ സാര്‍വജനീനത കൊണ്ടാണ്. അന്തിമാങ്കത്തിലെ തിരിച്ചടികളില്‍ മനംമടുത്ത് ഫുട്ബാളിന്‍െറ പ്രിയപുത്രന്‍ രാജ്യാന്തര മൈതാനങ്ങളോടു വിടപറയുമ്പോള്‍ അകതാരില്‍ വലിയൊരു നഷ്ടബോധം അസ്വസ്ഥത സൃഷ്ടിക്കുന്നതും ഇക്കാരണങ്ങള്‍ കൊണ്ടുതന്നെയാണ്.

ബാഴ്സലോണയില്‍നിന്ന് വിഭിന്നമായി അര്‍ജന്‍റീനയുടെ വിഖ്യാത ജഴ്സിയില്‍ റൊസാരിയോക്കാരന്‍െറ കളി കാണുകയെന്നത് കൂടുതലാഗ്രഹിക്കാന്‍ കാരണങ്ങളേറെയുണ്ടായിരുന്നു. ബാഴ്സയില്‍ ഒരുപാട് നക്ഷത്രങ്ങള്‍ക്കിടയിലെ കൂടുതല്‍ തിളക്കമുള്ള ഒരു നക്ഷത്രം മാത്രമാണ് മെസ്സി. എന്നാല്‍, അര്‍ജന്‍റീനയില്‍ മുനിഞ്ഞുകത്തുന്ന വിളക്കുകള്‍ക്കിടയില്‍ സൂര്യശോഭയോടെ തെളിഞ്ഞു നില്‍ക്കുകയായിരുന്നു അവന്‍. ആകാശനീലിമയും വെള്ളയും വരയിട്ട കുപ്പായത്തില്‍ അര്‍ജന്‍റീനക്ക് മെസ്സിയായിരുന്നു എല്ലാം. മധ്യനിരയില്‍ എല്ലാ വിഘ്നങ്ങളും മറികടന്ന് പന്തത്തെിച്ചു കൊടുക്കാന്‍ പ്രതിഭാധനരുടെ പടയുള്ളപ്പോള്‍ ബാഴ്സയില്‍ ഒരു ഗോളടിക്കാരന്‍െറ കേവലദൗത്യമാണ് കാര്യമായി നിര്‍വഹിക്കാനുണ്ടായിരുന്നത്. എതിരാളികളുടെ ഹാഫില്‍ മുനയുള്ള ആക്രമണങ്ങളുടെ ബാധ്യത മാത്രമായിരുന്നു ചുമലില്‍.

അര്‍ജന്‍റീനയില്‍ പക്ഷേ, ടീമിന്‍െറ ഭാരം മുഴുവന്‍ മെസ്സിയുടെ പാദങ്ങളിലായിരുന്നു.  പിന്‍നിരയിലേക്കിറങ്ങുകയും മധ്യനിരയില്‍ കളിമെനയുകയും മുന്‍നിരക്കാര്‍ക്ക് പന്തത്തെിക്കുകയുമൊക്കെ ചെയ്യേണ്ട ഓള്‍റൗണ്ടറുടെ ജോലിയാണ് നിര്‍വഹിക്കേണ്ടിയിരുന്നത്. മെസ്സിയെ ചുറ്റിപ്പറ്റിയാണ് അര്‍ജന്‍റീനാ കോച്ചുമാര്‍ ടീമിന്‍െറ മൊത്തം കേളീഘടന രൂപപ്പെടുത്തിയിരുന്നത്. എന്നിട്ടും ഇപ്പറഞ്ഞ അധികബാധ്യതകളെ മെസ്സി സന്തോഷപൂര്‍വം ചുമലിലേറ്റി. ഗോളടിച്ചും ഗോളിലേക്ക് ചരടുവലിച്ചും പ്രതിരോധിച്ചുമൊക്കെ അയാള്‍ നാടിനുവേണ്ടി കഠിനാധ്വാനം ചെയ്തു. തുടരെ മൂന്നു വര്‍ഷങ്ങളില്‍ മൂന്നു വമ്പന്‍ ടൂര്‍ണമെന്‍റുകളുടെ കലാശക്കളിയിലേക്ക് ഈ അധികഭാരം ചുമന്നത്തെുകയെന്നത് ചില്ലറനേട്ടമല്ല. പ്രതീക്ഷകളുടെ അതിസമ്മര്‍ദത്തില്‍ അവസാന കടമ്പയില്‍ പാദമിടറുക പതിവായപ്പോഴാണ് താരം ദേശീയ ജഴ്സിയോടു വിടപറയുന്നത്.

ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരന്‍െറ സാന്നിധ്യം അന്യമാകുന്നത് അര്‍ജന്‍റീനയെ ഏതുവിധം ബാധിക്കുമെന്ന് കണ്ടറിയണം. വെള്ളത്തില്‍ പരല്‍മീനെന്ന പോലെയാണ് പുല്‍ത്തകിടിയിലെ മെസ്സി. എതിരാളികളുടെ ചലനങ്ങളെ ശാസ്ത്രീയമായി അപഗ്രഥിച്ച് മറുതന്ത്രങ്ങള്‍ മെനയുമ്പോള്‍ ഫൗളുകളുടെ പ്രയോഗരീതികള്‍ പോലും മുന്‍കൂട്ടി തീരുമാനിക്കപ്പെടുന്ന തരത്തിലേക്ക് കളിയുടെ സ്ട്രാറ്റജി രൂപപ്പെടുന്നിടത്താണ് കണക്കുകൂട്ടലുകള്‍ക്ക് പിടികൊടുക്കാതെ മെസ്സി കുതറിത്തെറിച്ചുകൊണ്ടേയിരിക്കുന്നത്. ഡീഗോ മറഡോണയുടെ നൂറ്റാണ്ടിന്‍െറ ഗോളിനെ ഓര്‍മിപ്പിക്കുന്ന രീതിയില്‍ 2007 ഏപ്രിലില്‍ ഗെറ്റാഫെയുടെ വലകുലുക്കിയ ആ മാന്ത്രികഗോളില്‍ പ്രതിഭാസമ്പത്തിന്‍െറ മുഴുവന്‍ ആഘോഷവുമുണ്ടായിരുന്നു. കളിയുടെ ഫോക്ലോറിനെ സമ്പന്നമാക്കിയ നൃത്തച്ചുവടുകളായിരുന്നു ആ ഗോളിന്‍െറ ആത്മാവ്. ഡിഫന്‍സിവ് ഫുട്ബാള്‍ കത്തിനില്‍ക്കുന്ന കാലത്ത് പ്രതിരോധനീക്കങ്ങള്‍ വകഞ്ഞുമാറ്റപ്പെടുന്ന ചേതോഹര ദൃശ്യങ്ങള്‍ ഒന്നിനുപിറകെ ഒന്നായി പിറവികൊണ്ടപ്പോള്‍ ആ ഫിനിഷിങ് ഒരദ്ഭുതം തന്നെയായി.

മാന്‍ ടു മാന്‍ മാര്‍ക്കിങ്ങിന്‍െറ മാന്യമായ രീതികള്‍ ഓര്‍മ മാത്രമായ കാലത്ത് എതിരാളിയെ പത്മവ്യൂഹം ചമച്ച് നിരായുധനാക്കുന്ന ആധുനിക കളിമുറ്റങ്ങളിലാണ് മെസ്സി നിറഞ്ഞാടുന്നതെന്നോര്‍ക്കണം. ആ ഡിഫന്‍സിവ് സ്ട്രാറ്റജികളുടെ കെട്ടുപൊട്ടിച്ചെറിയാന്‍ അയാളെ സഹായിക്കുന്നതെന്താണ് എന്നതിനെക്കുറിച്ചും കായികലോകം ശാസ്ത്രീയമായ ഉത്തരം തേടിയിരുന്നു. താരതമ്യേന കുറഞ്ഞ ഗ്രാവിറ്റിയാണ് പന്തുമായി അതിശയകരമായ പാരസ്പര്യം പുലര്‍ത്താനും പുല്‍മേട്ടില്‍ ഒഴുകിപ്പരക്കാനും അര്‍ജന്‍റീനക്കാരനെ സഹായിക്കുന്നതെന്നായിരുന്നു പ്രപഞ്ചഘടനാ ശാസ്ത്രജ്ഞരുടെ പ്രബലമായ നിരീക്ഷണം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.