????????? ??????????? ??????? ??? ???????????? ??.???? ???????? (???????????) ??????????? ???????????????????? ?????????????

പിന്നണിയിലെ കപ്പിത്താന്‍

കോഴിക്കോട്: നാട്ടുകാരൊക്കെ ബാറ്റെടുത്ത് സചിന്‍ ടെണ്ടുല്‍കറിന്‍െറ പിന്നാലെ വെച്ചുപിടിക്കുന്ന കാലത്ത് കിഴക്കമ്പലത്തുകാരന്‍ ശ്രീജേഷിന്‍െറ നിയോഗം ഉടല്‍ മൊത്തം പൊതിഞ്ഞുകെട്ടി തലയില്‍ വലിയൊരു ഹെല്‍മറ്റും ചൂടി കൈയിലൊരു സ്റ്റിക്കുമായി ഗോള്‍വല കാക്കാനായിരുന്നു. ഒടുവിലത് ഇന്ത്യന്‍ ഹോക്കിയുടെ ഗോള്‍മുഖം കാക്കലായി. ഏതാനും ദിവസങ്ങള്‍ക്കപ്പുറം ലോകം റിയോയിലെ ഒളിമ്പിക്സ് മൈതാനത്ത് പോരിനിറങ്ങുമ്പോള്‍ ചരിത്രത്തില്‍ ആദ്യമായി ഇന്ത്യന്‍ ഹോക്കി ടീമിനെ നയിക്കുന്ന മലയാളി എന്ന അപൂര്‍വ ബഹുമതിയും ഈ ചെറുപ്പക്കാരന് സ്വന്തം. മൂന്നരക്കോടി മലയാളികളുടെ കായിക സ്വപ്നങ്ങള്‍ക്കുകൂടി കാവലാളാവുകയാണ് ശ്രീജേഷ് എന്ന 30കാരന്‍.

ഹോക്കി എന്നത് കുടക്കാലുപോലുള്ളൊരു വടികൊണ്ടു കളിക്കുന്ന വിചിത്രമായ ഒരു കളിയാണ് മലയാളിക്കിന്നും. ഹോക്കി കളിക്കാന്‍ പാകത്തില്‍ ഒരു മികച്ച ആസ്ട്രോ ടര്‍ഫ് പോയിട്ട് ഭേദപ്പെട്ടൊരു മൈതാനംപോലുമില്ലാത്ത ഈ കേരളത്തില്‍നിന്നാണ് ലോകത്തിന്‍െറ പലകോണുകളില്‍ ഇന്ത്യന്‍ ഹോക്കിയുടെ വലയും കാത്ത് ശ്രീജേഷ് അഭിമാനമായി നിവര്‍ന്നുനിന്നത്. ലണ്ടനില്‍ ഇക്കഴിഞ്ഞ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ ഇന്ത്യ ആദ്യമായി വെള്ളിമെഡല്‍ നേടിയപ്പോള്‍ ടീമിനെ നയിച്ചത് ശ്രീജേഷായിരുന്നു. 1980ലെ മോസ്കോ ഒളിമ്പിക്സിനു ശേഷം പ്രതാപം പടിയിറങ്ങിയ ഇന്ത്യന്‍ ഹോക്കി വീണ്ടും കരുത്തിന്‍െറ വഴിയിലേക്ക് നടന്നുകയറുന്നതില്‍ ഈ മലയാളിക്കുള്ള പങ്ക് ചെറുതല്ല.

‘സാധാരണ നായകന്മാര്‍ മുന്നില്‍നിന്ന് നയിക്കുന്നവരാണ്. പക്ഷേ, എന്‍െറ ജോലി ടീമിനെ പിന്നില്‍നിന്ന് കാക്കലാണ്. ഭാരിച്ച ഉത്തരവാദിത്തമാണ് ഏല്‍പിച്ചിരിക്കുന്നത്. ചാമ്പ്യന്‍സ് ട്രോഫിയില്‍ രണ്ടാം സ്ഥാനം നേടാന്‍ കഴിഞ്ഞതിന്‍െറ ആത്മവിശ്വാസമുണ്ട്. കഠിനമായി പരിശ്രമിച്ചാല്‍ ചാമ്പ്യന്‍സ് ട്രോഫിയിലെ മികവ് ആവര്‍ത്തിക്കാന്‍ കഴിയും. മികച്ച ടീമാണ് ഇപ്പോഴത്തേത്. സര്‍ദാര്‍ സിങ്ങടക്കമുള്ളവര്‍ വര്‍ഷങ്ങളായി ഒന്നിച്ചു കളിക്കുന്നവരാണ്’ -ശ്രീജേഷ് ‘മാധ്യമ’ത്തോട് പറഞ്ഞു.

സീനിയേഴ്സ് നിരവധി പേരുള്ളത് തന്‍െറ ജോലി എളുപ്പമാക്കുമെന്ന വിശ്വാസത്തിലാണ് ശ്രീജേഷ്. ടീം പ്രഖ്യാപിക്കുന്ന വേളയില്‍ തന്നെ ക്യാപ്റ്റനാകാന്‍ സാധ്യതയുണ്ടെന്ന് കോച്ച് റോളണ്ട് ഒള്‍ട്ട്മാന്‍സ് സൂചന നല്‍കിയിരുന്നുവെന്ന് ശ്രീജേഷ്. പിന്തുണച്ച എല്ലാവര്‍ക്കും ശ്രീ നന്ദി പറയുന്നു. ക്യാപ്റ്റനെ പ്രഖ്യാപിക്കുന്ന ചടങ്ങില്‍ പങ്കെടുക്കാനായി ഡല്‍ഹിയില്‍ എത്തിയതായിരുന്നു ശ്രീജേഷ്. ബുധനാഴ്ച ഉച്ചക്കുശേഷം ബാംഗ്ളൂര്‍ സായിയില്‍ പരിശീലനത്തിനായി മടങ്ങും.
2004ല്‍ ജൂനിയര്‍ ഇന്ത്യ ടീമില്‍ ആസ്ട്രേലിയക്കെതിരെ പെര്‍ത്തില്‍ അരങ്ങേറ്റം കുറിച്ച ശ്രീജേഷ് 2006ല്‍ കൊളംബോയില്‍ നടന്ന ദക്ഷിണേഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ സീനിയര്‍ ടീമില്‍ വല കാക്കാനിറങ്ങി. അതിനുശേഷം ഗോള്‍വലയം കാക്കാന്‍ മറ്റൊരാളെ അന്വേഷിച്ചു പോകേണ്ട അവസരം ഇന്ത്യക്കുണ്ടായിട്ടില്ല. ഇന്ന് ലോകത്തിലെ മികച്ച കീപ്പര്‍ ശ്രീജേഷ് തന്നെയാണെന്ന് മുന്‍ ക്യാപ്റ്റന്‍ സര്‍ദാര്‍ സിങ് വിശേഷിപ്പിക്കുന്നു.

1998ല്‍ ഏഷ്യന്‍ ഗെയിംസില്‍ നേടിയ സ്വര്‍ണമായിരുന്നു ഏറ്റവും ഒടുവില്‍ ഇന്ത്യയുടെ ദേശീയ കായികവിനോദത്തിന് ഓര്‍ത്തിരിക്കാന്‍ ഉണ്ടായിരുന്നത്. അതിനുശേഷം ഒരു പ്രമുഖ രാജ്യാന്തര ടൂര്‍ണമെന്‍റില്‍ പോലും ഇന്ത്യ വിജയിച്ചിട്ടില്ല. 2011ല്‍ ചൈനയില്‍ നടന്ന ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ ആ തലവര തിരുത്തി ഇന്ത്യ ജേതാക്കളായി. പാകിസ്താനെതിരായ ഫൈനല്‍ ഷൂട്ടൗട്ടില്‍ അവസാനിച്ചപ്പോള്‍ ഇന്ത്യ കിരീടംചൂടിയത് ശ്രീജേഷ് നടത്തിയ ഉഗ്രന്‍ രണ്ട് സേവുകളിലൂടെയായിരുന്നു.

2014ലെ ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസില്‍ വീണ്ടും പാകിസ്താനെ ടൈബ്രേക്കറില്‍ തകര്‍ത്ത് ഇന്ത്യ സ്വര്‍ണമണിഞ്ഞത് ഗോള്‍മുഖത്തെ ശ്രീജേഷിന്‍െറ പ്രകടനത്തിലൂടെയായിരുന്നു. ഏഷ്യന്‍ ഗെയിംസില്‍ 16 വര്‍ഷത്തെ ഇടവേളക്കു ശേഷമായിരുന്നു ഇന്ത്യ സ്വര്‍ണമണിഞ്ഞത്. ലോക ഹോക്കി ലീഗില്‍ നെതര്‍ലന്‍ഡ്സിനെ തോല്‍പിച്ച് കഴിഞ്ഞ വര്‍ഷം വെങ്കലം നേടുമ്പോഴും ശ്രീജേഷ് പ്രകടനവുമായി മുന്നില്‍നിന്നു. വേള്‍ഡ് ഹോക്കി ടൂര്‍ണമെന്‍റില്‍ 33 വര്‍ഷത്തിനിടെ ആദ്യമായായിരുന്നു ഇന്ത്യ മെഡലണിഞ്ഞത്.

ഓട്ടത്തിലെ മികവുമായി ട്രാക്കില്‍ കുതിക്കാനായിരുന്നു വിദ്യാര്‍ഥിയായിരിക്കെ ശ്രീജേഷിന് താല്‍പര്യം. 12ാം വയസ്സില്‍ തിരുവനന്തപുരം ജി.വി. രാജ സ്പോര്‍ട്സ് സ്കൂളില്‍ ചേര്‍ന്നത് വഴിത്തിരിവായി. ഉയരമുള്ളതുകൊണ്ട് വോളിബാളിലേക്ക് തിരിഞ്ഞ കാലമായിരുന്നു അത്. പക്ഷേ, ഹോക്കി കോച്ചുമാരായ ജയകുമാറും രമേശ് കോലപ്പയും ശ്രീജേഷിനെ ഹോക്കി വല കാക്കാന്‍ പിടിച്ചുനിര്‍ത്തി.

പിന്നീട് ശ്രീജേഷിന്‍െറ ജീവിതം ചരിത്രമായി. അങ്ങനെ, ഒരു കായിക പാരമ്പര്യവുമില്ലാത്ത എറണാകുളം കിഴക്കമ്പലത്തെ സാധാരണ കര്‍ഷ കുടുംബത്തില്‍ പിറന്ന ശ്രീജേഷ് കേരളത്തിലെ ഏറ്റവും പ്രശസ്തനായ കായിക താരമായി മാറിയിരിക്കുന്നു. പിതാവ് പി.വി. രവീന്ദ്രനും അമ്മ രമയും സങ്കല്‍പിച്ചതിനുമൊക്കെ അപ്പുറം. കഴിഞ്ഞ വര്‍ഷം അര്‍ജുന അവാര്‍ഡ് നല്‍കി രാജ്യം ആദരിക്കുകയും ചെയ്തു. അനീഷയാണ് ഭാര്യ. മകള്‍ അനുശ്രീ. വിദ്യാഭ്യാസ വകുപ്പില്‍ ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ ഗ്രേഡില്‍ ഉദ്യോഗസ്ഥനുമാണ് ശ്രീജേഷ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.