കായികലോകം ഉറ്റുനോക്കുന്ന രാജ്യാന്തര ഫുട്ബാള്‍ ഫെഡറേഷന്‍ (ഫിഫ) പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് വെള്ളിയാഴ്ച. തുടര്‍ച്ചയായി അഞ്ചുതവണ ലോക ഫുട്ബാള്‍ സംഘടനയുടെ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട സെപ് ബ്ളാറ്റര്‍ക്ക് അഴിമതി ആരോപണത്തെ തുടര്‍ന്ന് അധികാരം നഷ്ടമാവുകയും എട്ടു വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തതോടെ അനിവാര്യമായ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ മൂന്ന് വന്‍കരകളുടെ പ്രതിനിധികളായി അഞ്ചു പേരാണ് മത്സരിക്കുന്നത്. പട്ടികയില്‍ ആറാമനായിരുന്ന യൂറോപ്യന്‍ സമിതി അധ്യക്ഷന്‍ മിഷേല്‍ പ്ളാറ്റീനിക്കും അഴിമതിയില്‍ പങ്കുണ്ടെന്ന് തെളിഞ്ഞതോടെ അയോഗ്യനായതാണ് സ്ഥാനാര്‍ഥിപ്പട്ടിക അഞ്ചുപേരിലേക്ക് ചുരുക്കിയത്.

പ്രിൻസ് അലി
 

ഏഷ്യന്‍ വന്‍കരയുടെ പ്രതിനിധികളായി അലി ബിന്‍ ഹുസൈന്‍ രാജകുമാരനും ബഹ്റൈനില്‍നിന്നുള്ള ശൈഖ് സല്‍മാന്‍ ബിന്‍ ഇബ്രാഹിം അല്‍ ഖലീഫയും (ഏഷ്യന്‍ കോണ്‍ഫെഡറേഷന്‍ പ്രസിഡന്‍റ്), വര്‍ണവിവേചന വിരുദ്ധപോരാട്ടത്തില്‍ നെല്‍സണ്‍ മണ്ടേലയുടെ സഹപ്രവര്‍ത്തകന്‍ കൂടിയായ വ്യവസായി ടോക്യോ സെക്സ്വാലാണ് ആഫ്രിക്കന്‍ പ്രതിനിധി. യൂറോപ്യന്‍ ഫുട്ബാള്‍ സമിതി സെക്രട്ടറി ജനറലായ സ്വിസ് അഭിഭാഷകന്‍ ഗിയാനി ഇന്‍ഫന്‍റിനയും ഫ്രഞ്ച് നയതന്ത്രജ്ഞനും ബ്ളാറ്റര്‍ക്കൊപ്പം ഫിഫ അസിസ്റ്റന്‍റ് സെക്രട്ടറി ജനറലായും പ്രവര്‍ത്തിച്ചിരുന്ന ജെറോം ഷാംപെയ്നുമാണ് മത്സരരംഗത്തുള്ളത്. എങ്കിലും, ശൈഖ് സല്‍മാന്‍ ബിന്‍ ഇബ്രാഹിം അല്‍ ഖലീഫയും ഗിയാനി ഇന്‍ഫന്‍റിനയും തമ്മിലാണ് പ്രസിഡന്‍റ് സ്ഥാനത്തെ പോരാട്ടം.

തുടക്കത്തില്‍ ഏറെ മുന്നിലായിരുന്ന യൂറോപ്യന്‍ സമിതി പ്രതിനിധി ഗിയാനി ഇന്‍ഫന്‍റിന യൂറോപ്പിന്‍െറയും ആഫ്രിക്കയുടെയും വോട്ടുകള്‍ ഉറപ്പാക്കിയിരുന്നു. എന്നാല്‍, കഴിഞ്ഞമാസം കിഗാലിയില്‍ നടന്ന കാഫ് യോഗത്തില്‍ ആഫ്രിക്കന്‍ വന്‍കര നാടകീയമായി തങ്ങളുടെ സമ്പൂര്‍ണ പിന്തുണ ശൈഖ് സല്‍മാന്‍ ബിന്‍ ഇബ്രാഹിം അല്‍ ഖലീഫക്കാണെന്ന് പ്രഖ്യാപിച്ചതോടെ സാധ്യതകള്‍ അവസാന നിമിഷം തകിടംമറിയുകയാണ്. ഇതോടെ ആഫ്രിക്കന്‍ വന്‍കരയുടെ പ്രതിനിധി ടോക്യോ സെക്സ്വാലിന്‍െറ പ്രതീക്ഷകള്‍ മങ്ങുകയും ചെയ്തു. സെക്സ്വാലിന്‍െറ സ്വന്തം രാജ്യമായ ദക്ഷിണാഫ്രിക്ക അധ്യക്ഷനും ഇന്ത്യക്കാരനുമായ സുകേതു പട്ടേല്‍ തന്നെയാണ് ഈ തീരുമാനം പ്രഖ്യാപിച്ചത്.

എന്നാല്‍, എന്നും ഫിഫ കിങ്മേക്കറായ ഇസാ ഹയാത്തുവിന്‍െറ മനംമാറ്റമായിരുന്നു പ്ളാറ്റീനിയുടെ അടുപ്പക്കാരന്‍കൂടിയായ അല്‍ ഖലീഫക്ക് അനുകൂലമായ ഈ തീരുമാനത്തിനു പിന്നില്‍. ആഫ്രിക്കക്ക് 54 വോട്ടുണ്ടെങ്കിലും ഹയാത്തു വിരുദ്ധരായ ഒമ്പതു മുതല്‍ 11 വരെ വോട്ടുകള്‍ സെക്സ്വാലിന് ലഭിച്ചുകൂടെന്നില്ല. അങ്ങനെയാണെങ്കില്‍ അത് ഖലീഫയുടെ സാധ്യതകള്‍ക്ക് മങ്ങലുമേല്‍പിക്കും. ഏഷ്യന്‍ വന്‍കരയുടെ 44 വോട്ടും അദ്ദേഹത്തിന് ലഭിക്കാനിടയില്ല. കഴിഞ്ഞതവണ ബ്ളാറ്റര്‍ക്കെതിരെ മത്സരിച്ച് 73 വോട്ട് നേടിയ മുന്‍ ഫിഫ വൈസ് പ്രസിഡന്‍റ് അലി ബിന്‍ രാജകുമാരന് ഇവിടെനിന്ന് കുറച്ചു വോട്ടുകളെങ്കിലും ലഭിച്ചേക്കും.

യൂറോപ്പില്‍ മൊത്തമുള്ള 47 വോട്ടുകളും വീതംവെക്കുകയാണെങ്കിലേ ഖലീഫക്ക് വിജയമുറപ്പിക്കാന്‍ കഴിയൂ. ഇറ്റലി, ജര്‍മനി, ഫ്രാന്‍സ്, ഇംഗ്ളണ്ട് എന്നിവരുടെ പിന്തുണ ഇന്‍ഫന്‍റിനക്കാണ്. കോണ്‍കകാഫ്, നോര്‍ത് അമേരിക്ക എന്നീ കോണ്‍ഫെഡറേഷനിലെ 35 വോട്ടുകളും ഇന്‍ഫന്‍റിനക്ക് ലഭിക്കും. ഓഷ്യാനക്കുള്ള 12 വോട്ടുകളാവും ഭാവി പ്രസിഡന്‍റിനെ തീരുമാനിക്കുക. ബ്ളാറ്ററുടെ വിശ്വസ്തന്‍ എന്ന ‘ചീത്തപ്പേര്’ ജെറോം ഷാംപെയ്ന് വിനയായിട്ടുണ്ട്. എന്തായാലും മലീമസമാക്കപ്പെട്ട ഫുട്ബാള്‍ ഭരണം സംശുദ്ധമായ കരങ്ങളിലത്തെുമെന്ന് പ്രത്യാശിക്കാം. അതിനിടെ, പ്രസിഡന്‍റിന്‍െറ വാര്‍ഷിക ശമ്പളമായ 80 ലക്ഷം യൂറോ താന്‍ സ്വീകരിക്കില്ളെന്ന് ഖലീഫ പ്രഖ്യാപിച്ചിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.