കിങ്സ്റ്റൺ: ദീർഘകാല പങ്കാളിയായ കാസി ബെന്നറ്റുമായി വിവാഹനിശ്ചയം പൂർത്തിയാക്കി ഒളിമ്പിക് സ്പ്രിന്റ് ഇതിഹാസം ഉസൈൻ ബോൾട്ട്. തന്റെ 40-ാം പിറന്നാൾ ആഘോഷത്തിനിടെയാണ് പത്ത് വർഷത്തിലധികമായി ഒന്നിച്ചുജീവിക്കുന്ന കാസിയെ ബോൾട്ട് സർപ്രൈസായി പ്രൊപ്പോസ് ചെയ്തത്. ജമൈക്കയിലെ കിങ്സ്റ്റണിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത സ്വകാര്യ ചടങ്ങിലായിരുന്നു സംഭവം.
പിറന്നാൾ വേദിയിൽ മൈക്കുമായി സംസാരിച്ചുകൊണ്ടിരിക്കെ അപ്രതീക്ഷിതമായി മുട്ടുകുത്തിയിരുന്നാണ് ബോൾട്ട് വിവാഹാഭ്യർഥന നടത്തിയത്. "നീയെന്നെ ജീവിതകാലം മുഴുവൻ സന്തോഷവാനാക്കുമോ? എന്നെ വിവാഹം കഴിക്കുമോ?" എന്ന് ചോദിച്ച് അഞ്ച് കാരറ്റ് വജ്രമോതിരം ബോൾട്ട് നീട്ടിയപ്പോൾ വികാരാധീനയായാണ് കാസി സമ്മതം മൂളിയത്. തുടർന്ന് മോതിരം വിരലിലണിഞ്ഞ ചിത്രങ്ങൾ ഇരുവരും സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു. ചടങ്ങിൽ മാച്ചിങ് സേജ് ഗ്രീൻ (Sage Green) വസ്ത്രങ്ങളിലാണ് ഇരുവരും എത്തിയത്.
2013-ലാണ് ബോൾട്ടും ജമൈക്കൻ സംരംഭകയും മോഡലുമായ കാസിയും തമ്മിലുള്ള പ്രണയം ആരംഭിക്കുന്നത്. 2016-ലെ റിയോ ഒളിമ്പിക്സ് സമയത്താണ് ഇരുവരും ബന്ധം പരസ്യമാക്കിയത്.
മൂന്ന് മക്കളാണ് ഇരുവർക്കുമുള്ളത്. 2020 മേയിൽ ജനിച്ച മകൾ ഒളിമ്പിയ ലൈറ്റ്നിങ്, 2021 ജൂണിൽ ജനിച്ച ഇരട്ട ആൺകുട്ടികളായ തണ്ടർ, സെന്റ് ലിയോ എന്നിവരാണ് മക്കൾ.
സ്പ്രിന്റ് ട്രാക്കിൽ നിന്ന് വിരമിച്ച ശേഷം ഫുട്ബോളിൽ ശ്രദ്ധ കേന്ദ്രീകരിച്ച ബോൾട്ട്, അടുത്തിടെ മാഞ്ചസ്റ്റർ അധിഷ്ഠിതമായ വെറ്ററൻസ് ടീമിനായി രജിസ്റ്റർ ചെയ്ത കളിക്കാരനായും മാറിയിരുന്നു. വിവാഹനിശ്ചയ ചിത്രങ്ങൾ വൈറലായതോടെ കായിക-വിനോദ രംഗത്തെ പ്രമുഖരും ആരാധകരും ഇരുവർക്കും ആശംസകളുമായി രംഗത്തെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.