രഞ്ജി ട്രോഫി: ഒഡിഷയെ ഫോളോ ഓൺ ചെയ്യിച്ച് കേരളം; ആദ്യ ഇന്നിങ്സിൽ 149 റൺസ് ലീഡ്
തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ ഒഡിഷയ്ക്കെതിരേ കേരളം മികച്ച പിടിമുറുക്കി. മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ ഒഡിഷയെ 225 റൺസിന് പുറത്താക്കിയ കേരളം 149 റൺസിന്റെ നിർണായക ലീഡ് സ്വന്തമാക്കി. തുടർന്ന് രണ്ടാമിന്നിങ്സിൽ ഒഡിഷയെ ഫോളോ ഓൺ ചെയ്യിച്ച കേരളം, മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 102 റൺസെന്ന നിലയിലേക്ക് എതിരാളികളെ ഒതുക്കി.
മൂന്ന് വിക്കറ്റിന് 114 റൺസ് എന്ന നിലയിലാണ് ഒഡിഷ മൂന്നാം ദിനം ബാറ്റിങ് പുനരാരംഭിച്ചത്. എന്നാൽ കേരള ബൗളർമാരുടെ മികച്ച പ്രകടനത്തിന് മുന്നിൽ ഒഡിഷ ബാറ്റിങ് നിര തകർച്ചയെ നേരിട്ടു. സന്ദീപ് പട്നായിക് (2), അശ്വിൻകുമാർ (1) എന്നിവർ പെട്ടെന്ന് തന്നെ പുറത്തായി. ആറാം വിക്കറ്റിൽ രാജേഷ് ധുപാറും സുബ്രാൻഷു സേനാപതിയും ചേർന്ന് നടത്തിയ 60 റൺസിന്റെ കൂട്ടുകെട്ടാണ് ടീമിനെ വലിയ തകർച്ചയിൽ നിന്ന് രക്ഷിച്ചത്. സുബ്രാൻഷു 50 റൺസും രാജേഷ് 34 റൺസും നേടി പുറത്തായി. ലളിത് യാദവ് നേടിയ 37 റൺസാണ് ഒഡിഷ സ്കോർ 200 കടക്കാൻ സഹായിച്ചത്.
ഒഡിഷയെ ഫോളോ ഓൺ ചെയ്യിച്ച കേരളം രണ്ടാമിന്നിങ്സിലും മികച്ച ബൗളിങ് പ്രകടനം പുറത്തെടുത്ത് നാല് വിക്കറ്റുകൾ വീഴ്ത്തി. ശാന്തനു മിശ്ര (2), ടി മുൺഡെ (9) എന്നിവർ വേഗം മടങ്ങിയപ്പോൾ, പിടിച്ചുനിൽക്കാൻ ശ്രമിച്ച ഗൗരവ് ചൗധരി (53), സുബ്രാൻഷു സേനാപതി (30) എന്നിവരെയും കേരള ബൗളർമാർ വൈകാതെ പുറത്താക്കി. മൂന്നാം ദിനം കളി നിർത്തുമ്പോൾ സന്ദീപ് പട്നായിക് (2*), നിനന്ത് രാത്വ (9*) എന്നിവരാണ് ഒഡിഷക്കായി ക്രീസിൽ തുടരുന്നത്.
നേരത്തേ ആദ്യ ഇന്നിങ്സിൽ കേരളം 404 റൺസ് പടുത്തുയർത്തിയിരുന്നു. സെഞ്ചുറി നേടി തിളങ്ങിയ സച്ചിൻ ബേബിയുടെയും പുറത്താകാതെ നിന്ന മുഹമ്മദ് അസ്ഹറുദ്ദീന്റെയും പ്രകടനമാണ് കേരളത്തിന് കരുത്തായത്. 235 പന്തിൽ 11 ഫോറും ഒരു സിക്സും ഉൾപ്പെടെ സച്ചിൻ 112 റൺസ് എടുത്തപ്പോൾ, 263 പന്തിൽ 11 ഫോറിന്റെ സഹായത്തോടെ 139 റൺസെടുത്താണ് അസ്ഹറുദ്ദീൻ പുറത്താകാതെ നിന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.