ജോർജിയ അക്വേറിയത്തിലെ തിമിംഗല സ്രാവുകൾ (Whale Sharks) വലിയ അത്ഭുതമാണ്. ഒരു പക്ഷേ ലോകത്തിലെ തന്നെ മികച്ച അക്വേറിയമായതിനാൽ ഇവിടെ വന്നത് മുതൽ കാണാൻ ആഗ്രഹിച്ച പ്രധാന കേന്ദ്രങ്ങളിലൊന്ന്. ഫുട്ബാൾ പ്രേമികളായ ഒട്ടനവധി ആളുകൾ എന്റെ മുന്നിൽ ക്യൂവിലുണ്ട്. 48 ഡോളറാണ് പ്രവേശന ഫീസ്. ലോകകപ്പുമായി ബന്ധപ്പെട്ട വ്യത്യസ്ത മത്സര ഇനങ്ങളും ഗെയിംസും വലിയ ഹാളിൽ ഒരുക്കിയിട്ടുണ്ട്. ഭൂമിയിലെ ഏറ്റവും വലിയ മത്സ്യയിനമായ തിമിംഗല സ്രാവുകൾക്കായി വലിയ സജ്ജീകരണങ്ങൾ തന്നെ ഇവർ ഒരുക്കിയിട്ടുണ്ടെന്ന് ഗൈഡ് സ്റ്റീഫ വിശദീകരിച്ചു. ഒരു അക്വേറിയത്തിനുള്ളിൽ ഇത്ര വലിയ മത്സ്യങ്ങളെ സംരക്ഷിക്കുക എന്നത് വളരെ വലിയ ദൗത്യമാണ്.
അക്വേറിയത്തിലുള്ള തിമിംഗല സ്രാവുകളെ തായ്വാനിൽ (Taiwan) നിന്നാണ് അമേരിക്കയിൽ എത്തിച്ചത്. തായ്വാനിലെ മത്സ്യബന്ധന തൊഴിലാളികൾ വിൽക്കാനായി പിടികൂടിയ ഇവയെ, അവിടെയുള്ള വന്യജീവി നിയമപ്രകാരമുള്ള ക്വോട്ട ഉപയോഗിച്ച് അക്വേറിയം അധികൃതർ വാങ്ങുകയായിരുന്നു. അക്വേറിയം ഇവയെ വാങ്ങിയില്ലായിരുന്നെങ്കിൽ ഇവ വിപണിയിൽ വിൽക്കപ്പെടുമായിരുന്നു. അങ്ങനെയെങ്കിൽ പലരുടെയും വിശപ്പ് ശമിപ്പിക്കേണ്ടവനാണ് എന്റെ മുന്നിലെ കൂറ്റൻ ഗ്ലാസ് കൂട്ടിനുള്ളിൻ നീന്തിത്തുടിക്കുന്നത്. കടലിൽ നിന്ന് പിടികൂടിയ ഈ ഭീമൻ മത്സ്യങ്ങളെ തായ്വാനിൽ നിന്നും 8,000ത്തിലധികം മൈലുകൾ അകലെ ഇവിടെ അറ്റ്ലാന്റയിൽ എത്തിക്കുക എന്നത് അതിസങ്കീർണമായ ഗതാഗത ദൗത്യമാണ്. പ്രത്യേക ടാങ്കുകൾ ഉപയോഗിച്ച് ഇവയെ മാറ്റുന്നതിനായി ഓക്സിജൻ വിതരണവും കൃത്യമായ താപനിലയുമുള്ള കൂറ്റൻ യാത്രാടാങ്കുകൾ സജ്ജീകരിച്ച ബോയിങ് 747 വിമാനത്തിലാണ് ഇവയെ എത്തിച്ചതെന്ന് ചുമരിൽ ഭംഗിയായി എഴുതിവെച്ചിട്ടുണ്ട്. യാത്രാവേളയിൽ ഉടനീളം ഇവയുടെ ആരോഗ്യം നിരീക്ഷിക്കാൻ റൂട്ട് മാപ്പുകൾ തയാറാക്കി പ്രത്യേക പരിശീലനം സിദ്ധിച്ച വെറ്ററിനറി ഡോക്ടർമാരും മറൈൻ ബയോളജിസ്റ്റുകളും കൂടെയുണ്ടായിരുന്നുവത്രെ!
ഇവയെ പാർപ്പിച്ച ഇടവും തന്നെ പ്രത്യേകത നിറഞ്ഞതാണ്. തിമിംഗല സ്രാവുകൾക്ക് നീന്താൻ വേണ്ടി മാത്രം 6.3 മില്യൺ ഗാലൻ (2.4 കോടി ലിറ്റർ) വെള്ളം ഉൾക്കൊള്ളുന്ന ‘ഓഷ്യൻ വോയേജർ’ എന്ന കൂറ്റൻ ടാങ്ക് അക്വേറിയത്തിൽ നിർമിച്ചു. ഫുട്ബാൾ മൈതാനത്തേക്കാൾ നീളമുള്ള ഈ ടാങ്കിലെ വെള്ളം നിരന്തരം ഫിൽട്ടർ ചെയ്യപ്പെടുകയും കടലിലെ അതേ അന്തരീക്ഷം കൃത്യമായി നിലനിർത്തുകയും ചെയ്യുന്നു എന്നുകൂടി കേട്ടപ്പോൾ എന്നിലെ അന്വേഷണ കുതുകി കൂടുതൽ കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കാനിറങ്ങി. ഇവക്ക് ഭക്ഷണം നൽകുന്ന രീതി (Feeding)യും ഒരു മായാജാലം പോലെ തോന്നി.
ഈ തിമിംഗല സ്രാവുകൾക്ക് ഭക്ഷണം കൊടുക്കുന്നത് കാണാൻ വലിയ ജനക്കൂട്ടം തന്നെ എത്താറുണ്ടത്രെ... ഇവയുടെ ഭക്ഷണം പ്രധാനമായും ക്രില്ലുകൾ (Krill - ചെറിയ ചെമ്മീൻ പോലുള്ള ജീവികൾ), ചെറിയ വിരകൾ, മറ്റ് പ്ലവകങ്ങൾ (Plankton) എന്നിവയാണ്. ഈ പരൽ മീനുകൾ ഈ വമ്പന്മാർക്കിടയിൽ നീന്തിത്തുടിക്കുന്നത് കാണാനും ഒരു ഭംഗിയാണ്. ഓരോ സ്രാവിനും പ്രത്യേക നിറമുള്ള പാത്രങ്ങൾ (Targets) കാണിച്ചാണ് ഭക്ഷണം നൽകുന്നത്. ഇതുകണ്ട് അവ വെള്ളത്തിന് മുകളിലേക്ക് വാതുറന്നു വരും. അക്വേറിയം ജീവനക്കാർ ചെറിയ ബോട്ടുകളിൽ പോയി വലിയ തവികൾ (Scoops) ഉപയോഗിച്ച് നേരിട്ടാണ് ഇവയുടെ വായിലേക്ക് ഭക്ഷണം നൽകുന്നത്. ഓരോ സ്രാവിനും കൃത്യമായ അളവിൽ ഭക്ഷണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണിത്.
ഇവയുടെ ആരോഗ്യ കാര്യത്തിൽ വലിയ ജാഗ്രതയാണ് അധികൃതർ പുലർത്തുന്നത്. ഡൈവർമാർ ദിവസവും ഇവയുടെ ശരീരത്തിൽ എന്തെങ്കിലും മാറ്റങ്ങളുണ്ടോ എന്ന് പരിശോധിക്കും. കൂടാതെ കൃത്യമായ ഇടവേളകളിൽ ഇവയുടെ രക്ത സാമ്പിളുകൾ എടുത്ത് പരിശോധിക്കാറുമുണ്ട്. ശാരീരിക വളർച്ച അളക്കാൻ അണ്ടർവാട്ടർ ലേസർ സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. ഏഷ്യക്കു പുറത്ത് തിമിംഗല സ്രാവുകളെ കാണാൻ സാധിക്കുന്ന ഏക അക്വേറിയമാണിത്. വംശനാശ ഭീഷണി നേരിടുന്ന ഈ ജീവികളെക്കുറിച്ചുള്ള പഠനങ്ങൾക്കും ഗവേഷണങ്ങൾക്കും ഈ അക്വേറിയം വലിയ സംഭാവനകൾ നൽകുന്നു. മറ്റൊരു പ്രധാന ആകർഷണമായ ഡോൾഫിൻ ഷോ കാണാൻ ഓടി വലിയ ഓഡിറ്റോറിയത്തിലെത്തുമ്പോൾ കുറച്ചു പേരേ കാണൂ എന്നായിരുന്നു കരുതിയത്. എന്നാൽ, നാട്ടിലെ ഒരു ഓഡിറ്റോറിയത്തേക്കാൾ വലിയ ഹാളിൽ ആയിരങ്ങൾ ഇരിപ്പുറപ്പിച്ചിരിക്കുന്നു. അവിടെ ഡോൾഫിനുകളുടെ വികൃതിയും അഭ്യാസങ്ങളും ഹർഷാരവത്തോടെയാണ് കാണികൾ സ്വീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.