മലയാളി ആരാധകന് ഇൻസ്റ്റഗ്രാമിൽ സർപ്രൈസുമായി സാക്ഷാൽ ലിയോ മെസ്സി

കോഴിക്കോട്: ഫുട്ബാൾ ഇതിഹാസം ലയണൽ മെസ്സിയോട് മലയാളികൾക്കുള്ള സ്നേഹം അതിരുകളില്ലാത്തതാണ്. അതിർത്തികൾ താണ്ടി ആ സ്നേഹം പലപ്പോഴും അർജന്റീനയിലെ താരങ്ങളുടെ പക്കൽ എത്താറുമുണ്ട്. ഇപ്പോഴിതാ മലയാളികളുടെ ഈ അതിരറ്റ സ്നേഹത്തിന് സാക്ഷാൽ മെസ്സി തന്നെ നേരിട്ട് മറുപടി നൽകിയിരിക്കുന്നു. യാദിൽ എന്ന മലയാളി ആരാധകനാണ് സമൂഹമാധ്യമങ്ങളിൽ സൗഭാഗ്യം തേടിയെത്തിയത്. മെസ്സിൽ ജന്മദിനാശംസകൾ നേർന്ന്കൊണ്ട് യാദിലിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിന് മെസ്സി തന്റെ ഔദ്യോഗിക അക്കൗണ്ടിൽ നിന്ന് നേരിട്ട് മറുപടി നൽകുകയായിരുന്നു.

"Gracias Yadil!" (നന്ദി യാദിൽ) എന്നാണ് ലോകകപ്പ് ജേതാവ് തന്റെ ഇൻസ്റ്റഗ്രാം ഹാൻഡിലിലൂടെ കുറിച്ചത്. ഫുട്ബാൾ ദൈവമായി ആരാധിക്കുന്ന താരം സ്വന്തം പേരെടുത്ത് വിളിച്ച് നന്ദി പറഞ്ഞതിന്റെ അമ്പരപ്പിലും വലിയ ആവേശത്തിലുമാണ് യാദിൽ. മെസ്സിയുടെ ഈ സ്വപ്നതുല്യമായ കമന്റ് ഇതിനോടകം ഇൻസ്റ്റഗ്രാമിൽ വൈറലായിക്കഴിഞ്ഞു. നിരവധി പേരാണ് മെസ്സിയുടെ കമന്റ് നേരിട്ട് കാണാനായി യാദിലിന്റെ അക്കൗണ്ടിലേക്ക് ഒഴുകിയെത്തുന്നത്. കേരളത്തിലെ അർജന്റീന ആരാധക കൂട്ടായ്മകളും ഈ വാർത്ത വലിയ ആഘോഷമാക്കിയിരിക്കുകയാണ്.

അതിരുകളില്ലാത്ത കേരളത്തിന്റെ മെസ്സി സ്നേഹം

മലയാളി ഫുട്ബോൾ പ്രേമികൾക്ക് അർജന്റീനയോടും വിശേഷിച്ച് ലയണൽ മെസ്സിയോടുമുള്ള ആരാധന ലോകപ്രശസ്തമാണ്. 2022-ലെ ഖത്തർ ലോകകപ്പ് സമയത്ത് കേരളത്തിലെ ഫുട്ബോൾ ആവേശം ലോകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. കോഴിക്കോട് പുള്ളാവൂർ പുഴയിൽ ഉയർന്ന മെസ്സിയുടെ കൂറ്റൻ കട്ടൗട്ട് ഫിഫയുടെ ഔദ്യോഗിക പേജുകളിലും അന്താരാഷ്ട്ര മാധ്യമങ്ങളിലും വലിയ വാർത്തയായിരുന്നു.

ലോകകപ്പ് വിജയത്തിന് ശേഷം അർജന്റീന ഫുട്ബോൾ അസോസിയേഷനും കേരളത്തിലെ ആരാധകരുടെ പിന്തുണയ്ക്ക് പ്രത്യേകമായി നന്ദി അറിയിച്ച് രംഗത്തെത്തിയിരുന്നു. ലോകകപ്പ് സമയത്ത് ഇൻസ്റ്റഗ്രാമിലൂടെ കേരളത്തിലെ ആരാധകരുടെ വീഡിയോ മെസ്സി തന്നെ പങ്കുവെച്ചതും വലിയ വാർത്തയായിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ നേരിട്ട് ഒരു മലയാളി ആരാധകന്റെ പേരെടുത്ത് പരാമർശിച്ചുകൊണ്ട് താരം വീണ്ടും വാർത്തകളിൽ നിറയുന്നത്. കേരളത്തിലെ മെസ്സി ആരാധകരെ സംബന്ധിച്ചിടത്തോളം വലിയൊരു അംഗീകാരമായാണ് ഈ ഇൻസ്റ്റഗ്രാം മറുപടി വിലയിരുത്തപ്പെടുന്നത്.

Tags:    
News Summary - Lionel Messi Surprises Malayali Fan with a Personal Reply on Instagram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.