വാഷിങ്ടൺ: അത്‍ലറ്റിക്സ് ലോക മാമാങ്കത്തിൽ രണ്ടു പതിറ്റാണ്ടിന്റെ ഇടവേള അവസാനിപ്പിച്ച് മെഡലുകൾ വാരാൻ ഇന്ത്യ. യു.എസിലെ ഓറിഗണിൽ വെള്ളിയാഴ്ച ആരംഭിക്കുന്ന ചാമ്പ്യൻഷിപ്പിൽ 23 അംഗ സംഘത്തെയാണ് ഇന്ത്യ ഇറക്കുന്നത്. ഒളിമ്പിക് ജാവലിൻ ചാമ്പ്യൻ നീരജ് ചോപ്ര,
എറിഞ്ഞു പിടിക്കാൻ നീരജ്
ടോക്യോ സ്വർണത്തിനുശേഷം 10 മാസം അവധിയെടുത്ത് പുറത്തിരുന്ന താരം കഴിഞ്ഞ മാസം ആഘോഷപൂർവം തിരിച്ചുവന്നിരുന്നു. ഒളിമ്പിക് മികവ് കാത്ത പ്രകടനങ്ങളുമായി ദേശീയ റെക്കോഡ് രണ്ടു വട്ടം തിരുത്തിയ താരം ജാവലിനിൽ ഇന്ത്യൻ സ്വപ്നങ്ങൾ ആകാശത്തോളമുയർത്തുമെന്നാണ് പ്രതീക്ഷ. എന്നാൽ, പ്രധാന എതിരാളിയാകാനിടയുള്ള നിലവിലെ ലോകചാമ്പ്യൻ ആൻഡേഴ്സൺ പീറ്റേഴ്സൺ മൂന്നു തവണ 90 മീറ്റർ കടമ്പ പിന്നിട്ടതാണ്, അതും ഒരു തവണ 93.07 മീറ്റർ.
ഒളിമ്പിക് വെള്ളിമെഡൽ ജേതാവ് ജേക്കബ് വാഡ്‍ലിച് ഒരു തവണയും. നീരജാകട്ടെ, 89.30 മീറ്റർ, 89.94മീറ്റർ എന്നിങ്ങനെയാണ് അടുത്തിടെയായി പിന്നിട്ട കൂടിയ ദൂരങ്ങൾ. നിലവിലെ ഫോം തുടർന്നാൽ, താരം ചരിത്രം കുറിക്കുമെന്നുതന്നെയാണ് പ്രതീക്ഷ. രണ്ടു തവണ പീറ്റേഴ്സണെ ഈ സീസണിൽ മറികടന്നിട്ടുണ്ടെന്നതും തുണയായേക്കും. ജൂലൈ 21നാണ് യോഗ്യത പോരാട്ടം. ഫൈനൽ രണ്ടു ദിവസം കഴിഞ്ഞും.
ഉയരങ്ങളിലേക്ക് ഹൈജംപർമാർ
മലയാളി താരം മുരളി ശ്രീശങ്കറും ജെസ്വിൻ ആൽഡ്രിനും നയിക്കുന്ന ചാട്ടക്കാരുടെ പടയാണ് ഇന്ത്യൻ സ്വപ്നങ്ങൾ ഒരു പണത്തൂക്കം മുന്നിൽ നിർത്തുന്നത്. സീസൺ റെക്കോഡുകളിൽ ശ്രീശങ്കർ 8.36 മീറ്റർ ചാടി രണ്ടാമതാണ്. ഒളിമ്പിക് ചാമ്പ്യൻ ഗ്രീസിന്റെ മിലിറ്റാഡിസ് ടെന്റോഗ്‍ലുവാണ് ശ്രീശങ്കറുടെ കടുത്ത എതിരാളി.
8.55 മീറ്റർ ചാടി ലോക ഇൻഡോർ ചാമ്പ്യൻഷിപ്പിൽ കിരീടം തൊട്ട താരം ഒരുപടി മുന്നിലാണ്. ഈ സീസണിൽ 8.45 ചാടി സ്വിസ് താരം സൈമൺ ഇഹാമറും ഭീഷണി ഉയർത്തുന്നുണ്ട്. ശ്രീശങ്കർക്കൊപ്പം ഇന്ത്യൻ താരം ജെസ്വിനും ഫോം നിലനിർത്തുന്നുണ്ട്. ഫെഡറേഷൻ കപ്പിൽ താരം 8.37 മീറ്റർ ചാടിയിരുന്നു.
ജെസ്വിൻ മൂന്നാമതും ശ്രീശങ്കർ നാലാമതുമായി ചാടി മുന്നിൽനിൽക്കുന്നവരാണ്. 21ാം റാങ്കാണെങ്കിലും മുഹമ്മദ് അനീസുമുണ്ട്. ഇവരിൽ പ്രകടനമികവിൽ തളർച്ചയില്ലാതെ കരുത്തുകാട്ടുന്ന ശ്രീശങ്കറിൽ ഇന്ത്യ കൂടുതൽ കാത്തിരിക്കുന്നുണ്ട്.ഹൈജംപിൽ നേട്ടം കുറിക്കാനായാൽ 2003ലെ അഞ്ജു ബോബി ജോർജിന്റെ മെഡൽ നേട്ടം അതിലേറെ മികവോടെ ഇത്തവണ വീണ്ടും കാണാം. ശനിയാഴ്ചയാണ് യോഗ്യത മത്സരങ്ങൾ. ഫൈനൽ പിറ്റേന്നും.
അബ്ദുല്ല അബൂബക്കർ, പ്രവീൺ ചിത്രവേൽ എന്നിവർ ട്രിപ്ൾ ജംപ് ലോക റാങ്കിങ്ങിൽ 10, 11റാങ്കിങ്ങുകാരാണ്. ഇരുവരും അടുത്തിടെയായി പുറത്തെടുത്ത ഏറ്റവും മികച്ച പ്രകടനം ലോക ചാമ്പ്യൻഷിപ്പിലും തുടർന്നാൽ, ഇന്ത്യക്ക് മെഡൽ കാത്തിരിക്കാം. 24ാം റാങ്കുകാരനായി എൽദോസ് പോളുമുണ്ട്.
ജൂലൈ 22നാണ് യോഗ്യത മത്സരങ്ങൾ.3000 മീറ്റർ സ്റ്റീപ്ൾചേസിൽ അവിനാശ് സബ്ലെക്ക് ഒരുപാട് ദൂരം കുതിക്കാനുണ്ട്. പുരുഷ, വനിതകളുടെ 20 കിലോമീറ്റർ നടത്തത്തിൽ സന്ദീപ് കുമാർ, പ്രിയങ്ക ഗോസ്വാമി എന്നിവരും ഷോട്പുട്ടിൽ തേജീന്ദർപാൽ സിങ് ടൂറും ഇന്നിറങ്ങുന്നുണ്ട്.യോഗ്യത തെളിയിക്കാനാവാതെ പരാജയപ്പെട്ട ആരോക്യ രാജീവ് ഉൾപ്പെടെയുള്ളവർ ഇത്തവണ ലോക വേദിയിലുണ്ടാകില്ല.
മലയാളികൾ എട്ടുപേർ
23 അംഗ ഇന്ത്യൻ ടീമിലെ മലയാളിസാന്നിധ്യമായി എട്ടു പേരുണ്ട്. എം. ശ്രീശങ്കർ, വൈ. മുഹമ്മദ് അനീസ് (ഇരുവരും ലോങ്ജംപ്), അബ്ദുല്ല അബൂബക്കർ, എൽദോസ് പോൾ (ട്രിപ്പിൾ ജംപ്), എം.പി. ജാബിർ (400മീ. ഹർഡിൽസ്), നോഹ നിർമൽ ടോം, വൈ. മുഹമ്മദ് അനസ്, മുഹമ്മദ് അജ്മൽ (റിലേ) എന്നിവരാണ് മലയാളിപ്പട. ഇന്ത്യൻ ചീഫ് കോച്ച് പി. രാധാകൃഷ്ണൻ നായർ, ഡെപ്യൂട്ടി ചീഫ് കോച്ച് എം.കെ. രാജ്മോഹൻ എന്നിവരും മലയാളി സാന്നിധ്യങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.