ഫുട്ബാൾ, ക്രിക്കറ്റ്, ഹോക്കി, ബാഡ്മിന്റൺ, ടെന്നിസ്, അത്‍ലറ്റിക്സ്... കായിക വിനോദങ്ങൾ പലവിധമുണ്ട്. ഓരോരുത്തർക്കും ഓരോരോ ഇഷ്ടങ്ങളാകും. കായിക വിനോദങ്ങളെ ഇഷ്ടപ്പെടുന്ന എല്ലാവർക്കുമായി ഒരു ദിവസമുണ്ട്; ആഗസ്റ്റ് 29, ദേശീയ കായികദിനം. 2012ലാണ് ആഗസ്റ്റ് 29 ദേശീയ കായികദിനമായി ആചരിക്കാൻ ഔദ്യോഗികമായി തീരുമാനിക്കുന്നത്. രാജ്യംകണ്ട ഏറ്റവും വലിയ കായിക പ്രതിഭകളിലൊരാളായ, ഹോക്കി മാന്ത്രികൻ എന്ന് വിളിപ്പേരുള്ള ധ്യാൻ ചന്ദിന്റെ ജന്മദിനമാണ് ദേശീയ കായികദിനമായി ആചരിക്കുന്നത്.


ധ്യാൻ ചന്ദ്: മിത്തുപോലൊരു യാഥാർഥ്യം

ഫുട്ബാളിന് പെലെ, ക്രിക്കറ്റിന് ഡോൺ ബ്രാഡ്മാൻ എന്നതു​പോലെ ഹോക്കിയിലെ വിശുദ്ധനാമമായി ധ്യാൻ ചന്ദിനെ ഗണിക്കുന്നവർ ഏറെയാണ്. 1905 ആഗസ്റ്റ് 29ന് അലഹബാദിലാണ് ധ്യാൻ ചന്ദ് ജനിക്കുന്നത്. ബ്രിട്ടീഷ് ഇന്ത്യൻ ആർമിയിൽ സേവനമനുഷ്ഠിച്ചിരുന്ന പിതാവിന്റെ പാത പിന്തുടർന്ന് 16ാം വയസ്സിൽതന്നെ ധ്യാൻ ചന്ദും സൈനികസേവനം തിരഞ്ഞെടുത്തു. ധ്യാൻ സിങ് എന്നപേരിൽ ജനിച്ചയാൾ ധ്യാൻ ചന്ദായതിനു പിന്നിൽ രസകരമായ കഥയുണ്ട്. സൂര്യനസ്തമിച്ച് ആകാശത്ത് അമ്പിളിക്കല തെളിയുംവരെ മൈതാനത്ത് പരിശീലിച്ചുകൊണ്ടിരുന്ന ധ്യാൻ സിങ്ങിനെ ചന്ദ്രന്റെ ഹിന്ദി നാമമായ ചാന്ദ് ചേർത്ത് വിളിക്കുകയായിരുന്നുവത്രെ!

ധ്യാൻ ചന്ദിന്റെ ഇളയ സഹോദരൻ രൂപ് സിങ്ങും മകൻ അശോക് കുമാറും ഇന്ത്യൻ ഹോക്കി ടീമിന്റെ ജഴ്സിയണിഞ്ഞവരാണ്. തുടർച്ചയായ മൂന്ന് ഒളിമ്പിക്സുകളിൽ (1928, 1932, 1936) ഹോക്കിയിൽ ഇന്ത്യ സ്വർണം നേടുമ്പോൾ ടീമിന്റെ നെടുന്തൂണായുണ്ടായിരുന്നത് ധ്യാൻ ചന്ദാണ്. കളത്തിൽ ‘മാന്ത്രികവടി’യുമായി ഓടിനടന്നിരുന്ന ധ്യാൻ ചന്ദിന്റെ പേരിൽ യാഥാർഥ്യങ്ങളെന്ന് തോന്നാവുന്ന പല മിത്തുകളുമുണ്ട്. ഈ കഥകൾ വിശ്വസിക്കാൻ കാരണങ്ങളുണ്ടെങ്കിലും ഔദ്യോഗിക ​രേഖകളൊന്നും തെളിവായി കാണിക്കാനില്ല. 1936ലെ ബെർലിൻ ഒളിമ്പിക്സ് ഹോക്കി ഫൈനലിൽ ജർമനിയെ 8-1ന് തോൽപിച്ചാണ് ഇന്ത്യ കിരീടം നേടിയത്. മത്സരത്തിൽ ധ്യാൻ ചന്ദിന്റെ പ്രകടനം കണ്ട ജർമൻ ഭരണാധികാരി ​അഡോൾഫ് ഹിറ്റ്ലർ താരത്തെ ജർമൻ ആർമിയിലെ ഉയർന്ന ഉദ്യോഗത്തിൽ ചേരാൻ വിളിച്ചുവെന്നും അദ്ദേഹം അത് നിരസിച്ചുവെന്നുമാണ് കഥ. ഈ കഥ പരക്കെ വിശ്വസിച്ചുപോരുന്നുണ്ട്. ധ്യാൻ ചന്ദിന്റെ അവിശ്വസനീയ പന്തടക്കംകണ്ട് ഹോക്കി അധികൃതർ അദ്ദേഹത്തിന്റെ സ്റ്റിക് പൊളിക്കുകയും ഉള്ളിൽ കാന്തമുണ്ടോയെന്ന് പരിശോധിക്കുകയും ചെയ്തുവെന്ന ‘മിത്തും’ പരക്കെ വിശ്വസിച്ചുപോരുന്നുണ്ട്.

ചക്ദേ ഇന്ത്യ

ലോക ജനസംഖ്യയിൽ ഒന്നാമൻമാരാണ് ഇന്ത്യ. നൂറുകോടിയിലധികം ജനസംഖ്യയുള്ള രാജ്യം തങ്ങളുടെ വിഭവശേഷിക്ക് ആനുപാതികമായി കായികലോകത്ത് നേട്ടങ്ങൾ നേ​ടിയിട്ടുണ്ടെന്ന് പറയാനാകില്ല. എങ്കിലും ​ലോകവേദികളിൽ അഭിമാനത്തോടെ ഉയർത്തിപ്പിടിക്കാവുന്ന ഒരുപിടി നേട്ടങ്ങൾ ഇന്ത്യക്കുണ്ട്. പ്രധാനപ്പെട്ട ചില നേട്ടങ്ങളിതാ...

2021​ ടോക്യോ ഒളിമ്പിക്സിൽ നീരജ് ചോപ്രയുടെ ജാവലിങ് ത്രോ സ്വർണനേട്ടം

2008 ബെയ്ജിങ് ഒളിമ്പിക്സിലെ അഭിനവ് ബിന്ദ്രയുടെ ഷൂട്ടിങ് സ്വർണമെഡൽ നേട്ടം. ഒളിമ്പിക്സിലെ ഒരു ഇന്ത്യക്കാരന്റെ ആദ്യ വ്യക്തിഗത മെഡൽ നേട്ടമാണിത്

1980ലെ ഇംഗ്ലണ്ട് ഓപൺ ബാഡ്മിന്റണിലെ ​പ്രകാശ് പദുകോണിന്റെ കിരീടനേട്ടം

1983, 2011 വർഷങ്ങളിലെ ഏകദിന ക്രിക്കറ്റ് ലോകകപ്പ് വിജയങ്ങൾ

1951, 1962 ഏഷ്യൻ ഗെയിംസുകളിൽ ഇന്ത്യൻ ഫുട്ബാൾ ടീം സ്വർണം നേടി. 1956ലെ മെൽബൺ ഒളിമ്പിക്സിൽ ഇന്ത്യ നാലാം സ്ഥാനത്തെത്തിയതും അഭിമാന നേട്ടമാണ്

1996ലെ അത്‍ലാന്റ ഒളിമ്പിക്സിൽ പുരുഷ സിംഗിൾസ് ടെന്നിസിൽ ലിയാണ്ടർ പേസ് വെങ്കല മെഡൽ നേടി

ഇന്ത്യയുടെ ബോക്സിങ് ഇതിഹാസം മേരി കോം വനിത ബോക്സിങ്ങിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളാണ്. ആറ് ലോക ചാമ്പ്യൻഷിപ്പുകളിൽ മേരികോം ഇന്ത്യക്കായി സ്വർണം നേടി

ദേശീയ കായിക വിനോദം എന്ന ‘മിത്ത്’

ഇന്ത്യയുടെ ദേശീയ കായിക വിനോദമായി ഹോക്കിയെ പറയപ്പെടാറുണ്ട്. പല പൊതുവിജ്ഞാന പുസ്തകങ്ങളും ക്വിസ് മത്സരങ്ങളുമെല്ലാം ഹോക്കിക്ക് ‘ദേശീയ’ പദവി കൊടുക്കാറുണ്ട്. എന്നാൽ ഇന്ത്യക്ക് ഔദ്യോഗികമായി ദേശീയ കായിക വിനോദം ഇല്ല എന്നതാണ് സത്യം. 2020ൽ മഹാരാഷ്ട്രയിലെ സ്കൂൾ അധ്യാപകനായ മയുരേഷ് അഗർവാൾ വിവരാവകാശ നിയമപ്രകാരം കേന്ദ്ര സർക്കാറിനോട് ഇന്ത്യയുടെ ദേശീയ കായിക വിനോദം ഏതാണെന്ന് ചോദിച്ചു. സർക്കാറിന്റെ മറുപടി ഇങ്ങനെ ‘സർക്കാർ ഒരു കായിക ഇനത്തിനും ദേശീയ പദവി നൽകിയിട്ടില്ല. എല്ലാതരം കളികളെയും പരിപോഷിപ്പിക്കുക എന്നതാണ് സർക്കാറിന്റെ ലക്ഷ്യം.’

ഇന്ത്യക്ക് കായിക രംഗത്ത് ഏറ്റവുമധികം മേൽവിലാസം തന്നത് ഹോക്കിയായതുകൊണ്ടാകാം ഇങ്ങനെ ഒരു പ്രചാരണം നിലവിൽവന്നതെന്ന് കരുതപ്പെടുന്നു. എട്ട് ഒളിമ്പിക് സ്വർണവും ഒരു ലോകകിരീടവും അടക്കമുള്ള വലിയ നേട്ടങ്ങളുമായി ലോക പുരുഷ ഹോക്കിയിലെ രാജാക്കന്മാരായി ഇന്ത്യ വിലസിയിരുന്നു. എന്നാൽ, 1980കൾക്കുശേഷം ഇന്ത്യൻ ഹോക്കിയുടെ മേധാവിത്വത്തിന് ഇടിവ് തട്ടിത്തുടങ്ങി. 2021ലെ ടോക്യോ ഒളിമ്പിക്സിൽ വെങ്കലമെഡൽ നേടി ഇന്ത്യ വീണ്ടും തങ്ങളുടെ പ്രതാപത്തിന്റെ സ്മരണകൾ ഉയർത്തിയിരുന്നു. എന്നിരുന്നാലും നിലവിൽ ഇന്ത്യയിൽ ഏറ്റവും പ്രചാരത്തിലുള്ള കായിക വിനോദം ക്രിക്കറ്റാണ്. ലോകത്തെ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് ബോഡിയായ ബി.സി.സി.ഐ ആണ് ഇന്ത്യയുടെ അന്താരാഷ്ട്ര, ആഭ്യന്തര മത്സരങ്ങൾ നിയന്ത്രിക്കുന്നത്. പ്രചാരം മുൻനിർത്തി ഇന്ത്യയുടെ ദേശീയ കായിക വിനോദമായി ക്രിക്കറ്റിനെ പ്രഖ്യാപിക്കണമെന്ന് ആവശ്യമുയരാറുണ്ട്. എന്നാൽ, ഇതും അംഗീകരിക്കപ്പെട്ടിട്ടില്ല. ഇന്ത്യയിൽനിന്ന് ഉത്ഭവിച്ച കബഡിക്ക് ദേശീയ പദവി നൽകണമെന്ന ആവശ്യവും പലരും ഉയർത്തുന്നു.

ഇന്ത്യയിലെ പ്രധാന ഔദ്യോഗിക കായിക ബഹുമതികൾ

മേജർ ധ്യാൻ ചന്ദ് ഖേൽരത്ന അവാർഡ്

ഏറ്റവും പരമോന്നത അവാർഡ്. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പേരിലായിരുന്ന അവാർഡ് 2021ൽ ധ്യാൻ ചന്ദിന്റെ പേരിലേക്ക് മാറ്റുകയായിരുന്നു. ടേബിൾ ടെന്നിസ് താരം ശരത് കമലാണ് 2022ലെ പുരസ്കാരം നേടിയത്. മലയാളി അത്‍ലറ്റ് അഞ്ജു ബോബി ജോർജ്, ഹോക്കി താരം പി.ആർ. ശ്രീജേഷ് എന്നിവർ ഖേൽരത്ന പുരസ്കാരം നേടിയിട്ടുണ്ട്. 25 ലക്ഷം രൂപയാണ് സമ്മാനത്തുക.

അർജുന അവാർഡ്

1961 മുതൽ നൽകിവരുന്ന പ്രധാന കായിക പുരസ്കാരം. 15 ലക്ഷം രൂപയാണ് നിലവിൽ സമ്മാനത്തുക.

ദ്രോണാചാര്യ അവാർഡ്

അന്താരാഷ്ട്രതലത്തിൽ മികവുപുലർത്തുന്ന താരങ്ങളെ വാർത്തെടുക്കുന്ന പരിശീലകർക്ക് നൽകിവരുന്നു.​ ക്യൂബക്കാരനായ ബോക്സിങ് പരിശീലകൻ ബ്ലാസ് ഇഗ്ലേഷ്യസ് ഫെർണാണ്ടസ് മാത്രമാണ് പുരസ്കാരം നേടിയ വിദേശി.

സചിനും ഭാരത് രത്നയും

ഇന്ത്യയിലെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരത് രത്ന നേടിയ ഒരേയൊരു കായികതാരം ക്രിക്കറ്റ് ഇതിഹാസം സചിൻ ടെണ്ടുൽകറാണ്. അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിരമിച്ചതിനു പിന്നാലെയാണ് സചിനെ തേടി ഭാരത് രത്നയെത്തിയത്. ഖേൽരത്ന പുരസ്കാരം നേടിയ ആദ്യത്തെ ക്രിക്കറ്റ് താരം കൂടിയാണ് സചിൻ. എന്നാൽ സചിന് ഭാരത് രത്ന നൽകിയതിനെതിരെ വലിയ വിമർശനങ്ങളും രൂപപ്പെട്ടിരുന്നു. കായിക താരങ്ങൾക്കുകൂടി നൽകാവുന്ന വിധത്തിൽ ഭാരത് രത്ന പുരസ്കാരത്തിൽ നിയമഭേദഗതി വന്നതോടെയാണ് സചിന് പുരസ്കാരം ലഭിച്ചത്. എന്നാൽ സചിനേക്കാൾ അർഹൻ ധ്യാൻ ചന്ദാണെന്നും അദ്ദേഹത്തിന് മരണാനന്തര ബഹുമതിയായി പുരസ്കാരം നൽകണമെന്നും നിരവധി പേർ ആവശ്യമുയർത്തിയിരുന്നു.

ഒളിമ്പിക്സും ഇന്ത്യയും

നൂറ്റാണ്ട് ചരിത്രമുള്ള ഒളിമ്പിക്സിൽ ആകെ 35 മെഡലുകളാണ് ഇന്ത്യൻ സമ്പാദ്യം. ഇതിൽ 12 എണ്ണവും ലഭിച്ചത് ഫീൽഡ് ഹോക്കിയിൽനിന്നാണ്. ഏഴ് മെഡലുകളുള്ള ഗുസ്തിയാണ് രണ്ടാമത്. ഷൂട്ടിങ്ങിലൂടെ ഇന്ത്യ വെടിവെച്ചിട്ടത് നാല് മെഡലുകൾ. ബാഡ്മിന്റൺ, ബോക്സിങ്, അത്‍ലറ്റിക്സ് എന്നിവയിൽനിന്നും മൂന്നെണ്ണം വീതവും നേടി. ഭാരോദ്വഹനത്തിൽനിന്ന് നേടിയ രണ്ടു മെഡലും ടെന്നിസിൽനിന്ന് നേടിയ ഒന്നുമാണ് ബാക്കിയുള്ളവ.

-1900 പാരിസ് ഒളിമ്പിക്സിൽ ​​200 മീറ്റർ ഓട്ടത്തിലും 200 മീറ്റർ ഹർഡിൽസിലും വെള്ളി നേടിയ നോർമൻ പ്രിച്ചാർഡാണ് ഒളിമ്പിക്സിൽ മെഡൽ നേടിയ ആദ്യ ഇന്ത്യക്കാരൻ. ഒളിമ്പിക്സ് മെഡൽ നേടുന്ന ആദ്യത്തെ ഏഷ്യൻ വംശജൻ കൂടിയാണ് പ്രിച്ചാർഡ്

-2000 സിഡ്നി ഒളിമ്പിക്സിൽ ഭാരോദ്വഹനത്തിൽ വെങ്കല മെഡൽ നേടിയ കർണം മല്ലേശ്വരിയാണ് ഒളിമ്പിക്സ് മെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിത

-1992 മുതൽ 2016വരെ ഏഴ് ഒളിമ്പിക്സുകളിൽ പ​ങ്കെടുത്ത ടെന്നിസ് താരം ലിയാണ്ടർ പേസാണ് ഏറ്റവുമധികം ഒളിമ്പിക്സിൽ പ​ങ്കെടുത്ത ഇന്ത്യക്കാരൻ

-ഗുസ്തി താരം സുശീൽ കുമാർ, ബാഡ്മിന്റൺ താരം പി.വി. സിന്ധു എന്നിവർ ഇന്ത്യക്കായി രണ്ട് ഒളിമ്പിക്സുകളിൽ മെഡൽ നേടി.

-ഒരു സ്വർണമടക്കം ഏഴു മെഡലുകൾ നേടിയ 2021 ടോക്യോയിലേതാണ് ഒളിമ്പിക്സിലെ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനം

Tags:    
News Summary - National Sports day special

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.