ന്യൂഡൽഹി: മകൾക്ക് കേൾവി ശക്തിയില്ലെന്ന് രണ്ടാം വയസ്സിൽ തിരിച്ചറിഞ്ഞ പിതാവ് ജയ രച്ചഗൻ, വിധിയെ പഴിക്കാതെ അവളെ ബാഡ്മിന്റൺ കോർട്ടിലേക്ക് കൈപിടിച്ചുകൊണ്ടുപോവുകയായിരുന്നു. പോഷകാഹാരത്തിനും പരിശീലനത്തിനും പണമില്ലാത്തതടക്കം പ്രതികൂല സാഹചര്യങ്ങളിൽ വളർന്ന പെൺകുട്ടിയാണ് തമിഴ്നാട്ടുകാരി ജെർലിൻ അനിക. രാജ്യം തോമസ് കപ്പ് വിജയത്തിന്റെ ആഘോഷത്തിൽ നിൽക്കവെ ബധിര ഒളിമ്പിക്സായ ഡെഫ് ലിമ്പിക്സിലും ഇന്ത്യക്ക് ചരിത്രനേട്ടമുണ്ടായപ്പോൾ ഏറ്റവും മികച്ച പ്രകടനം അനികയുടേത്. ഒറ്റക്ക് ടീമായും മൂന്ന് സ്വർണമെഡലുകളാണ് പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിനി രാജ്യത്തിന് സമ്മാനിച്ചത്. വനിത സിംഗ്ൾസ്, മിക്സഡ് ഡബ്ൾസ്, ടീം ഇനങ്ങളിലാണ് അനികയുടെ സ്വർണനേട്ടം. നഷ്ടപ്പെട്ടത് വനിത ഡബ്ൾസ് മാത്രം.
ആസ്ട്രേലിയയുടെ നിയോ ഡോൾട്ടിനെ തോൽപിച്ചായിരുന്നു സിംഗ്ൾസ് മെഡൽ. അഭിനവ് ശർമക്കൊപ്പം മലേഷ്യയുടെ എഡ്മണ്ട് സെങ് കിയോങ് -വെയ് യിങ് ബൂൺ സഖ്യത്തെ തോൽപിച്ച് മിക്സഡ് ഡബ്ൾസ് സ്വർണവും ചൂടി. മിക്സഡ് ടീം ഇനത്തിൽ ഇന്ത്യ 3-1ന് ജപ്പാനെ പരാജയപ്പെടുത്തിയതിലും അനികക്ക് നിർണായക പങ്കുണ്ടായിരുന്നു. എട്ടാം വയസ്സിൽ സ്വദേശമായ മധുരയിലെ ബോസ് അക്കാദമിയിൽ പരിശീലകൻ പി. ശരവണനെ ഏൽപിച്ചു പിതാവ് അനികയെ. സംസാര ശേഷിയില്ലാത്ത കുട്ടിയായതിനാൽ അനികയുമായി ആശയവിനിമയം നടത്താൻ പഠിക്കുകയാണ് ശരവണൻ ആദ്യം ചെയ്തത്. പിന്നെ സാധാരണ കുട്ടികൾക്കൊപ്പം തന്നെ പരിശീലിപ്പിച്ചു. 2017ലെ ബധിര ഒളിമ്പിക്സിൽ ഏറ്റവും പ്രായം കുറഞ്ഞ മത്സരാർഥിയായി 13കാരിയായ അനിക പങ്കെടുത്ത് അഞ്ചാം സ്ഥാനം നേടി.
2018ൽ മലേഷ്യയിൽ ഏഷ്യ പസഫിക് ചാമ്പ്യൻഷിപ്പിൽ രണ്ട് വെള്ളിയും ഒരു വെങ്കലവും. പിറ്റേ വർഷം ചൈനയിൽ ലോക ബധിര ബാഡ്മിന്റണിൽ ഓരോ സ്വർണവും വെങ്കലവും രണ്ട് വെള്ളിയും. രച്ചഗന് ചെറിയ ജോലികളിൽ നിന്ന് കിട്ടുന്ന വരുമാനം മകൾക്ക് ആവശ്യമായ ഭക്ഷണവും സൗകര്യവും ലഭ്യമാക്കാൻ അപര്യാപ്തമായിരുന്നു. എച്ച്.സി.എൽ ഫൗണ്ടേഷനിൽ നിന്ന് 3.25 ലക്ഷം രൂപ സ്കോളർഷിപ് കിട്ടിയത് വലിയ അനുഗ്രഹമായി. ഇക്കുറി ബധിര ഒളിമ്പിക്സിന് പിതാവിനെയും പരിശീലകനെയും കൊണ്ടുപോവാനും ഇവർ സഹായിച്ചു. 2023ൽ ബ്രസീലിൽ നടക്കുന്ന ലോക ചാമ്പ്യൻഷിപ്പാണ് അടുത്ത ലക്ഷ്യം. നാട്ടിൽ തിരിച്ചെത്തി പന്ത്രണ്ടാം ക്ലാസ് പരീക്ഷക്ക് തയാറെടുക്കുകയാണ് അനിക. ബ്രസീലിലെ കാക്സിയാസ് ഡു സൂളിൽ സമാപിച്ച ബധിര ഒളിമ്പിക്സ് മത്സരങ്ങളിൽ എട്ട് സ്വർണവും ഒരു വെള്ളിയും ഏഴ് വെങ്കലവും നേടി ഒമ്പതാം സ്ഥാനത്തെത്തി ഇന്ത്യ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.