???????????? ???????

സ്വന്തം നാട്ടിലെ ആരവത്തിന് സാക്ഷിയാകാന്‍  ഷിബിന്‍ലാലും നൗഷാദും

കോഴിക്കോട്:  സന്തോഷ് ട്രോഫി കേരള ടീമിലെ കോഴിക്കോട്ടുകാരായ ഷിബിന്‍ലാലും നൗഷാദും സ്വന്തം നാട്ടിലെ ആരവത്തിന് സാക്ഷിയാകാന്‍ കാത്തിരിക്കുകയാണ്. ജനുവരി അഞ്ചിന് കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ ആദ്യ മത്സരത്തിനിറങ്ങുമ്പോള്‍ ഇരുവരും വിജയത്തില്‍ കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ല. 13 വര്‍ഷങ്ങള്‍ക്കുശേഷം സന്തോഷ്ട്രോഫിക്ക് കോഴിക്കോട് വേദിയാകുമ്പോള്‍ സ്വന്തം നാട്ടില്‍ കളിക്കാനുള്ള ഭാഗ്യമാണ് ഇരുവര്‍ക്കും കൈവന്നത്.  വിവ കേരള ടീമിലായിരുന്നപ്പോള്‍  ഇരുവരും ഒരുമിച്ച്  കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ കളിച്ചിട്ടുണ്ട്. 

എസ്.ബി.ടി താരമായ ഷിബിന്‍ലാല്‍ കോഴിക്കോട് മൊകവൂര്‍ സ്വദേശിയാണ്. ഏഴാം തവണയാണ് ഈ ഇരുപത്തിയേഴുകാരന്‍ കേരളത്തിനായി സന്തോഷ് ട്രോഫി കളിക്കുന്നത്. 2009ലാണ് സന്തോഷ്ട്രോഫി ടീമില്‍ ആദ്യമായി ഇടംപിടിച്ചത്. കേരളത്തിനായി മധ്യനിരയില്‍ മികവ് പുലര്‍ത്തുന്ന ഷിബിന്‍ലാല്‍ കഴിഞ്ഞ വര്‍ഷം സന്തോഷ് ട്രോഫിയിലെ കേരള ടീമിന്‍െറ നായകനായിരുന്നു.  ദേവഗിരി സെന്‍റ് ജോസഫ്സ് കോളജില്‍ ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് ഷിബിന്‍ലാല്‍ ഫുട്ബാള്‍ മത്സരങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. 2007ല്‍ ദേവഗിരി സെന്‍റ് ജോസഫ്സ് കോളജിലൂടെ കാലിക്കറ്റ് സര്‍വകലാശാലക്കായി അന്തര്‍ സര്‍വകലാശാല ചാമ്പ്യന്‍ഷിപ്പില്‍ കളിച്ചു. 2008ലും 2009ലും വിവ കേരളക്കായി കളിച്ചു. 

നടുവട്ടം അരക്കിണര്‍ സ്വദേശിയായ കെ. നൗഷാദ് കൊല്‍ക്കത്തയിലെ ഭവാനിപ്പൂര്‍ എഫ്.സിക്ക് വേണ്ടിയാണ് കളിച്ചുകൊണ്ടിരിക്കുന്നത്. കോട്ടയത്തിനുവേണ്ടി കളിച്ചാണ് സംസ്ഥാന ടീമില്‍ ഇടം നേടിയത്. 31കാരനായ നൗഷാദ് ആദ്യമായാണ് സന്തോഷ് ട്രോഫി കളിക്കുന്നത്. കാലിക്കറ്റ് സര്‍വകലാശാല, ഫാറൂഖ് കോളജ് ടീമുകളുടെ ക്യാപ്റ്റനായിരുന്നു. ഫാറൂഖ് കോളജില്‍ ഡിഗ്രിക്ക് പഠിക്കുന്ന കാലത്താണ് കളിയില്‍ സജീവമാകുന്നത്. മൂന്നു വര്‍ഷം വിവ കേരളക്കായി കളിച്ചു. പിന്നീട് ഒരു വര്‍ഷം പ്രയാഗ് യുനൈറ്റഡിനും രണ്ടു വര്‍ഷം മുഹമ്മദന്‍സിനായും കളിച്ചു.  പ്രാഥമിക റൗണ്ടിലെ മൂന്നു കളിയും ജയിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും  ഇരുവരും പറഞ്ഞു. സ്വന്തം നാട്ടിലായതിനാല്‍ കാണികളുടെ പിന്തുണയും ടീമിനെ ആവേശത്തിലാക്കിയിട്ടുണ്ടെന്നും ഇവര്‍ പറയുന്നു. മൊകവൂര്‍ വേട്ടുവന്‍ കണ്ടി രവീന്ദ്രന്‍െറയും പുഷ്പയുടെയും മകനാണ് ഷിബിന്‍ലാല്‍. അരക്കിണര്‍ നടുവട്ടം കൊടക്കാട്ടകത്ത് മമ്മദ്കോയയുടെയും കുഞ്ഞാത്തുവിന്‍െറയും മകനാണ് നൗഷാദ്. 
Tags:    
News Summary - santhosh trophy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.