മുഹമ്മദ് സലാഹും ലിവർപൂൾ കോച്ച് ആ​ർനെ സ്ലോട്ടും

‘എന്നെ വലിച്ചെറിഞ്ഞു; തോൽവിയിൽ ബലിയാടാക്കുന്നു, കോച്ചുമായി ഒരു ബന്ധവുമില്ല’ -പൊട്ടിത്തെറിച്ച് സലാഹ്; ലിവർപൂളിനെ പ്രതിസന്ധിയിലാക്കി സ്ലോട്ടിന്റെ ‘കളി’; ക്ലബ് വിടാനൊരുങ്ങി സൂപ്പർതാരം

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂളിന്റെ തുടർ തോൽവികൾക്കും തിരിച്ചടികൾക്കും പിന്നാലെ ടീമിലും പൊട്ടിത്തെറി. നിലവിലെ ചാമ്പ്യന്മാരെന്ന പകിട്ടുമായി പ്രീമിയർലീഗിൽ പന്തുതട്ടാനെത്തി പിൻനിരക്കാർക്കെതിരെയും തപ്പിത്തടയുന്ന ലിവർപൂളിൽ സൂപ്പർതാരം മുഹമ്മദ് സലാഹാണ് കോച്ച് ആർനെ സ്ലോട്ടിനെതിരെ പരസ്യ വിമർശനവുമായി രംഗത്തെത്തിയത്. ടീമിന്റെ തുടർച്ചയായ പരാജയങ്ങൾക്ക് തന്നെ ബലിയാടാക്കുകയാണ് കോച്ചെന്ന രൂക്ഷ വിമർശനവും താരം ഉയർത്തി.

ലിവർപൂളിന്റെ അവസാന മൂന്ന് മത്സരങ്ങളിലും പുറത്തിരുത്തിയതാണ് ഈജിപ്ഷ്യൻ താരത്തെ ചൊടിപ്പിച്ചത്. ശനിയാഴ്ച രാത്രിയിൽ ലീഡ്സിനെതിരായ മത്സരത്തിലും സലാഹിന് ബെഞ്ചിലായിരുന്നു സ്ഥാനം. ലീഗിൽ നോട്ടിങ്ഹാം ഫോറസ്റ്റിനെതിരെ ലിവർപൂൾ വൻ തോൽവി വഴങ്ങിയതിനു പിന്നാലെ നവംബർ 30ന് വെസ്റ്റ്ഹാം യുനൈറ്റഡിനെതിരായ മത്സരത്തിലാണ് മുഹമ്മദ് സലാഹിനെ ആദ്യമായി കോച്ച് പുറത്തിരുത്തിയത്. മത്സരത്തിൽ 2-0ത്തിന് ലിവർപൂൾ ജയിച്ചത് കോച്ചിന് ആത്മവിശ്വാസമായി. പിന്നീട് സണ്ടർലൻഡിനും, ശനിയാഴ്ച ലീഡ്സിനും എതിരായ മത്സരങ്ങളിലും സൂപ്പർ താരത്തിന് ബെഞ്ചിലായിരുന്നു ഇടം. രണ്ട് കളിയിലും 1-1, 3-3 സ്കോറുകൾക്ക് ലിവർപൂൾ സമനിലയും വഴങ്ങി.

സഹതാരങ്ങൾ ജയിക്കാനാവാതെ കിതക്കുമ്പോൾ ബെഞ്ചിലിരുന്ന് അസ്വസ്ഥപ്പെടുത്ത സലാഹായിരുന്നു കഴിഞ്ഞ മത്സരങ്ങളിൽ ആരാധകരുടെ വേദന. ടീമിലെ അസ്വാരസ്യങ്ങളുടെ സൂചനയായി ഈ ദൃശ്യങ്ങളെയും വിലയിരുത്തി.

എന്നാൽ, മൂന്നാം മത്സരത്തിലും പുറത്തിരുന്നതോടെ കോച്ചും താനും തമ്മിലെ അഭിപ്രായഭിന്നതകൾ തുറന്നുപറഞ്ഞുകൊണ്ടു തന്നെ സലാഹ് രംഗത്തെത്തി.

കോച്ച് സ്ലോട്ടുമായി ഇപ്പോൾ ഒരു ബന്ധവുമില്ലെന്നും സലാഹ് തുറന്നടിച്ചു.

‘കോച്ചുമായി നല്ല സൗഹൃദമാണെന്ന് ഞാൻ നേരത്തെ പലതവണ പറഞ്ഞിട്ടുണ്ട്. എന്നാൽ, എല്ലാം പെട്ടെന്ന് അവസാനിച്ചിരിക്കുന്നു. ഞങ്ങൾക്കിടയിൽ ഇപ്പോൾ ഒരു ബന്ധവും ഇല്ല. എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല. എന്നെ ക്ലബ്ബിൽ ആവശ്യ​മില്ലെന്ന് വെക്കുന്നു’ -ലീഡ്സിനെതിരായ മത്സരത്തിനു പിന്നാലെ നൽകിയ അഭിമുഖത്തിൽ സലാഹ് പറഞ്ഞു.

ക്ലബിൽ നിന്നും വലിച്ചെറിയപ്പെട്ടിരിക്കുന്നു. തീർച്ചയായും എനിക്ക് അങ്ങനെയാണ് അനുഭവപ്പെടുന്നത്. ടീമിന്റെ തിരിച്ചടിയുടെ കുറ്റം എന്റെ മേൽ ചുമത്താൻ ആരോ ആഗ്രഹിക്കുന്നു. എന്നെ ബലിയാടാക്കുകയാണ്’ -സലാഹ് പറഞ്ഞു.

എനിക്ക് എല്ലാമായിരുന്നു ഈ ക്ലബ്. എല്ലാത്തിനുമുപരി ഞാൻ ക്ലബിനെ സ്നേഹിച്ച്. അത് എക്കാലവുമുണ്ടാവും. എന്നാൽ, നിലവിലെ സാഹചര്യം എനിക്ക് ഉൾകൊള്ളാനാവില്ല. എന്നെ വലിച്ചെറിഞ്ഞിരിക്കുന്നു.

ടീമിലെ സ്ഥാനത്തിനായി എല്ലാ ദിവസവും പോരാടാൻ ഞാനില്ല. ആരെക്കാളും വലുതല്ല എന്ന ബോധ്യമുണ്ട്. പക്ഷേ ഞാൻ നേടിയെടുത്തതാണ് എന്റെ സ്ഥാനം’ -ടീമിലെ അവഗണനയിൽ ക്ഷോഭവും നിരാശയും പ്രകടിപ്പിച്ചുകൊണ്ട് സലാഹ് പറഞ്ഞു.

‘അവിശ്വസനീയമാണ് ഇത്. മത്സരത്തിന്റെ 90 മിനിറ്റും ഞാൻ ബെഞ്ചിൽ ഇരിക്കുന്നു. എന്റെ കരിയറിൽ ആദ്യമായാണ് ഇത്. തീർത്തും നിരാശനാണ്. എന്തുകൊണ്ടെന്ന് അറിയില്ല’

ക്ലബിൽ അസ്വസ്ഥനാണെന്ന് സീനിയർ തുറന്നു പറഞ്ഞതോടെ ലിവർപൂളിലെ തല്ലും ഇംഗ്ലീഷ് ഫുട്ബാളിൽ പാട്ടായി. കഴിഞ്ഞ ഏപ്രിലിൽ രണ്ടു വർഷത്തേക്ക് കൂടി കരാറിൽ ഒപ്പുവെച്ച സലാഹ് ക്ലബ് വിടാൻ സന്നദ്ധനായെന്നും റിപ്പോർട്ടുണ്ട്.

ഡിസംബർ 15ന് ആരംഭിക്കുന്ന ആ​ഫ്രിക്കൻ നേഷൻസ് കപ്പിൽ ഈജിപ്തിനായി കളിക്കാൻ ഒരുങ്ങുകയാണ് സലാഹ്.

2017ൽ എ.എസ് റോമയിൽ നിന്നും യുർഗൻ ​ക്ലോപ് ലിവർപൂളിലേക്ക് എത്തിച്ചതിനു പിന്നാലെ റെഡ്സിനെ തലവരമാറ്റിയെഴുതിയത് സലാഹ് ഒരാൾമാത്രമായിരുന്നു. ഇതുവരെയായി ഒമ്പതു സീസണിലായി രണ്ട് ലീഗ് കിരീടങ്ങളും ക്ലബ് ലോകകപ്പും ഉൾപ്പെടെ നിരവധി വിജയങ്ങളും ലിവർപൂളിന് സമ്മാനിച്ചു.

സൗദി പ്രോ ലീഗ് ക്ലബുകൾ സലാഹിനായി വലവിരിക്കുന്നതിനിടെയാണ് ഇംഗ്ലീഷ് ക്ലബിലെ അഭിപ്രായ ഭിന്നത താരം തുറന്നു പറയുന്നത്.

Tags:    
News Summary - We don't have any relationship: Mohamed Salah drops bombshell

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.