മഡ്ഗാവ്: ‘ബി’ ഗ്രൂപ്പിലെ മിസോറം, മഹാരാഷ്ട്ര, പഞ്ചാബ് ടീമുകളുമായി തട്ടിച്ചുനോക്കുമ്പോൾ അത്ര കരുത്തരല്ല റെയിൽവേ. സന്തോഷ് േട്രാഫി ഫുട്ബാളിൽ ബുധനാഴ്ച വൈകുന്നരം ബംബോലിം ജി.എം.സി സ്റ്റേഡിയത്തിൽ ആദ്യ മത്സരത്തിനിറങ്ങുന്ന കേരളത്തിന് ഒരേസമയം ആശ്വാസവും ആത്മവിശ്വാസവും നൽകുന്ന ഘടകവും ഇത് തന്നെ. ഇന്ന് ജയത്തോടെ തുടങ്ങിയാൽ തുടർന്നങ്ങോട്ട് കാര്യങ്ങൾ വരുതിയിലാക്കാമെന്നാണ് പ്രതീക്ഷ. ആദ്യ സ്ഥാനങ്ങളിലെത്തുന്ന രണ്ട് ടീമിനാണ് സെമിഫൈനൽ പ്രവേശനമെന്നിരിക്കെ പ്രഥമ മത്സരത്തിൽ തോറ്റ റെയിൽവേസിനും ഇത് മരണക്കളിയാണ്. ആദ്യ കളികൾ ജയിച്ച പഞ്ചാബും മിസോറമും ബുധനാഴ്ച ഏറ്റുമുട്ടുന്നുണ്ട്.
ഐസ് ബാത്തും അസ്സോൽനയിലെ പരിശീലനവും ഓൾഡ് മാർക്കറ്റിലെ ന്യൂ അവന്യൂ ഹോട്ടലിലാണ് കേരള താരങ്ങളുടെ താമസം. രാവിലെ 7.15ഓടെ പരിശീലനത്തിനായി 14 കിലോമീറ്റർ അകലെയുള്ള അസ്സോൽനയിലെ മൈതാനത്തേക്ക്. ഒരു മണിക്കൂർ കഠിനപരിശീലനം. രണ്ട് ടീമുകളായി തിരിഞ്ഞ് കളിച്ചു. മുഖ്യപരിശീലകൻ വി.പി. ഷാജിയും സഹായികളായ ഫിറോസ് ശരീഫും മിൽട്ടണും തന്ത്രങ്ങൾ പറഞ്ഞുകൊടുത്തു. ശേഷം ടീം ഹോട്ടലിലേക്ക് മടങ്ങി. പേശീപ്രശ്നങ്ങൾ മാറ്റാൻ പ്രാതലിന് ശേഷം ഫിസിയോ അഷ്കറിെൻറ നേതൃത്വത്തിൽ ഐസ് ബാത്ത്. ഡ്രമ്മിൽ ഐസ് കട്ടകളിട്ടായിരുന്നു കുളി. വൈകുന്നേരം വിശ്രമത്തിലായിരുന്നു താരങ്ങൾ.തലേദിവസം റെയിൽവേസിെൻറ മത്സരം കേരള താരങ്ങൾ കണ്ടിരുന്നു. അവരുടെ മികവും പോരായ്മയും മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞയാഴ്ച തന്നെ ടീം ഗോവയിലെത്തി. നിരന്തര പരിശീലനം താരങ്ങൾക്ക് നൽകിയ ശാരീരികവും മാനസികവുമായ കരുത്ത് ചെറുതല്ല. ഗ്രൂപ് എയിലെ പ്രമുഖരും നിലവിലെ ചാമ്പ്യന്മാരുമായ സർവിസസുമായി പരിശീലന മത്സരവും കളിച്ചു. 75 മിനിറ്റ് മത്സരത്തിൽ അവരെ ഗോൾരഹിത സമനിലയിൽ തളക്കാനുമായി.
ആക്രമണം തന്നെ മരുന്ന് ക്യാപ്റ്റൻ പി. ഉസ്മാൻ കേരളത്തിെൻറ ആക്രമണം നയിക്കും. യോഗ്യത റൗണ്ടിലെ രണ്ട് മത്സരങ്ങളിൽ നിന്നായി മൂന്ന് ഗോൾ നേടിയ ഉസ്മാെൻറ ബൂട്ടിൽ ഒരുപിടി പ്രതീക്ഷകളർപ്പിക്കുന്നുണ്ട് ടീം. കെ.എസ്.ഇ.ബി താരങ്ങളായ ജോബി ജസ്റ്റിനും എൽദോസ് ജോർജും മുന്നേറ്റ നിരയിൽ ഫോമിലേക്കുയർന്നാൽ എതിരാളികൾക്ക് ഷോക്കാവും. അണ്ടർ 21 താരങ്ങളായ ജിഷ്ണു ബാലകൃഷ്ണനും അസ്ഹറുദ്ദീനും അറ്റാക്കിങ് മിഡ്ഫീൽഡർമാരാണ്. പിന്തുണ നൽകാൻ ജിപ്സൻ ജസ്റ്റിൻ, ജിജോ ജോസഫ്, സീസൺ, സഹൽ അബ്ദുസ്സമദ് തുടങ്ങിയവരുമുണ്ട്.
ആദ്യമായി സന്തോഷ് േട്രാഫി കളിക്കുന്ന വെറ്ററൻ താരം നൗഷാദ് ബാപ്പുവിെൻറ പരിചയസമ്പത്താണ് പ്രതിരോധ നിരയിലെ പ്രധാന കരുത്ത്. ഷെറിൻ സാം, ലിജോ, രാഹുൽ രാജ് ഉൾപ്പെടെ എതിരാളികളുടെ ഗോൾശ്രമങ്ങളെ ചെറുക്കാൻ പ്രാപ്തരായ സംഘവുമുണ്ട്. ഗോൾവല മിഥുൻ കാക്കാനാണ് സാധ്യത. റെയിൽവേസിെൻറ ഷബാസ് പത്താൻ, രാജേഷ് സൂസനായകം തുടങ്ങിയവർ അപകടകാരികളാണ്. മലയാളിയായ രാജേഷാണ് കഴിഞ്ഞ കളിയിൽ പഞ്ചാബിനെതിരെ സ്കോർ ചെയ്തത്.
ബി ഗ്രൂപ്പിൽ കട്ടക്ക് കട്ട ഗ്രൂപ് ബിയിൽ കേരളമൊഴികെ നാല് ടീമുകളും ഓരോ മത്സരം കളിച്ചു. മഹാരാഷ്ട്രയെ ഒന്നിനെതിരെ മൂന്ന് ഗോളിന് തോൽപിച്ച മിസോറം ആണ് സെമി ഫൈനൽ ബെർത്ത് തേടി മുൻനിരയിലുള്ളത്. റെയിൽവേസിനെ 1-2ന് വീഴ്ത്തിയ പഞ്ചാബും വിലപ്പെട്ട മൂന്ന് പോയൻറ് കൈക്കലാക്കിക്കഴിഞ്ഞു. ഇന്നു കൂടി തോറ്റാൽ റെയിൽവേസിന് പുറത്തേക്ക് വഴി എളുപ്പമാവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.