രാവുറങ്ങാത്ത നഗരം എന്ന വിശേഷണം അക്ഷരാർഥത്തിൽ പൂർണതയിലെത്തിനിൽക്കുന്നു. ആദ്യമായി ലോകകപ്പിെൻറ ക്വാർട്ടറിൽ എത്തിയപ്പോഴേ റഷ്യ ലോകകപ്പ് നേടിയ പ്രതീതിയായി. നിർത്താതെ ഹോണടിച്ചും ദേശീയപതാക വീശിയും പോകുന്ന വാഹനങ്ങൾ. പ്രായഭേദമന്യേ എല്ലാവരും ദേശഭക്തിഗാനവും നാടൻപാട്ടുകളും ഉറക്കെ ആലപിക്കുന്നു. ആരും ആഹ്ലാദപ്രകടനത്തിൽനിന്നു മാറിനിൽക്കുന്നില്ല.
ലോകത്തിെൻറ പരിച്ഛേദമാണ് ഇവിടത്തെ തെരുവുകൾ. ലോകത്തിലെ എല്ലാ രാജ്യക്കാരും ഒരുവട്ടമെങ്കിലും ഈ തെരുവിലൂടെ അലഞ്ഞ് നടന്നിട്ടുണ്ടാവും. റഷ്യൻ ഫുട്ബാളിെൻറ ചരിത്രം വിശദീകരിക്കുന്ന ചിത്ര പ്രദർശനം ഈ തെരുവിെൻറ ഒരറ്റത്ത് സജ്ജീകരിച്ചിട്ടുണ്ട്. നൂറ്റാണ്ടിെൻറ ആരംഭകാലം മുതലുള്ള മികച്ച കളിക്കാരെയും പ്രധാന ടൂർണമെൻറുകളെയും കളിക്കളങ്ങളെയും പരിചയപ്പെടാൻ ഈ ചിത്ര ഗാലറി വളരെ ഉപകാരപ്രദം. ന്യൂ അർബാത്ത്, ഓൾഡ് അർബാത്ത് എന്നിങ്ങനെ രണ്ട് തെരുവുകളിലായി സംഗീതവും വായനയും ഭക്ഷണവുമൊക്കെയായി ഒരു നല്ല കറക്കം.
നാട്ടിൽ നൂറു മീറ്റർപോലും നടക്കാത്തവർ ഇവിടെ ചുരുങ്ങിയത് മൂന്നു കിലോ മീറ്ററെങ്കിലും നടക്കും. ഇത്തരമൊരു നടത്തത്തിനിടയിലാണ് കഴിഞ്ഞദിവസം ഇവിടെയെത്തിയ കോഴിക്കോട്ടെ പ്രമുഖ വൃക്കരോഗ വിദഗ്ധനും ഇപ്പോൾ അബൂദബിയിൽ സേവനം ചെയ്യുകയും ചെയ്യുന്ന ഡോക്ടർ സുരേഷ് ബാബു, തെൻറ പഴയ ഡിപ്പാർട്മെൻറ് മേധാവിയും ലോക പ്രശസ്തമായ ജോൺ ഹോപ്കിൻസ് സ്ഥാപനത്തിലെ അമേരിക്കക്കാരിയുമായ നെല്ലി ബോമയെ കണ്ടുമുട്ടുന്നത്. അപ്രതീക്ഷിതമായ ഈ കൂടിക്കാഴ്ച ആദ്യം രണ്ടുപേരിലും തെല്ല് അമ്പരപ്പുണ്ടാക്കി. കാരണം, ഹോസ്പിറ്റലിന് അകത്തെ കർക്കശക്കാരിയായ വകുപ്പ് മേധാവി തികച്ചും അടിപൊളി വേഷത്തിൽ റഷ്യയിലെ തെരുവിൽ ഫുട്ബാൾ ആവേശത്തിൽ നടന്നുപോകുന്നത് ബാബു ഡോക്ടറുടെ ഭാവനക്കപ്പുറമായിരുന്നു. തിരിച്ചും അങ്ങനെതന്നെ. വളരെ സാത്വികനായ ബാബു ഡോക്ടറുടെ ഉള്ളിൽ ഇങ്ങനെയൊരു ഫുട്ബാൾ ആരവമുെണ്ടന്നത് അവർക്കും ആശ്ചര്യത്തിന് വകയുള്ളതായിരുന്നു. പഴയ ഹോസ്പിറ്റൽ ഓർമയുടെ ഒരുപാടു ശേഖരങ്ങൾ പുറത്തെടുത്ത രണ്ടുപേരും രസകരമായ പല മുഹൂർത്തങ്ങളും ഓർത്തെടുത്തു.
വൈദ്യശാസ്ത്ര മേഖലയിൽ പ്രമുഖമായ ഒട്ടനവധി പുസ്തകങ്ങളും പ്രബന്ധങ്ങളും രചിച്ച ഡോക്ടർ നെല്ലി ബോമ അമേരിക്കയിലെ ഒട്ടനവധി ആതുരാലയങ്ങളിൽ ജോലിചെയ്തതിനു ശേഷമാണ് അബൂദബിയിൽ എത്തിയത്. അർബാത്തിലെ പ്രശസ്തമായ ഹോട്ടലിൽനിന്ന് ഭക്ഷണത്തിനുശേഷം പുനഃസമാഗമത്തിെൻറ സന്തോഷത്തിൽ ഇരുവരും പിരിഞ്ഞു. ഇങ്ങനെ എത്രയെത്ര സംഗമങ്ങളാണ് ഇൗ മണ്ണിൽ ഇപ്പോൾ വിരിയുന്നത്.
കുളിരു പകരുന്ന കാഴ്ചയുമായി മടങ്ങുന്നതിനിടെയാണ് ‘ചയ്യ ചയ്യ ചയ്യ...’ എന്ന ബോളിവുഡ് സിനിമാഗാനത്തിനുസരിച്ച് ഒരു ജാലവിദ്യക്കാരൻ മാസ്മരിക പ്രകടനവുമായി തെരുവിലെ കാണികളെ കൈയിലെടുക്കുന്നതു കാണുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.