ലണ്ടൻ: ഇംഗ്ലീഷ് ഫുട്ബാളിനെ നാണക്കേടിലാക്കി വീണ്ടും കാണികളുടെ വംശീയാധിക്ഷേപം. പ്രീമിയർ ലീഗിൽ ചെൽസിയും ടോട്ടൻഹാമും ഏറ്റുമുട്ടിയ മത്സരത്തിനിടയിൽ ചെൽസി പ്രതിരോധ താരം അേൻറാണിയോ റൂഡിഗറിനെതിരെയായിരുന്നു ഗാലറിയിൽനിന്ന് വർണവെറി ഉയർന്നത്.
കളിയുടെ 60ാം മിനിറ്റിലായിരുന്നു നാടകീയ രംഗങ്ങൾ. പന്തുമായി മുന്നേറിയ ടോട്ടൻഹാം താരം ഹ്യൂങ് മിൻ സണിെൻറ മുന്നേറ്റത്തിനിടെ പന്ത് ക്ലിയർ ചെയ്ത റൂഡിഗറിനെ സൺ വീണുകിടന്നിടത്തുനിന്ന് ഫൗൾ ചെയ്തു. ‘വാർ’ പരിശോധനയിൽ മനഃപൂർവമുള്ള ചവിട്ടാണെന്ന് ബോധ്യപ്പെട്ടതോടെ റഫറി നേരിട്ട് ചുവപ്പുകാർഡ് നൽകി കൊറിയൻ താരത്തെ പുറത്താക്കി. തുടർന്നായിരുന്നു ഗാലറിയുടെ ഒരു കോണിൽനിന്ന് കുരങ്ങുവിളികളും ചേഷ്ടകളും ഉയർന്നത്. ജർമൻ താരമായ റൂഡിഗറായിരുന്നു ഇവരുടെ ഉന്നം.
ഗാലറിയിലെ പ്രകടനം അതിരുകടന്നപ്പോൾ ചെൽസി താരം ക്യാപ്റ്റൻ സെസാർ അസ്പിലിക്യൂറ്റ വഴി റഫറി ആൻറണി ടെയ്ലറിനെ വിവരമറിയിച്ചു. തുടർന്ന് കളി നിർത്തിവെച്ച് പൊതു മുന്നറിയിപ്പ് നൽകിയായിരുന്നു മത്സരം തുടർന്നത്. കോച്ചുമാരായ ഫ്രാങ്ക് ലാംപാർഡും ഹൊസെ മൗറീന്യോയും രൂക്ഷവിമർശനവുമായി രംഗത്തെത്തി. ഫുട്ബാളിൽ ഇത്തരം പ്രവണതകൾ അനുവദിക്കരുതെന്നു പറഞ്ഞ ലാംപാർഡ്, അധിക്ഷേപം നടത്തിയ കാണികളെ കണ്ടെത്തി ശിക്ഷാനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
‘‘സമൂഹത്തിലെയും ഫുട്ബാളിലെയും വംശീയതയെ ഞാൻ വെറുക്കുന്നു. ഇത്തരം സംഭവങ്ങൾ വീണ്ടും ആവർത്തിക്കുന്നത് നിരാശപ്പെടുത്തുന്നതാണ്’’ -മൗറീന്യോ പറഞ്ഞു. അതേസമയം, റൂഡിഗറിെൻറ വീഴ്ചയും അഭിനയവും കടന്നുപോയെന്നായിരുന്നു ടോട്ടൻഹാം പരിശീലകെൻറ അഭിപ്രായം. ചുവപ്പുകാർഡിനുള്ള കുറ്റം ഇല്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കളിക്കാരുടെ നിറം നോക്കി കാണികൾ വംശവെറി തുടരുന്നത് യൂറോപ്യൻ ഫുട്ബാളിന് തീരാത്ത തലവേദനയായി തുടരുകയാണ്. ഈ സീസണിൽ തന്നെ ഇംഗ്ലണ്ടിലും ഇറ്റലിയിലുമായി നിരവധി തവണ ഇതാവർത്തിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ടോട്ടൻഹാം അറിയിച്ചു. വംശീയാധിക്ഷേപം ആവർത്തിക്കുന്ന സാഹചര്യത്തിൽ സർക്കാർ ഇടപെടൽ വേണമെന്ന് പ്രഫഷനൽ ഫുട്ബാളേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.