ഗ്വാര്‍ഡി ഇന്ന് ബാഴ്സലോണയില്‍

ബാഴ്സലോണ: ഫുട്ബാളില്‍ മാത്രം കാണാവുന്ന മധുരമായ കാഴ്ചയെ വരവേല്‍ക്കുകയാണ് നൂകാംപ് കളിമുറ്റം. സ്നേഹവും ആദരവും നല്‍കി നാലു വര്‍ഷം മുമ്പ് യാത്രയാക്കിയ പ്രിയ പരിശീലകന്‍ മറ്റൊരു സംഘത്തിന്‍െറ പടത്തലവനായി വരുമ്പോള്‍ എങ്ങനെയാവും കറ്റാലന്‍ ആരാധകര്‍ വരവേല്‍ക്കുക. സൂപ്പര്‍താരങ്ങളായ കളിക്കാരേക്കാള്‍ പരിശീലകന്‍ താരമാവുന്ന സൂപ്പര്‍ പോരാട്ടത്തിന് ഇന്ന് നൂകാംപിലെ പച്ചപ്പുല്‍മൈതാനം സാക്ഷിയാവും. യുവേഫ ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ് ‘സി’യില്‍ ബാഴ്സലോണയും മാഞ്ചസ്റ്റര്‍ സിറ്റിയും മാറ്റുരക്കുമ്പോള്‍ ആരാധകശ്രദ്ധ കവരുന്നത് സിറ്റിയുടെ സ്റ്റാര്‍ കോച്ച് പെപ് ഗ്വാര്‍ഡിയോള തന്നെ.

2008 മുതല്‍ 2012 വരെ ബാഴ്സക്ക് നല്ലകാലം സമ്മാനിച്ച ഗ്വാര്‍ഡിയോള, ജര്‍മന്‍ ക്ളബ് ബയേണ്‍ മ്യൂണികിനെ മൂന്നുവര്‍ഷം പരിശീലിപ്പിച്ചാണ് ഇംഗ്ളീഷ് ക്ളബ് മാഞ്ചസ്റ്റര്‍ സിറ്റിയിലത്തെിയത്. ഗ്വാര്‍ഡി മെരുക്കിയെടുത്ത അതേ ഫുട്ബാളുമായാണ് ഇന്നും ബാഴ്സയുടെ ജൈത്രയാത്ര. അണിയറയിലെ തന്ത്രങ്ങളെല്ലാമറിയുന്നയാളാണ് എതിരാളികളുടെ പരിശീലകനെന്ന ചിന്ത ബാഴ്സക്കും കോച്ച് ലൂയി എന്‍റിക്വെും തലവേദനയുമാവും. എങ്കിലും, ലയണല്‍ മെസ്സി, ലൂയി സുവാരസ്, നെയ്മര്‍ ത്രിമൂര്‍ത്തികളുടെ പ്രതിഭയെ വെല്ലാനൊന്നും ഗ്വാര്‍ഡിയുടെ കൈയില്‍ ആയുധങ്ങളില്ളെന്നത് യാഥാര്‍ഥ്യം. പരിക്കു മാറി കഴിഞ്ഞ മത്സരത്തിലിറങ്ങിയ മെസ്സി ഗോളടിച്ച് വരവറിയിക്കുകയും ചെയ്തു.

ബാഴ്സയുടെ ശക്തിദുര്‍ഗമറിയുന്ന ഗ്വാര്‍ഡി, പക്ഷേ, ജയിക്കാന്‍ മാത്രമാണ് നൂകാംപിലത്തെിയതെന്ന് വ്യക്തമാക്കുന്നു. ‘ഞങ്ങള്‍ക്ക് ജയിക്കണം. സമനിലയെക്കുറിച്ചൊന്നും ആലോചിക്കുന്നില്ല’ - ഗ്വാര്‍ഡി പറയുന്നു.

ഗ്രൂപ്പില്‍ രണ്ട് കളി കഴിഞ്ഞാണ് ബാഴ്സയും സിറ്റിയും ഇറങ്ങുന്നത്. സെല്‍റ്റിക്കിനെയും (7-0), ബൊറൂസ്യ മൊന്‍ഷന്‍ഗ്ളാഡ്ബാഹിനെയും (2-1) ബാഴ്സലോണ തോല്‍പിച്ചപ്പോള്‍, സിറ്റി ആദ്യ മത്സരത്തില്‍ ബൊറൂസ്യയെ 4-0ത്തിന് വീഴ്ത്തി. സെല്‍റ്റിക്കിനോട് തോറ്റ സിറ്റിക്ക് ബാഴ്സക്ക് മുകളില്‍ കയറാന്‍ ഇന്ന് ജയം അനിവാര്യം. ഗ്രൂപ് ‘ഡി’യില്‍ ഇന്ന് അത്ലറ്റികോ മഡ്രിഡ് റഷ്യന്‍ ക്ളബ് റോസ്തോവിനെയും, ബയേണ്‍ മ്യൂണിക്  പി.എസ്.വിയെയും നേരിടും. ‘എ’യില്‍ ആഴ്സനല്‍ ബള്‍ഗേറിയയുടെ ലുഡ്ഗോറെറ്റ്സിനെയും, പി.എസ്.ജി എഫ്.സി ബാസലിനെയും നേരിടും.

Tags:    
News Summary - pep guardi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.