കൊച്ചി: ലാ ലിഗ വേൾഡ് പ്രീസീസൺ ടൂർണമെൻറിനായി സ്പാനിഷ് ക്ലബ് ജിറോണ എഫ്.സി വ്യാഴാഴ്ചയെത്തും. പുലർച്ചെ മൂന്നോടെ ടീം നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങും. ടൂർണമെൻറിലെ ഏറ്റവും ശക്തരായ ടീമെന്ന വിശേഷണവുമായാണ് വൈറ്റ്സ് ആൻഡ് റെഡ്സ് എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ജിറോണ കൊച്ചിയിലെത്തുന്നത്. ലാ ലിഗയിൽ കളിച്ച ഒരു ടീം ഇന്ത്യയിലെത്തുന്നതും ആദ്യമാണ്.
1930ൽ സ്ഥാപിതമായതാണ് ക്ലബ്. 88 വർഷത്തെ കളിചരിത്രത്തിൽ കഴിഞ്ഞവർഷമാണ് സ്പാനിഷ് ടോപ് ഡിവിഷനിലേക്ക് ഉയർത്തപ്പെട്ടത്. മികച്ച പ്രകടനംകൊണ്ട് വരവറിയിച്ച ജിറോണ കഴിഞ്ഞ സീസണിൽ ചാമ്പ്യൻസ് ലീഗ് ജേതാക്കൾകൂടിയായ സിനദിൻ സിദാെൻറ റയൽ മഡ്രിഡിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ഫുട്ബാൾ ലോകത്തെ ഞെട്ടിച്ചത്. ടോപ് ഡിവിഷനിലേക്കുള്ള വരവ് ആഘോഷിച്ച ജിറോണ പത്താം സ്ഥാനക്കാരായാണ് ലാ ലിഗ സീസൺ അവസാനിപ്പിച്ചത്.
ഉറുഗ്വായ് സ്ട്രൈക്കർ ക്രിസ്റ്റ്യൻ സ്റ്റുവാനിയും ഡിഫൻഡർ കൊളംബിയൻ താരം ജൊഹാൻ മൊജിക്കും ഇല്ലാതെയാണ് വരുന്നത്. റഷ്യൻ ലോകകപ്പിൽ കളിച്ച ഇരുവർക്കും വിശ്രമം അനുവദിച്ചിരിക്കുകയാണ്. മുൻ ബാഴ്സലോണ താരം മാർക്ക് മുനിയേസ, മൊറോക്കോ ലോകകപ്പ് സ്ക്വാഡിലുണ്ടായിരുന്ന ഗോൾകീപ്പർ യാസിൻ ബൗനൗ, കൊളംബിയൻ താരം ബെർനാർഡോ ജോസ് എസിനോസ, ഹോണ്ടുറസ് സ്ട്രൈക്കർ ആൻറണി ലൊസാനോ ഉൾപ്പെടെ താരങ്ങളുമായാണ് എത്തുന്നത്. വെള്ളിയാഴ്ച മെൽബൺ സിറ്റിക്കെതിരെയാണ് ജിറോണയുടെ ആദ്യ മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.