വൃദ്ധസദനവും കറിവേപ്പിലയും; അങ്കത്തിന് വീര്യമേറും
കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് നാലാം സീസണിന് കൊടിയേറുന്നതിന് മാസങ്ങൾക്കുമുമ്പേ തുടങ്ങിയതാണ് കേരള ബ്ലാസ്റ്റേഴ്സും ജംഷഡ്പുർ എഫ്.സിയും തമ്മിലുള്ള പോരാട്ടം. ആരാധക ബാഹുല്യത്തിന് പേരുകേട്ട ബ്ലാസ്റ്റേഴ്സും ലീഗിലെ കന്നിക്കാരായ ജംഷഡ്പുർ ആരാധകരും സമൂഹമാധ്യമങ്ങളിലാണ് കൊമ്പുകോർത്തത്. വെർച്വൽ സ്പേസിൽ ആരാധകർ തുടക്കമിട്ട അങ്കത്തിെൻറ പുൽമൈതാന കാഴ്ചക്കാണ് വെള്ളിയാഴ്ച കൊച്ചി അന്താരാഷ്ട്ര സ്റ്റേഡിയം വേദിയാവുക. രാത്രി എട്ടിനാണ് മത്സരം.
ബ്ലാസ്റ്റേഴ്സിനൊപ്പം കഴിഞ്ഞ സീസണിലുണ്ടായിരുന്ന കോച്ചും താരങ്ങളുമായി വന്ന ജംഷഡ്പുർ ടീമിനെ ബ്ലാസ്റ്റേഴ്സിെൻറ കറിവേപ്പിലയെന്ന് വിശേഷിപ്പിച്ചത് ആരാധക കൂട്ടമായ മഞ്ഞപ്പടയായിരുന്നു. കോച്ച് സ്റ്റീവ് കോപ്പൽ, അസി. കോച്ച് ഇഷ്ഫാഖ് അഹമ്മദ്, താരങ്ങളായ ബെൽഫോർട്ട്, അനസ് എടത്തൊടിക എന്നിവരെ ഉദ്ദേശിച്ചായിരുന്നു പരാമർശം. തുടർന്ന് നിനച്ചിരിക്കാത്ത അവസരത്തിൽ ജംഷഡ്പുർ ആരാധകർ പ്രത്യാക്രമണം നടത്തി. ബ്ലാസ്റ്റേഴ്സിെൻറ വിക്കിപീഡിയ പേജിൽ നിക്നെയിമായി അവർ ചേർത്തത് വൃദ്ധസദനമെന്നായിരുന്നു. 30 വയസ്സ് പിന്നിട്ട മാഞ്ചസ്റ്റർ യുനൈറ്റഡിെൻറ ഇതിഹാസ താരം ദിമിദർ ബെർബറ്റോവ്, വെസ് ബ്രൗൺ, പോൾ റബൂച്ക, ഇയാൻ ഹ്യൂം ഉൾപ്പെടെ വിദേശ താരങ്ങളെ ഉദ്ദേശിച്ചായിരുന്നു വൃദ്ധസദനമെന്ന പേര് നൽകിയത്.
ക്ലീൻ ഷീറ്റ് തന്ത്രമാണ് ബ്ലാസ്റ്റേഴ്സ് ഇത്തവണ പയറ്റുന്നത്. മാഞ്ചസ്റ്റർ ശൈലിയായിരിക്കും ടീം പിന്തുടരുകയെന്ന് കോച്ച് റെനെ മ്യുലൻസ്റ്റീൻ വ്യക്തമാക്കിയിരുന്നു. പക്ഷേ, ഗോൾ നേടുന്നതിനോ നല്ല മുന്നേറ്റങ്ങൾ നടത്തുന്നതിനോ ആദ്യ മത്സരത്തിൽ ടീമിന് സാധിച്ചില്ലെന്ന പോരായ്മ നിലനിൽക്കുന്നു. ബെർബറ്റോവും ഹ്യൂമും വിനീതുമൊക്കെ നിറംമങ്ങിയപ്പോൾ വിമർശന ശരങ്ങളേറ്റു ടീമിലെത്തിയ വിദേശ ഗോൾകീപ്പർ റബുച്ക മാത്രമാണ് മികച്ച പ്രകടനം കാഴ്ചവെച്ചത്.
ഇന്ത്യൻ ടീമിലേക്ക് താരങ്ങളെ ഉൽപാദിപ്പിക്കുന്ന ടാറ്റ ഫുട്ബാൾ അക്കാദമിയുടെ താരങ്ങളുമായാണ് ജംഷഡ്പുർ എഫ്.സി ഐ.എസ്.എല്ലിലേക്ക് കാലൂന്നുന്നത്. മാഞ്ചസ്റ്റർ കുപ്പായത്തിൽ മുന്നൂറിലധികം മത്സരങ്ങൾ കളിച്ച കോപ്പലാണ് ടീമിനെ അണിയിച്ചൊരുക്കിയിരിക്കുന്നത്. കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിനെ ഫൈനൽവരെയെത്തിച്ച തന്ത്രം പിറന്നത് കോപ്പലിെൻറ ബുദ്ധിയിലായിരുന്നു. ബ്ലാസ്റ്റേഴ്സിെൻറ ശേഷിയെ അളന്നുമുറിച്ച് വിശകലനം ചെയ്തായിരിക്കും കോപ്പലാശാെൻറ ശിഷ്യന്മാരുടെ വരവ്. ഉരുക്കുകോട്ടയെ തകർക്കുന്നതിൽ കേരളത്തിെൻറ കൊമ്പന്മാർ എത്രത്തോളം വിജയിക്കുമെന്നാണ് ഇനി അറിയേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.