മോസ്കോ: സ്ട്രൈക്കർമാർ വാഴ്ത്തപ്പെട്ടവരാകുന്ന കളിമുറ്റത്ത് വലകാത്ത് ലോകം ജയിച്ച മൂന്നു ഗോൾ കീപ്പർമാരുടെ ദിനമായിരുന്നു ഞായറാഴ്ച. റഷ്യയിൽ ലോക മാമാങ്കത്തിന് പന്തുരുളും മുമ്പ് കളിയെഴുത്തുകാരുടെ ഒൗദാര്യത്തിന് കാത്തുനിന്നിട്ടും വലിയ ഗോളിമാരുടെ പട്ടികയിൽ ഇടംകിട്ടാതെപോയവർ. പക്ഷേ, നോക്കൗട്ടിെൻറ ഉദ്വേഗവും ഒരു രാജ്യത്തിെൻറ ആകാശംമുെട്ടയുള്ള പ്രതീക്ഷകളും കൈകളിൽ ആവാഹിച്ച് ഗോൾവലക്കു മുന്നിൽ നടത്തിയ തകർപ്പൻ സേവുകൾ ഒറ്റനാൾകൊണ്ട് അവരെ രാജ്യത്തിെൻറ ഹീറോകളാക്കി മാറ്റിയിരിക്കുന്നു.
അകിൻഫീവ് (റഷ്യ)
90 മിനിറ്റും പിന്നീട് അധിക സമയത്തും മനോഹര പാസുകളുമായി കളിനയിച്ച സ്പാനിഷ് അർമഡക്കെതിരെ കോട്ടകെട്ടിയ റഷ്യൻ പ്രതിരോധം അർഹിച്ച സമ്മാനമെന്നോണമായിരുന്നു ഷൂട്ടൗട്ടിൽ ഗോളി ഇഗോർ അകിൻഫീവിെൻറ രക്ഷാദൗത്യം. പലവട്ടം പരീക്ഷിക്കപ്പെട്ടിട്ടും വീഴാത്ത നായകെൻറ അക്ഷയമായ ആവേശത്തോടെ ക്രോസ്ബാറിനു താഴെ നിലയുറപ്പിച്ച റഷ്യൻ ഗോളി ഷൂട്ടൗട്ടിൽ നേരിട്ട നാലു പെനാൽറ്റി സ്പോട്ടുകളിൽ രണ്ടും തടുത്തിട്ടു, അതും ലോകത്തെ ഏറ്റവും താരമൂല്യമുള്ള വമ്പൻമാരുടെ. മറുവശത്ത്, സ്പനിഷ് ഗോൾവലക്കു മുന്നിലുണ്ടായിരുന്ന ഡി ഗിയ പെനാൽറ്റി കിക്കുകൾ ഒന്നുപോലും രക്ഷപ്പെടുത്താനാവാതെ കീഴടങ്ങുകയും ചെയ്തു. അകിൻഫീവിെൻറ കരുത്തിൽ കളി ജയിച്ച് റഷ്യ അവസാന എട്ടിലേക്ക് ടിക്കറ്റുറപ്പിച്ച് മൈതാനത്ത് ആഘോഷവുമായി പറന്നുനടക്കുേമ്പാൾ ഇങ്ങ് ഗാലറിയിരുന്ന് സാക്ഷാൽ പീറ്റർ ഷ്മൈക്കൽ പറഞ്ഞത്, നേതാക്കൾക്ക് പ്രതിമകളൊരുക്കുന്ന റഷ്യ ഇനി ആദ്യം പ്രതിമ നിർമിക്കേണ്ടത് അകിൻഫീവിനാണെന്നായിരുന്നു.
32കാരനായ അകിൻഫീവ് കളിയിലും കാര്യത്തിലും 100 ശതമാനം റഷ്യക്കാരനാണ്. 2004 മുതൽ റഷ്യൻ ടീമിനൊപ്പമുണ്ട്. ഇതുവരെ 110 തവണ രാജ്യാന്തര മത്സരങ്ങളിൽ ദേശീയ ടീമിനുവേണ്ടി ഗ്ലൗ അണിഞ്ഞു. 100 ഉം അതിലേറെയും ക്ലീൻഷീറ്റുള്ള പ്രമുഖർക്ക് മാത്രം അംഗത്വമുള്ള ലെവ് യാഷിൻ ക്ലബിൽ എന്നേ അംഗമായവൻ. പട്ടികയിൽ ഏറ്റവും കൂടുതൽ ക്ലീൻഷിറ്റ് എന്ന റെക്കോഡും അകിൻഫീവിെൻറ പേരിൽ. 10 തവണ റഷ്യയുടെ ഏറ്റവും മികച്ച ഗോളി.
റഷ്യൻ പ്രീമിയർ ലീഗിലെ വമ്പൻമാരായ സി.എസ്.കെ.എ മോസ്കോക്കൊപ്പം ആറു തവണ റഷ്യൻ കപ്പിൽ മുത്തമിട്ടു. റഷ്യൻ സൂപ്പർ കപ്പ് ആറു തവണ. 2005ൽ യുവേഫ കപ്പ്. കാൽപന്തിനു പുറത്ത് സംഗീതത്തിൽ സ്വന്തമായി ഇടമുള്ള താരം പോപ് ട്രൂപ് റുകി വെർഖിനൊപ്പം സ്വന്തമായി പാട്ടുകളും ചിട്ടപ്പെടുത്തിയിട്ടുണ്ട്.
സുബാസിച് (ക്രൊയേഷ്യ)
മോഡ്രിച്ചും റാകിടിച്ചും മൻസൂകിചും പടനയിച്ച ക്രൊയേഷ്യൻ ടീം ദിവസങ്ങൾക്കുമുമ്പ് ലാറ്റിൻ അമേരിക്കൻ കരുത്തന്മാരെ ഏകപക്ഷീയമായ കാൽഡസൻ ഗോളുകൾക്ക് കെട്ടുകെട്ടിച്ചപ്പോൾ അവരുടെ ഗോളി ഡാനിയേൽ സുബാസിച് ചിത്രത്തിെലങ്ങുമില്ലായിരുന്നു. പേരുകേട്ട മുന്നേറ്റവും മധ്യനിരയും പക്ഷേ, ഇന്നലെ ഡെൻമാർകിനെതിരെ പതറിയപ്പോൾ സുബാസിച് ഒറ്റക്ക് ഹീറോ ആയി. അതും തുല്യതയില്ലാത്ത പ്രകടനവുമായി മൂന്നു പെനാൽറ്റി കിക്കുകൾ തടുത്തിട്ട്. േലാകകപ്പ് ചരിത്രത്തിൽ മുമ്പ് പോർചുഗൽ ഗോളി റിക്കാർഡോ മാത്രമായിരുന്നു മൂന്നു സേവുകളുമായി റെക്കോഡ് പുസ്തകത്തിൽ സുബാസിച്ചിെൻറ മുൻഗാമി.
ഡെൻമാർകിെൻറ സൂപ്പർതാരങ്ങളായ ക്രിസ്റ്റ്യൻ എറിക്സൺ, നികൊളായ് ജൊർജെൻസൺ, ലസി ഷോണെ എന്നിവരുടെ ഷോട്ടുകളാണ് സുബാസിച് കൈകളിലാക്കിയതെന്നുകൂടി അറിയുേമ്പാഴാണ് താരത്തിെൻറ മഹത്ത്വമേറുന്നത്. കളിജയിച്ച ടീമിെൻറ വാഴ്ത്തുപാട്ടുമായി ഇറങ്ങിയ ക്രൊയേഷ്യൻ പത്രങ്ങൾക്ക് ഇന്നലെ ഒരാൾ മാത്രമായിരുന്നു യഥാർഥ നായകൻ. ഇതേ പ്രകടനം ആവർത്തിച്ചാൽ, 1998ൽ ലോകകപ്പ് സെമിയിലെത്തിയ റെക്കോഡ് മറികടക്കാനാവുമെന്നുവരെ മാധ്യമങ്ങൾ എഴുതി. 33കാരനായ സുബാസിച് 2009 മുതൽ ക്രൊയേഷ്യൻ ടീമിെൻറ ഗോളിയായുണ്ട്. പ്രാദേശിക ടീമുകൾക്ക് കുപ്പായമണിഞ്ഞതിനൊടുവിൽ 2012 മുതൽ മോണകോയുടെയും ഗോളിയാണ്.
കാസ്പർ ഷ്മൈക്കൽ (ഡെൻമാർക്)
മൂന്നുവട്ടം പെനാൽറ്റി കിക്കുകൾ ഇന്നലെ ഷ്മൈക്കലും തടുത്തിട്ടതാണ്. എന്നിട്ടും അത്രയും സേവുകളുമായി എതിർ ടീം അവസാന എട്ടിലെത്തുകയും സ്വന്തം ടീം പുറത്താവുകയും ചെയ്ത ദുരന്തത്തിലെ നായകനാണ് ഡെന്മാർക് ഗോൾകീപ്പർ കാസ്പർ ഷ്മൈക്കൽ. ലോകം ആദരത്തോടെ ഒാർക്കുന്ന പീറ്റർ ഷ്മൈക്കലിെൻറ ലക്ഷണമൊത്ത പുത്രൻ. ലോകകപ്പിൽ രണ്ടാം കളിയിലെത്തുേമ്പാഴേക്ക് പിതാവ് കുറിച്ച റെക്കോഡ് സ്വന്തംപേരിൽ മാറ്റിയെഴുതിയവൻ.
ഇന്നലെ അധിക സമയത്തേക്കു നീണ്ട രണ്ടാം പ്രീക്വാർട്ടറിെൻറ അവസാന നിമിഷങ്ങളിൽ ഗോളെന്നുറച്ച മുന്നേറ്റവുമായി എത്തിയ ക്രൊയേഷ്യൻ താരം റെബിചിനെ പെനാൽറ്റി ബോക്സിൽ വീഴ്ത്തിയതിന് റഫറി പെനാൽറ്റിക്ക് വിസിൽ മുഴക്കുന്നു. കിക്കെടുക്കുന്നത് റയലിെൻറ സൂപ്പർതാരം ലുക മോഡ്രിച്. ക്വാർട്ടർ ഉറപ്പിച്ച് ക്രൊയേഷ്യ ആഘോഷം തുടങ്ങിയ മുഹൂർത്തത്തിൽ കിക്ക് അനായാസം തടുത്തിട്ട് ഷ്മൈക്കൽ ഡെന്മാർകിന് വീണ്ടും ജീവൻ നൽകി. മിനിറ്റുകൾ കഴിഞ്ഞ് ഷൂട്ടൗട്ടിലേക്ക് നീങ്ങിയ കളി ഗോളികൾ തീരുമാനിക്കുമെന്നായപ്പോൾ ഒരു പണത്തൂക്കം ഷ്മൈക്കലിനായിരുന്നു മുൻതൂക്കം. പക്ഷേ, ഷൂട്ടൗട്ടിൽ രണ്ടെണ്ണമേ ഷ്മൈക്കലിന് തടുക്കാനായുള്ളൂ. മൂന്നെണ്ണം അദ്ദേഹത്തെ കടന്നുപോയി. അതോടെ, ടീം പുറത്തും.
31കാരനായ ഷ്മൈക്കൽ 2013 മുതൽ ദേശീയ ടീമിനൊപ്പമുണ്ട്. അതിനും മുമ്പ് 2011 മുതൽ പ്രീമിയർ ലീഗ് മുൻചാമ്പ്യന്മാരായ ലെസ്റ്റർ സിറ്റിക്കൊപ്പവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.