പാരിസ്: ഫുട്ബാൾ ലോകം ആഗ്രഹിക്കാത്ത ആ വാർത്തയെത്തി. അർജൻറീന ഫുട്ബാളർ എമിലിയാനോ സാല ഇനിയില്ല. ഫ്രാൻസിലെ നാൻറസിൽനിന്ന് ഇംഗ്ലണ്ടിലെ കാഡിഫിലേക്കുള്ള യാത്രക്കിടെ സാല സഞ്ചരിച്ച വിമാനത്തിെൻറ അവശിഷ്ടങ്ങൾ കടലിനടിയിൽനിന്നു കണ്ടെത്തി. രണ്ടാഴ്ച നീണ്ടുനിന്ന മാരത്തൺ തിരച്ചിലിനൊടുവിലാണ് സാല സഞ്ചരിച്ച ഒറ്റ എൻജിൻ ചെറുവിമാനം കണ്ടെത്തിയത്. വിമാനത്തിനുള്ളിൽ ഒരു മൃതദേഹമുള്ളതായി കാമറ ദൃശ്യങ്ങളിൽ വ്യക്തമാണെന്ന് അന്വേഷണ സംഘം അറിയിച്ചു.
സാലയും ഫ്രഞ്ച് വൈമാനികൻ ഡേവിഡ് ഇബ്ബോട്സണുമാണ് വിമാനത്തിലുണ്ടായിരുന്നത്. ബ്ലൂ വാട്ടർ റിക്കവറീസ് എന്ന സ്വകാര്യ കമ്പനി നടത്തിയ തിരച്ചിലിലാണ് കടലിൽ 63 മീറ്റർ താഴ്ചയിൽ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. സാലയുടെയും വൈമാനികെൻറയും കുടുംബത്തോടും പൊലീസിനോടും ചർച്ച ചെയ്ത് അടുത്ത നടപടികൾ സ്വീകരിക്കുമെന്ന് കമ്പനി അറിയിച്ചു. ജനുവരി 21ന് രാത്രിയോടെയാണ് പുതുതായി ഒപ്പുവെച്ച ക്ലബ് കാഡിഫ് സിറ്റിയിൽ ചേരാനായി സാല സ്വകാര്യ വിമാനത്തിൽ യാത്രപുറപ്പെട്ടത്.
നാൻറസിൽ നിന്നു പറന്നുയർന്ന് മണിക്കൂറുകൾക്കകം വിമാനം ഇംഗ്ലീഷ് ചാനൽ കടലിനു മുകളിൽ വെച്ച് റഡാറിൽനിന്നു അപ്രത്യക്ഷമായി. വിമാനത്തിെൻറ നിയന്ത്രണം നഷ്മായെന്നും അപകടഭീതിയിലാണെന്നുമുള്ള സാലയുടെ വാട്സ്ആപ് സന്ദേശങ്ങൾ കുടുംബത്തിന് ലഭിച്ചിരുന്നു. ഫ്രഞ്ച് രക്ഷാസേനയും മറ്റും ചേർന്ന് മൂന്നുദിവസം ഇംഗ്ലീഷ് ചാനലിൽ തിരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. വിമാനത്തിലുണ്ടായിരുന്നവരെ ജീവനോടെ കണ്ടെത്താനുള്ള സാധ്യത വിദൂരമാണെന്ന് കാണിച്ച് ജനുവരി 24ന് തിരച്ചിൽ അവസാനിപ്പിച്ചു.
ഇതിനെതിരെ സാലയുടെ കുടുംബവും ഫുട്ബാൾ ലോകവും ഒരുപോലെ പ്രതിഷേധവുമായി രംഗത്തുവന്നു. സാലയുടെ സഹോദരി ഒാൺലൈനിലൂടെ നടത്തിയ അഭ്യർഥനയെ തുടർന്ന് ശേഖരിച്ച പണം ഉപയോഗിച്ചാണ് തിരച്ചിൽ പുനരാരംഭിച്ചത്. ഫ്രഞ്ച് ഫുട്ബാൾ താരം കെയ്ലിയൻ എംബാപെയടക്കമുള്ളവരുടെ സഹായത്തോടെ 4,23,000 യു.എസ് േഡാളറാണ് സമാഹരിച്ചത്. ഇൗ ദൗത്യത്തിനൊടുവിലാണ് വേദനിപ്പിക്കുന്ന വാർത്ത ആരാധകരെയും കുടുംബത്തെയും തേടിയെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.