ബാഴ്സലോണ: നൂകാംപിൽ കാത്തിരുന്ന അദ്ഭുതം ആവർത്തിച്ചില്ല. ഹോം ഗ്രൗണ്ടിൽ ആരെയും മറികടക്കാൻ ശേഷിയുള്ളവരെന്ന ബാഴ്സലോണയുടെ അഹങ്കാരം ഇറ്റാലിയൻ പ്രതിരോധ നിരയിൽതട്ടി വീണുടഞ്ഞു. ആദ്യ പാദത്തിൽ 3-0ന് യുവൻറസിനോട് തോറ്റ ബാഴ്സലോണക്ക് നൂകാംപിലെ സ്വന്തം തട്ടകത്തിൽ ഗോൾരഹിത സമനിലയിലായതോടെ സെമിഫൈനൽ കാണാതെ കറ്റാലൻ പട പുറത്ത്. ബാഴ്സലോണയെ പുറത്താക്കിയതോടെ 2015ൽ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ തോൽപിച്ചതിന് യുവൻറസ് മധുരപ്രതികാരം തീർത്തു.
തുടക്കം ആവേശത്തോടെ
പി.എസ്.ജിക്കെതിരെ 4-0ന് തോറ്റ ബാഴ്സലോണ, ഫുട്ബാൾ ലോകത്തെ ഒന്നടങ്കം അദ്ഭുതപ്പെടുത്തി 6-1ന് തിരിച്ചുവന്ന ‘കഥ’യും പ്രതീക്ഷിച്ചായിരുന്നു ആർപ്പുവിളികളുമായി ആരാധകർ സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞത്. സ്റ്റേഡിയം കവിഞ്ഞൊഴുകിയ കാറ്റലോണിയൻ സംഗീതത്തോടൊപ്പം വിസിലൂതിത്തുടങ്ങിയതു മുതൽ ബാഴ്സലോണൻ മുന്നേറ്റനിര യുവൻറസിെൻറ പോസ്റ്റിലേക്ക് കുതിച്ചു പാഞ്ഞു. എന്നാൽ, പി.എസ്.ജിയല്ല തങ്ങളെന്ന് കളിക്കു മുേമ്പ യുവൻറ്സ് കോച്ച് മസിമില്യാനോ അലെഗ്രി പറഞ്ഞത് കളത്തിലും കാണാനുണ്ടായിരുന്നു. പ്രതിരോധത്തിൽ ഉൗന്നിക്കളിച്ച പി.എസ്.ജിയുടെ തന്ത്രമായിരുന്നില്ല കോച്ച് കളിക്കാർക്ക് ഒാതിക്കൊടുത്തത്. ബാഴ്സലോണയുടെ ആക്രമണത്തെപ്പോലെ യുവൻറസും തിരിച്ചടിച്ചു. ഒന്നിലധികം നിർണായക അവസരങ്ങളാണ് ആദ്യ പത്തുമിനിറ്റിനിടെതന്നെ ബാഴ്സയോടൊപ്പം യുവൻറസും സൃഷ്ടിച്ചെടുത്തത്. എന്നാൽ, ബാഴ്സയുടെ മുേന്നറ്റത്തിന് യുവൻറസിെൻറ പ്രതിരോധനിരക്ക് അരികിൽ വരെയെത്താനേ കഴിഞ്ഞുള്ളൂ. മുൻ ബാഴ്സലോണൻ വിങ് ഡിഫൻഡർ ഡാനി ആൽവസ്, ഇറ്റാലിയൻ പ്രതിരോധകോട്ടയുടെ നെടുംതൂണുകളായ ലിനാഡോ ബനൂച്ചി, ജോർജിയോ ചെല്ലിനി, ബ്രസീൽ താരം അലക്സ് സാഡ്രോ എന്നിവർക്കിടയിലൂടെ പന്തുപായിക്കാൻ ബാഴ്സലോണക്ക് കഴിഞ്ഞ നിമിഷങ്ങൾ വിരലിെലണ്ണാവുന്ന തവണ മാത്രം. മെസ്സിയും നെയ്മറും സുവാരസും ആവതു ശ്രമിച്ചിട്ടും ഇൗ പ്രതിരോധകോട്ട പിളർത്താൻ കഴിഞ്ഞില്ല. ഇവരെ കടന്നു കഴിഞ്ഞാൽ ഗോൾപോസ്റ്റിനു കീഴിലെ ഇതിഹാസം ജിയാൻലൂഗി ബഫണിനെയും കടന്ന് വലയിലേക്ക് പന്ത് കയറ്റൽ സ്വപ്നമായി തന്നെ അവശേഷിക്കുകയായിരുന്നു.
മുനയൊടിഞ്ഞ മുന്നേറ്റങ്ങൾ
ഇരു വിങ്ങിലുമായി നെയ്മറും ഇവാൻ റാക്കിറ്റിച്ചും പന്ത് വേഗത്തിൽ നീട്ടിനൽകി കളിെച്ചങ്കിലും ഉൗർന്നു കയറാൻ ഒരു പഴുതും യുവൻറസ് നൽകിയില്ല. അപകടം വിതച്ച ആദ്യ ശ്രമം ബാഴ്സയുടെ ഭാഗത്തുനിന്നും വരുന്നത് 17ാം മിനിറ്റിൽ. പ്രതിരോധക്കാരെ കണ്ണുവെട്ടിച്ച് വിങ്ങിലൂടെ മുന്നേറിയ ജോഡി ആൽബക്ക് മെസ്സി പന്ത് നീട്ടിനൽകിയത് കാലിൽ ഒതുക്കാൻ ഒരിഞ്ചു വൈകിയതോടെ സുവർണാവസരം ബാഴ്സക്ക് നഷ്ടമായി. പിന്നീട് 19ാം മിനിറ്റിൽ മെസ്സിയുടെ ഉഗ്രൻ ഗ്രൗണ്ട്ഷോട്ട് തലനാരിഴക്ക് പുറത്തുപോയി. എന്നാൽ, മറുവശത്ത് അർജൻറീനൻ സ്ട്രൈക്കർ ഹിെഗ്വയ്നിെൻറ ഒറ്റപ്പെട്ട ആക്രമണങ്ങളിൽനിന്ന് ബാഴ്സലോണ രക്ഷപ്പെട്ടത് ഭാഗ്യംകൊണ്ടുമാത്രമായിരുന്നു.
രണ്ടാം പകുതിയിലും ബാഴ്സക്ക് മാറ്റമൊന്നും ഉണ്ടായില്ല. ഗോളടിക്കാൻ വെമ്പുന്നതിനിടയിൽ വലതുവിങ്ങിൽ യുവൻറസ് നടത്തിയ കൗണ്ടർ അറ്റാക്കിൽ ഗോൾ കുടുങ്ങുമെന്നുറപ്പിച്ചെങ്കിലും ഇത്തവണയും ഭാഗ്യം തുണച്ചു. കൊളംബിയൻ താരം യുവാൻ കഡ്രാഡോയുടെ ഷോട്ടാണ് പോസ്റ്റിനരികിലൂടെ പുറത്തേക്ക് പോയത്. പ്രതിരോധകോട്ട പിളർത്തി ബോക്സിലേക്ക് കയറാൻ കഴിയില്ലെന്നു മനസ്സിലാക്കിയ മെസ്സി 55ാം മിനിറ്റിൽ കുമ്മായവരക്കരികെനിന്ന് ബഫണിനെ പരീക്ഷിച്ചെങ്കിലും രക്ഷയുണ്ടായിരുന്നില്ല. പിന്നീടും മെസ്സി ഉതിർത്ത ഷോട്ടുകൾ മാത്രമാണ് അൽപമെങ്കിലും യുവൻറസിനെ പേടിപ്പിച്ചത്. കോർണറുകൾ നിരവധി കിട്ടിയെങ്കിലും ഹെഡറിൽ ഗോളാക്കാൻ ശേഷിയുള്ളവർ കുറവായതിനാൽ അതും ഫലം കണ്ടില്ല. സൈഡ് ബെഞ്ചിലുണ്ടായിരുന്ന യുവൻറസ് താരങ്ങൾ ആനന്ദനൃത്തം ചവിട്ടി. ഒടുവിൽ കേളികേട്ട ബാഴ്സലോണ പകൽവെളിച്ചംപോലെ വിശ്വസിച്ച സ്വന്തം തട്ടകത്തിൽ ഒരു ഗോൾ പോലും തിരിച്ചടിക്കാനാവാതെ നിലംപതിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.