പാനമ സിറ്റി: മൈതാനത്തിനു പുറത്തെ മാഫിയകളുടെ കുടിപ്പകയിൽ മറ്റൊരു ഫുട്ബാളർകൂടി ബലിയാടായി. പാനമ ദേശീയ താരം അമിൽകാർ ഹെൻറിക്വസാണ് കഴിഞ്ഞ ദിവസം അക്രമികളുടെ തോക്കിനിരയായത്. 33 വയസ്സായിരുന്നു. കൊളോൺ പ്രവിശ്യയിലെ വീടിനുസമീപത്ത് അക്രമി സംഘത്തിെൻറ വെടിയേറ്റാണ് മരണം. ഒപ്പമുണ്ടായിരുന്ന രണ്ടുപേർക്ക് പരിക്കേറ്റു. ക്രിമിനൽ സംഘമാണ് കൊലക്ക് പിന്നിലെന്നും എന്നാൽ, കാരണം വ്യക്തമല്ലെന്നും പൊലീസിനെ ഉദ്ധരിച്ച് പാനമ ദേശീയ ഫുട്ബാൾ അസോസിയേഷൻ ട്വീറ്റ് ചെയ്തു. മാർച്ച് 28ന് അമേരിക്കക്കെതിരായ ലോകകപ്പ് യോഗ്യതാറൗണ്ടിൽ കളിച്ച ശേഷം നാട്ടിൽ തിരിച്ചെത്തി കുടുംബത്തോടൊപ്പം ചേർന്നതായിരുന്നു താരം. തൊട്ടുപിന്നാലെയാണ് ഫുട്ബാൾ ലോകത്തെ ഞെട്ടിച്ച കൊലപാതകം. മയക്കു മരുന്ന് മാഫിയകളുടെയും ക്രിമിനൽ സംഘങ്ങളുടെയും കുടിപ്പക വിടാതെ പിന്തുടരുന്ന തെക്ക്-വടക്കൻ അമേരിക്കയിലെ ഫുട്ബാൾ രക്തസാക്ഷികളുടെ പട്ടികയിലെ അവസാനത്തെ ഇരയായി ഹെൻറിക്വസ്. മധ്യനിരയിലെ മികച്ചതാരമായ ഹെൻറിക്വസ് 2004 മുതൽ ദേശീയ ടീമിലുണ്ട്. 75 മത്സരങ്ങളിൽ പാനമക്കായി പന്തുതട്ടി. രാജ്യത്തെ പ്രമുഖ ഫുട്ബാൾ ക്ലബായ അറബെ യുനിഡോയുടെ താരമാണ്.
പാനമ ചരിത്രത്തിലാദ്യമായി ഇക്കുറി ലോകകപ്പ് യോഗ്യത നേടുമെന്ന ഹെൻറിക്വസിെൻറ വാക്കുകളോടെ ഫിഫ കഴിഞ്ഞദിവസം അഭിമുഖം പ്രസിദ്ധീകരിച്ചിരുന്നു. പാനമ ഫുട്ബാളിെൻറ വളർച്ചയും ഇക്കുറി ലോകകപ്പ് യോഗ്യത നേടാനുള്ള മികച്ച സാധ്യതയെ കുറിച്ചും സംസാരിച്ച പ്രിയതാരത്തിെൻറ സ്വപ്നം സാക്ഷാത്കരിക്കുമെന്ന് കൊലപാതക വാർത്തക്കുപിന്നാലെ പാനമ ദേശീയ ടീമംഗങ്ങൾ പറഞ്ഞു. കോൺകകാഫ് യോഗ്യതാ റൗണ്ടിൽ മൂന്നാം സ്ഥാനത്താണ് പാനമ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.