ബ്ളാസ്റ്റേഴ്സ്, കൊല്‍ക്കത്ത ടീമുകളുടെ ഹോം ഗ്രൗണ്ടില്‍ അനിശ്ചിതത്വം

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ (ഐ.എസ്.എല്‍) ഏറ്റവും ജനപ്രീതിയുള്ള കേരള ബ്ളാസ്റ്റേഴ്സ്, അത്ലറ്റികോ ഡി കൊല്‍ക്കത്ത ടീമുകളുടെ ഹോം ഗ്രൗണ്ട് സംബന്ധിച്ച അനിശ്ചിതത്വം അവസാനിക്കുന്നില്ല. കേരള ബ്ളാസ്റ്റേഴ്സിന്‍െറ ഹോം ഗ്രൗണ്ടായി നിശ്ചയിച്ച കൊച്ചി ജവഹര്‍ലാല്‍ നെഹ്റുസ്റ്റേഡിയം അടുത്തവര്‍ഷം നടക്കുന്ന അണ്ടര്‍ 17 ഫുട്ബാള്‍ ലോകകപ്പ് മത്സരത്തിനായി നവീകരിക്കുന്ന ജോലി ഇഴയുന്നതാണ് ക്ളബ് അധികൃതരെയും ഐ.എസ്.എല്‍ മാനേജ്മെന്‍റിനെയും കുഴക്കുന്നത്.

അത്ലറ്റികോ ഡി കൊല്‍ക്കത്തയുടെ ഹോം ഗ്രൗണ്ടായ രബീന്ദ്ര സരോബര്‍ സ്റ്റേഡിയം പരിസ്ഥിതി പ്രശ്നങ്ങളില്‍ കുടുങ്ങിക്കിടക്കുകയാണ്. ദേശീയ തടാക സംരക്ഷണ പദ്ധതിയിലുള്‍പ്പെട്ട പ്രദേശത്താണ് രബീന്ദ്ര സരോബര്‍ സ്റ്റേഡിയമെന്നും രാത്രിയില്‍ മത്സരം നടത്തുന്നത് ആവാസ വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്നും കാണിച്ച് പരിസ്ഥിതി പ്രവര്‍ത്തകന്‍ ദേശീയ ഹരിത ട്രൈബ്യൂണലിന് പരാതി നല്‍കിയിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തില്‍ പരിശോധനക്കായി ട്രൈബ്യൂണല്‍ ബെഞ്ച് കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ 25നകം റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം. റിപ്പോര്‍ട്ട് എതിരായാല്‍ ഹോം ഗ്രൗണ്ട് മാറ്റേണ്ടിവരും. ഒക്ടോബര്‍ രണ്ടിനാണ് കൊല്‍ക്കത്തയുടെ ആദ്യ മത്സരം. കഴിഞ്ഞ രണ്ട് സീസണിലും പ്രശസ്തമായ സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തിലായിരുന്നു കൊല്‍ക്കത്തയുടെ മത്സരങ്ങള്‍ നടന്നത്. അണ്ടര്‍ 17 ഫുട്ബാള്‍ ലോകകപ്പിനായി സാള്‍ട്ട്ലേക്ക് നവീകരണത്തിലാണ്.

കൊച്ചിയില്‍ ഒക്ടോബര്‍ 18നകം സ്റ്റേഡിയം നവീകരണം പൂര്‍ത്തിയാക്കണമെന്നാണ് ഫിഫ നല്‍കിയ നിര്‍ദേശം. എന്നാല്‍, അതിനു മുമ്പ് ഐ.എസ്.എല്‍ മത്സരങ്ങള്‍ക്ക് സ്റ്റേഡിയം വിട്ടുകൊടുക്കാന്‍ കെ.എഫ്.എ തീരുമാനിക്കുകയും യുദ്ധകാലാടിസ്ഥാനത്തില്‍ നവീകരണ ജോലി പൂര്‍ത്തീകരിക്കാന്‍ തീരുമാനിക്കുകയും ചെയ്തെങ്കിലും പ്രവൃത്തികള്‍ ഇഴയുകയാണ്. ഡ്രെയിനേജ് സംവിധാനം, ഫയര്‍ ആന്‍ഡ് സേഫ്റ്റി സംവിധാനം, ഡ്രസിങ് റൂം നവീകരണം, കാണികളെ ഒഴിപ്പിക്കാനുള്ള സംവിധാനം എന്നിവയുടെയൊന്നും നിര്‍മാണം എങ്ങുമത്തെിയിട്ടില്ല. പൊട്ടിയ കസേരകള്‍ മാറ്റല്‍, പെയിന്‍റിങ്, ബാത്റൂമുകളുടെ നവീകരണം എന്നിവയും പൂര്‍ത്തിയാക്കണം. എന്നാല്‍, പുല്‍പ്രതലം ഒരുക്കുന്നത് മാത്രമാണ് ഇപ്പോള്‍ നടക്കുന്നത്.
കൊച്ചിയിലെ മത്സരങ്ങള്‍ മുടങ്ങിയാല്‍ ഐ.എസ്.എല്‍ നടത്തിപ്പ് നഷ്ടത്തിലാക്കുമെന്ന ആശങ്കയിലാണ് സംഘാടകര്‍.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.