തെക്കനമേരിക്കന്‍ലോകകപ്പ് യോഗ്യത; ബ്രസീല്‍ ഒന്നാമത്


മെറിഡ: വെനിസ്വേലക്കെതിരെ ഇരട്ടഗോള്‍ ജയവുമായി ബ്രസീല്‍ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഒന്നാം സ്ഥാനത്ത്. ഉറുഗ്വായിയുടെ സമനില വാര്‍ത്തക്കു പിന്നാലെ കളത്തിലിറങ്ങിയ ബ്രസീല്‍ ജയിച്ചാല്‍ പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനമെന്ന ലക്ഷ്യത്തോടെയാണ് കളി തുടങ്ങിയത്. പരിക്കും സസ്പെന്‍ഷനും തിരിച്ചടിയായതോടെ നെയ്മറിന് പ്ളെയിങ് ഇലവനില്‍ ഇടമില്ലായിരുന്നു. എങ്കിലും, ഗബ്രിയേല്‍ ജീസസില്‍ വിശ്വാസമര്‍പ്പിച്ച് കളി തുടങ്ങിയ കോച്ച് ടിറ്റെ ആരാധകരുടെ പ്രതീക്ഷകള്‍ കാത്തു.

എട്ടാം മിനിറ്റില്‍ വെനിസ്വേലന്‍ ഗോളി ഡാനി ഹെര്‍ണാണ്ടസിന് പറ്റിയ അബദ്ധത്തിലൂടെ പന്ത് വലയിലേക്ക് അടിച്ചുകയറ്റിയായിരുന്നു ജീസസ് സ്കോര്‍ ചെയ്തത്. ഡിഫന്‍ഡറുടെ മൈനസ് പാസില്‍ പന്ത് അടിച്ചകറ്റാന്‍ ശ്രമിക്കുന്നതിനിടെ ഗോളിയുടെ ലക്ഷ്യം മാറി. പാതിവഴിയില്‍ റാഞ്ചിയെടുത്ത പന്ത് ജീസസ് ചിപ് ചെയ്ത് വലയിലേക്കിട്ടപ്പോള്‍  വെനിസ്വേലയുടെ കണ്ണുതള്ളി.  രണ്ടാം പകുതിയുടെ 53ാം മിനിറ്റില്‍ റെനറ്റോ അഗസ്റ്റോയുടെ ഗോള്‍ലൈന്‍ ഷോട്ടിലൂടെ വീണ്ടും വലകുലുക്കിയ മഞ്ഞപ്പട ആറാം ജയത്തോടെ പോയന്‍റ് പട്ടികയില്‍ ഒന്നാമതായി. സീസണില്‍ തുടര്‍ച്ചയായി നാലാം ജയം നേടിയ ബ്രസീലിന് 21 പോയന്‍റാണുള്ളത്.

പിരിമുറുക്കത്തിനിടെ 73ാം മിനിറ്റില്‍ ഫ്ളഡ്ലൈറ്റുകള്‍ അണഞ്ഞത് കളി തടസ്സപ്പെടുത്തി. 20 മിനിറ്റിനുശേഷമായിരുന്നു മത്സരം പുനരാരംഭിച്ചത്. തെക്കനമേരിക്കന്‍ മേഖലയില്‍ ഇതുവരെ ഒന്നാമതായിരുന്ന ഉറുഗ്വായ് കൊളംബിയയോട് 2-2ന് സമനില വഴങ്ങി. ക്രിസ്റ്റ്യന്‍ റോഡ്രിഗസും ലൂയി സുവാരസുമാണ് ഉറുഗ്വായിക്കായി വലകുലുക്കിയത്. മറ്റൊരു മത്സരത്തില്‍ ചിലി പെറുവിനെ 2-1ന് തോല്‍പിച്ചു. അര്‍തുറോ വിദാലിന്‍െറ ഇരട്ട ഗോളുകളാണ് കോപ ചാമ്പ്യന്മാര്‍ക്ക് വിജയം സമ്മാനിച്ചത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT