കിങ്ങാണ് ബാഴ്സ

മഡ്രിഡ്: നിയമപ്പോരാട്ടത്തിലൂടെ തിരിച്ചത്തെിയ കറ്റാലന്‍ പതാക പാറിപ്പറന്ന മഡ്രിഡിലെ വിസെന്‍െറ കാള്‍ഡെറോണില്‍ കഴിഞ്ഞരാത്രി ബാഴ്സലോണയുടെ സ്വാതന്ത്ര്യപ്രഖ്യാപനമായിരുന്നു. സ്പാനിഷ് രാജകുടുംബം അണിനിരന്ന ഗാലറിയില്‍ ദേശീയഗാനം ഉയര്‍ന്നപ്പോള്‍ കറ്റാലന്‍ ദേശീയവാദികളായ ആരാധകക്കൂട്ടം കൂവിയാര്‍ത്തു. സ്പെയിനും കറ്റാലനും മുഖാമുഖം പോര്‍വിളിച്ച ഗാലറിയുടെ വൈരം, കിക്കോഫ് വിസിലിനു പിന്നാലെ ഗ്രൗണ്ടിലായി. പരുക്കനടവും കൈയാങ്കളിയും റഫറിയുടെ കാര്‍ഡ് വീശലുമായി കളംനിറഞ്ഞ അങ്കത്തിനൊടുവില്‍ ബാഴ്സലോണ തന്നെ സ്പെയിനിലെ കിങ്. സ്പാനിഷ് രാജപോരാട്ടമായ കിങ്സ് കപ്പ് (കോപ ഡെല്‍ റെ) ഫൈനലില്‍ യൂറോപ്പ ലീഗ് ചാമ്പ്യന്മാരായ സെവിയ്യയെ മറുപടിയില്ലാത്ത രണ്ടു ഗോളിന് കെട്ടുകെട്ടിച്ച് ബാഴ്സലോണ കിരീടമണിഞ്ഞു. നിശ്ചിത സമയത്ത് ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞ കളിയുടെ അധിക സമയത്തായിരുന്നു ബാഴ്സയുടെ വിജയ ഗോളുകള്‍. ഇരുപക്ഷവും പത്തിലേക്ക് ചുരങ്ങിയ കളിയുടെ എക്സ്ട്രാടൈമിലെ ഏഴാം മിനിറ്റില്‍ കറ്റാലന്മാര്‍ക്ക് ആദ്യ ലീഡ് നല്‍കിയത് ജോര്‍ഡി ആല്‍ബ.

30ാം മിനിറ്റില്‍ നെയ്മര്‍ കൂടി വലകുലുക്കിയതോടെ സീസണിലെ ഇരട്ടക്കിരീടത്തില്‍ ബാഴ്സയുടെ പൊന്‍ മുത്തം. സ്റ്റാര്‍ സ്ട്രൈക്കര്‍ ലയണല്‍ മെസ്സിയുടെ ബുദ്ധിയും ചടുലതയുമായിരുന്നു ഇരു ഗോളുകള്‍ക്കും പിന്നില്‍. നിശ്ചിത സമയത്ത് മുഴുവന്‍ മെസ്സി-നെയ്മര്‍-സുവാരസ് കൂട്ടിനെ പരുക്കന്‍ കളിയിലൂടെ പൂട്ടിയിട്ട സെവിയ്യയുടെ പ്രതിരോധം പൊളിച്ചടുക്കിയ രണ്ടു നീക്കങ്ങളിലായിരുന്നു അര്‍ജന്‍റീന താരം ഗോളിന് വഴിയൊരുക്കിയത്. ആദ്യ ഗോള്‍ പിറന്നത് മധ്യവര കടന്നയുടന്‍ ഹൈബാളായി പെനാല്‍റ്റി ബോക്സിലേക്ക് നല്‍കിയ ക്രോസില്‍. ഓഫ്സൈഡ് കെണി പൊട്ടിച്ച് മുന്നേറിയ ആല്‍ബ എതിര്‍ പ്രതിരോധത്തിന്‍െറ ബൂട്ടിനിടയിലൂടെതന്നെ നിറയൊഴിച്ചപ്പോള്‍ പന്ത് പോസ്റ്റിലുരുമ്മി വലകുലുക്കി.

പെനാല്‍റ്റി ബോക്സിന് തൊട്ടുമുന്നില്‍ സെവിയ്യയുടെ മിസ്പാസിലൂടെയത്തെിയ പന്താണ് മെസ്സി, വണ്‍ ടച്ചില്‍ നെയ്മറിലത്തെിച്ച് ഗോളാക്കിയത്.
കളിയുടെ 36ാം മിനിറ്റില്‍ ദുര്‍ബലമായ ഫൗളിനായിരുന്നു ബാഴ്സലോണയുടെ യാവിയര്‍ മഷറാനോ ചുവപ്പ്കാര്‍ഡുമായി പുറത്തായത്.പക്ഷേ, പത്തിലും പതറാതെ ബാഴ്സ കളിച്ചു. രണ്ടാം പകുതിയുടെ 57ാം മിനിറ്റില്‍ സുവാരസും കടുത്ത ഫൗളിന് വിധേയനായി മടങ്ങി. കളി എക്സ്ട്രാടൈമിലേക്ക് നീങ്ങവെ സെവിയ്യയും പത്തിലത്തെി. നെയ്മറെ വീഴ്ത്തിയ എവര്‍ബനേഗയെയും പുറത്താക്കിയതോടെ ഇരുവരും ഒപ്പത്തിനൊപ്പം. പിന്നീട് എക്സ്ട്രാ ടൈമിലായിരുന്നു ബാഴ്സയുടെ വിജയഗോളുകള്‍ പിറന്നത്. ബാഴ്സയുടെ 28ാം കിങ്സ് കപ്പ് കിരീടം കൂടിയാണിത്. തുടര്‍ച്ചയായി രണ്ടാമത്തെതും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.