ചാമ്പ്യന്‍സ് ലീഗ് പ്രീ-ക്വാര്‍ട്ടര്‍ രണ്ടാം ഭാഗം ഇന്ന്; അത്ലറ്റികോ മഡ്രിഡ് x പി.എസ്.വി •മാഞ്ചസ്റ്റര്‍ സിറ്റി x ഡൈനാമോ കിയവ്

ലണ്ടന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ രണ്ടാം പാദത്തില്‍ ചൊവ്വാഴ്ച നിര്‍ണായക അങ്കങ്ങള്‍. ആദ്യ പാദത്തില്‍ മൂന്നു ഗോള്‍ ജയത്തിന്‍െറ ലീഡുള്ള മാഞ്ചസ്റ്റര്‍ സിറ്റി അനായാസ ക്വാര്‍ട്ടര്‍ പ്രവേശം ലക്ഷ്യമിട്ട് ഡൈനാമോ കിയവിനെ ലണ്ടനില്‍ നേരിടുമ്പോള്‍ സ്പെയ്നിലെ മഡ്രിഡില്‍ തീപാറും പോരാട്ടം. ഗോള്‍രഹിതമായി പിരിഞ്ഞ ആദ്യ പാദത്തിനു പിന്നാലെയാണ് അത്ലറ്റികോ മഡ്രിഡും നെതര്‍ലന്‍ഡ്സില്‍നിന്നുള്ള പി.എസ്.വി ഐന്തോവനും ഏറ്റുമുട്ടുന്നത്. സ്വന്തം ഗ്രൗണ്ടിലാണ് പോരാട്ടമെന്നത് ഡീഗോ സിമിയോണക്ക് ആശ്വാസവും ആശങ്കയുമാവും. നാട്ടുകാരുടെ മുന്നില്‍ മാനസികാധിപത്യം നേടി കളി സ്വന്തമാക്കാമെന്ന കണക്കുകൂട്ടല്‍ തെറ്റാന്‍ എതിരാളിയുടെ ഒരു ഗോളും മതി.

തുടര്‍ച്ചയായി നാലു ജയവുമായാണ് മഡ്രിഡുകാര്‍ കളത്തിലിറങ്ങുന്നത്. കരുത്തരായ റയല്‍ മഡ്രിഡിനെ വീഴ്ത്തിയതിന്‍െറ ആത്മവിശ്വാസവും കൂടി ചേരുമ്പോള്‍ ഐന്തോവനെ എളുപ്പത്തില്‍ പിടിച്ചുകെട്ടാമെന്ന കണക്കുകൂട്ടലിലാണ് സിമിയോണയും സംഘവും. ഗോളടിച്ചുകൂട്ടാന്‍ മിടുക്കനായ അന്‍േറാണിയോ ഗ്രീസ്മാന്‍, പരിചയസമ്പന്നനായ ഫെര്‍ണാണ്ടോ ടോറസ്, അര്‍ജന്‍റീന താരം എയ്ഞ്ചല്‍ കൊറിയ തുടങ്ങിയവരുമായിറങ്ങുന്ന അത്ലറ്റികോ തുടര്‍ച്ചയായി മൂന്നാം വട്ടമാണ് ചാമ്പ്യന്‍സ് ലീഗ് നോക്കൗട്ടില്‍ പന്തുതട്ടുന്നത്. കണക്കിലും കരുത്തിലും ഐന്തോവന്‍ വെല്ലുവിളിയല്ല. പക്ഷേ, ആദ്യ പാദത്തില്‍ മഡ്രിഡിന്‍െറ ഗോള്‍ മെഷീനുകളെ മധ്യവരയില്‍ പൂട്ടിയ ഡച്ചുപട അതേ മികവ് ‘വിസെന്‍െറ കാള്‍ഡെറോണിലും’ ആവര്‍ത്തിച്ചാല്‍ അത്ലറ്റികോ വെള്ളം കുടിക്കും.
എതിരാളിയുടെ തട്ടകത്തില്‍ നേടിയ ജയത്തിന്‍െറ (3-1) ആത്മവിശ്വാസത്തിലാണ് സിറ്റി ഇറങ്ങുന്നത്. ഫെര്‍ണാണ്ടീന്യോയുടെ പരിക്ക് ഒഴിച്ചുനിര്‍ത്തിയാല്‍ ടീം ലൈനപ്പിലും ആശങ്കയില്ല. ചരിത്രത്തില്‍ ആദ്യത്തെ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ പ്രവേശത്തിനൊരുങ്ങുകയാണ് സിറ്റി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.