റോമയെ ദഹിപ്പിക്കാന്‍ സ്വന്തം മണ്ണില്‍ റയലിറങ്ങുന്നു

മഡ്രിഡ്: ലീഗ് പോരാട്ടങ്ങളുടെ ചൂടിനിടയില്‍ യുവേഫ ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറിലെ രണ്ടാം പാദത്തിന് ചൊവ്വാഴ്ച കിക്കോഫ്. റയലിന്‍െറയും ബാഴ്സലോണയുടെയും മാഞ്ചസ്റ്റര്‍ സിറ്റിയുടെയും ജയവും ചെല്‍സിയുടെയും ആഴ്സനലിന്‍െറയും തോല്‍വിയും ബയേണ്‍ മ്യൂണിക്-യുവന്‍റസ് ടീമുകളുടെ സമനിലപ്പോരാട്ടവും ആവേശം പകര്‍ന്ന ഒന്നാം പാദത്തിനുശേഷം ടീമുകളിറങ്ങുന്നത് ക്വാര്‍ട്ടര്‍ ബെര്‍ത്തുറപ്പിക്കാന്‍. മഡ്രിഡിലും ജര്‍മനിയിലുമാണ് ആദ്യ മത്സരങ്ങള്‍. 

സ്പാനിഷ് ലാ ലിഗ കിരീടം കൈവിട്ടുവെന്ന് പ്രഖ്യാപിച്ച റയല്‍ അവശേഷിക്കുന്ന ആകെയുള്ള പ്രതീക്ഷയായ യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ സ്വന്തം മണ്ണില്‍ ജയം ആവര്‍ത്തിക്കാനുറച്ചാണ് ചൊവ്വാഴ്ച ഇറ്റാലിയന്‍ സംഘം എ.എസ് റോമക്കെതിരെ കളത്തിലിറങ്ങുന്നത്. എതിരാളിയുടെ മണ്ണില്‍ നടന്ന ആദ്യ പാദത്തില്‍ ഏകപക്ഷീയമായ രണ്ടു ഗോളിനായിരുന്നു റയലിന്‍െറ ജയം. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെയും ജെസിയുടെയും ഗോളിലൂടെയായിരുന്നു റയല്‍ ടൂറിനിലെ അങ്കത്തില്‍ റോമയെ മലര്‍ത്തിയടിച്ചത്. രണ്ടാം അങ്കത്തില്‍ ജര്‍മന്‍ ക്ളബ് വോള്‍ഫ്സ്ബര്‍ഗ് ബെല്‍ജിയത്തില്‍നിന്നുള്ള ജെന്‍റിനെ നേരിടും. ഫോക്സ്വാഗണ്‍ അറീനയിലാണ് മത്സരം. ആദ്യ പാദത്തില്‍, എതിരാളിയുടെ മണ്ണില്‍ 3-2ന് കളി ജയിച്ച വോള്‍ഫ്സ്ബര്‍ഗിനാണ് മേധാവിത്വം. 
 


യൂലിയന്‍ ഡ്രാക്സ്ലറുടെ ഇരട്ട ഗോളുകളായിരുന്നു ജര്‍മന്‍ ടീമിന് വിജയമൊരുക്കിയത്. ഇന്ത്യന്‍ സമയം രാത്രി 1.15 മുതലാണ് മത്സരം. സെനിത്, ബെന്‍ഫികയെ (ആദ്യ പാദ ഫലം 0-1) ബുധനാഴ്ച രാത്രി 10.30നും ചെല്‍സി, പി.എസ്.ജിയെ (1-2) അര്‍ധരാത്രി 1.15നും നേരിടും.ലാ ലിഗയിലെ അവസാന മത്സരത്തില്‍ നാലു ഗോളുകള്‍ നേടി ഗോളടിയില്‍ പുതുചരിത്രം കുറിച്ചാണ് ക്രിസ്റ്റ്യാനോയുടെ വരവ്. ഇന്ന് റോമക്കെതിരെ ഇറങ്ങുമ്പോഴും ജയത്തില്‍ കുറഞ്ഞൊന്നും റയലിന് ലക്ഷ്യവുമില്ല. രണ്ടു ഗോളിന്‍െറ ലീഡ് ടീമിന് ആത്മവിശ്വാസവും നല്‍കുന്നു. തുടര്‍ച്ചയായി 19ാം സീസണില്‍ ക്വാര്‍ട്ടര്‍ പ്രവേശത്തിനാണ് റയലിന്‍െറ ഒരുക്കം. കരിം ബെന്‍സേമ പരിക്കിന്‍െറ പിടിയിലാണെങ്കിലും ഗാരെത് ബെയ്ലിന്‍െറ തിരിച്ചുവരവ് ആക്രമണത്തിന് മൂര്‍ച്ച നല്‍കും. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-17 01:00 GMT