ബ്രെക്സിറ്റ് തീരുമാനം; ആശങ്കയില്‍ ഇംഗ്ലീഷ് ഫുട്ബാളും

ലണ്ടന്‍: കോടികള്‍ മറിയുന്ന ഇംഗ്ളീഷ് പ്രീമിയര്‍ ലീഗിന്‍െറയും ചരമക്കുറിപ്പാകുമോ യൂറോപ്യന്‍ യൂനിയനില്‍നിന്ന് ബ്രിട്ടന്‍ വിട്ടുപോകാനുള്ള ഹിതപരിശോധനാ ഫലം? യൂറോപ്യന്‍ യൂനിയനില്‍നിന്ന് പിന്മാറാനുള്ള തീരുമാനത്തിന് ഭൂരിപക്ഷം കിട്ടിയതോടെ ഇംഗ്ളീഷ് പ്രീമിയര്‍ ലീഗിന്‍െറ ഭാവിയും ആശങ്കയിലാകുമെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. പുതിയ തീരുമാനം ജനം വിചാരിക്കുന്നതിനെക്കാള്‍ കടുത്ത ആഘാതമായിരിക്കും കായിക മേഖലക്ക് ഏല്‍പിക്കുക എന്ന് ഫുട്ബാള്‍ ഏജന്‍റ് റേച്ചല്‍ ആന്‍ഡേഴ്സനെപ്പോലുള്ളവര്‍ അഭിപ്രായപ്പെടുന്നു. ഇംഗ്ളീഷ് പ്രീമിയര്‍ ലീഗിലും സ്കോട്ടിഷ് പ്രീമിയറിലും കളിക്കുന്ന 300ഓളം യൂറോപ്യന്‍ താരങ്ങളുടെ ഭാവിയാണ് ഇനി തുലാസില്‍ ആവുക. യൂറോപ്യന്‍ പാസ്പോര്‍ട്ടുള്ള ഒരു കളിക്കാരന് ബ്രിട്ടനില്‍ ഇതുവരെ സ്വതന്ത്രമായി കളിക്കാമായിരുന്നു. എന്നാല്‍, യൂറോപ്യന്‍ യൂനിയനില്‍നിന്ന് ബ്രിട്ടന്‍ വിട്ടുപോകുന്നതോടെ ഈ താരങ്ങള്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് ഉണ്ടെങ്കില്‍ മാത്രമേ ഇംഗ്ളീഷ് ടീമുകളില്‍ കളിക്കാനാവൂ. നിലവില്‍ കളിച്ചുകൊണ്ടിരിക്കുന്ന പകുതിയോളം കളിക്കാരെ ഇത് പ്രതികൂലമായി ബാധിക്കും.

ഇത്തവണത്തെ ചാമ്പ്യന്മാരായ ലെസ്റ്റര്‍ സിറ്റിയുടെ മുന്‍നിര കളിക്കാരനായ എങ്കലോ കാന്‍െറ, വെസ്റ്റ് ഹാം താരം ദിമിത്രി പയെറ്റ് എന്നിവരെയും പുതിയ തീരുമാനം പ്രതിസന്ധിയിലാക്കും. ഫ്രാന്‍സിന്‍െറ രണ്ടു താരങ്ങളും യൂറോ കപ്പില്‍ ഗോള്‍ നേടിയവരാണ്. ഇവര്‍ക്കൊക്കെയും ഇനി വര്‍ക്ക് പെര്‍മിറ്റ് കിട്ടിയാല്‍ മാത്രമേ ഇംഗ്ളീഷ് ടീമുകളില്‍ തുടരാനാകൂ. കളിക്കാര്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് നേടാന്‍ കടുത്ത ഉപാധികളാണുള്ളത്. ഫിഫ റാങ്കിങ്ങില്‍ ആദ്യ പത്തിലുള്ള രാജ്യങ്ങളിലെ കളിക്കാര്‍ രണ്ടു വര്‍ഷത്തിനിടയില്‍  അവരുടെ മൊത്തം  കളികളില്‍ 30 ശതമാനം മത്സരങ്ങളില്‍ എങ്കിലും കളിച്ചവരായിരിക്കണം. 11 മുതല്‍ 20 വരെ റാങ്കിലുള്ള രാജ്യങ്ങളിലെ കളിക്കാര്‍ക്ക് ഇത് 45 ശതമാനമാണ്. 21 മുതല്‍ 30 റാങ്കുകാര്‍ക്ക് 60 ശതമാനവും അതിനു മുകളിലുള്ളവര്‍ക്ക് 75 ശതമാനവും കളികളില്‍ പങ്കെടുത്തിരിക്കണം.

ഈ കടുത്ത ഉപാധികള്‍ കടന്ന് കളിക്കാരത്തെണമെങ്കില്‍ ചില്ലറ കടമ്പകളൊന്നുമല്ല മുന്നിലുള്ളത്. അതുകൊണ്ടുതന്നെ വര്‍ക്ക് പെര്‍മിറ്റ് നിയമത്തില്‍ ഇളവുകള്‍ ഉണ്ടാകുമെന്നാണ് സ്പോര്‍ട്സ് നിരീക്ഷകര്‍ വിശ്വസിക്കുന്നത്. ഇതിനു പുറമെ ഇംഗ്ളീഷ് പ്രീമിയര്‍ ലീഗിലെ ഒട്ടു മിക്ക ടീമുകളുടെയും ഉടമകള്‍ വിദേശികളുമാണ്. ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയന്‍ വിടുമ്പോള്‍ ഇത് ടീം ഉടമകളെയും ബാധിക്കും. ആഴ്സനല്‍, ആസ്റ്റണ്‍ വില്ല, ചെല്‍സി, ലെസ്റ്റര്‍ സിറ്റി, എവര്‍ട്ടണ്‍, മാഞ്ചസ്റ്റര്‍ സിറ്റി, മാഞ്ചസ്റ്റര്‍ യുനൈറ്റഡ് തുടങ്ങിയ പ്രമുഖ ടീമുകളെല്ലാം വിദേശികളുടേതാണ്. വിദേശ കമ്പനികള്‍ ഇംഗ്ളീഷ് പ്രീമിയര്‍ ലീഗില്‍ നിന്ന് കോടികള്‍ വാരുന്നു എന്ന ആക്ഷേപം ബ്രിട്ടനിലെ യാഥാസ്ഥിതികര്‍ക്കിടയില്‍ ശക്തമായിരുന്നു. അവര്‍ പരസ്യമായ പ്രതിഷേധങ്ങളുമായി രംഗത്ത് വരുകയും ചെയ്തിരുന്നു. ബ്രെക്സിറ്റ് തീരുമാനത്തോടെ കായിക രംഗത്തെ ‘സ്വദേശി വാദം’ ശക്തിപ്പെടുമെന്ന ആശങ്കും ഉയര്‍ന്നിട്ടുണ്ട്.

അതേസമയം, പുതിയ തീരുമാനം തദ്ദേശീയരായ കായിക താരങ്ങള്‍ക്ക് മികച്ച അവസരമൊരുക്കുമെന്നാണ് യൂനിയന്‍ വിടുന്നതിനെ അനുകൂലിക്കുന്നവര്‍ ഉന്നയിക്കുന്നത്. കൗണ്ടി ക്രിക്കറ്റിനെയും വിടുതല്‍ തീരുമാനം പ്രതികൂലമായി ബാധിച്ചേക്കുമെന്നാണ് വിലയിരുത്തല്‍. പൗണ്ടിന്‍െറ വിലത്തകര്‍ച്ചയും കായിക രംഗത്തെ ബാധിക്കുമെന്നുറപ്പാണ്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.