തോറ്റിട്ടും തലയുയര്‍ത്തി മടക്കം

പാരിസ്: 1994ലെ ലോകകപ്പ് നിറഞ്ഞുനിന്ന വേനല്‍ക്കാലത്താണ് തന്‍െറ തലമുറയിലെ മറ്റേതൊരു സ്വീഡന്‍കാരനെയും പോലെ സ്ളാറ്റന്‍ ഇബ്രാഹിമോവിച് എന്ന 13കാരന്‍ പയ്യനും അന്താരാഷ്ട്ര ഫുട്ബാളിനെ പ്രണയിച്ച് തുടങ്ങിയത്. സ്വീഡന്‍ സെമിഫൈനലില്‍ ബ്രസീലിനെതിരെ കളിക്കുന്നത് അക്ഷമനായി കണ്ടിരുന്നു അവന്‍. ഒടുവില്‍ 1-0ത്തിന് ബ്രസീല്‍ ജയിച്ചപ്പോള്‍ അവന്‍ ഹൃദയംനിറഞ്ഞു സന്തോഷിച്ചു. അവന്‍െറ പ്രിയ ടീമായ ബ്രസീല്‍ ജയിക്കുമ്പോള്‍ തുള്ളിച്ചാടാതിരിക്കുന്നതെങ്ങനെ. അപ്പോള്‍ സ്വന്തം നാടായ സ്വീഡന്‍ തോറ്റതോ, അതിന് ആരാണ് സ്വീഡന്‍െറ കളി കാണാന്‍ ടിവിക്ക് മുന്നിലിരുന്നത്. ബ്രസീലിനെതിരെ കളിച്ചു എന്നതുകൊണ്ട് സ്വീഡന്‍െറ കളി അവന്‍ കണ്ടുവെന്ന് മാത്രം. ‘ഞാന്‍ സ്വീഡന്‍െറ കളി കണ്ടിരുന്നില്ല.  എന്നാല്‍, ബ്രസീലിനെ ഞാന്‍ പ്രണയിച്ചിരുന്നു. കാരണം അവരുടെ കാര്യം വേറൊന്നുതന്നെയാണ്’ -2012ല്‍ ഇബ്ര ഏറ്റുപറഞ്ഞു. അങ്ങനത്തെന്നെയാണ് സ്ളാറ്റന്‍ ഇബ്രാഹിമോവിച്ചും, കൂട്ടത്തിലെ വ്യത്യസ്തന്‍. കളത്തിലും പുറത്തും ആ വ്യത്യസ്തത കാത്തുസൂക്ഷിച്ച, ആ പഴയ ബ്രസീല്‍ പ്രേമി വ്യാഴാഴ്ച ബൂട്ടഴിച്ചു. ഒരുകാലത്ത് താന്‍ കാണാന്‍പോലും കൂട്ടാക്കാതിരുന്ന സ്വീഡിഷ് ഫുട്ബാളിന്‍െറ ഇതിഹാസമായി.

അവസാനമത്സരത്തില്‍ തോല്‍വിയായിരുന്നു ഫലം, പക്ഷേ നിരാശയോടെയല്ല ഇബ്ര മടങ്ങിയത്. ‘എന്നെ സംബന്ധിച്ച് നിരാശ എന്നതിന് അസ്തിത്വമില്ല; അഭിമാനവും കൃതജ്ഞതയും മാത്രം. മാല്‍മോയുടെ ചെറിയൊരു ഭാഗത്തുനിന്നുള്ള ഒരു സാധാരണക്കാരന്‍ പയ്യന്‍ മാത്രമായ എനിക്ക് എന്‍െറ രാജ്യത്തെ പ്രതിനിധാനംചെയ്യാനായി, എന്‍െറ രാജ്യത്തിന്‍െറ നായകനാകാനായി’ -സ്വീഡന്‍ എന്ന കുഞ്ഞുരാജ്യത്തിന്‍െറ വലിയ ഫുട്ബാള്‍ മന്നനായ സ്ളാറ്റന്‍ ഇബ്രാഹിമോവിച് ബൂട്ടഴിച്ചത് നന്ദിയുടെ നിറമനസ്സോടെ.

യൂറോ 2016ന് അപ്പുറം രാജ്യത്തിന്‍െറ കുപ്പായത്തിലുണ്ടാകില്ളെന്ന് പ്രഖ്യാപിച്ചാണ് നിര്‍ണായകമത്സരത്തില്‍ ബെല്‍ജിയത്തിനെതിരെ ഇബ്ര കളത്തിലിറങ്ങിയത്. 1-0 തോല്‍വിയോടെ അവസാന 16ലേക്ക് കടക്കാതെ സ്വീഡന്‍ തിരിച്ചുപോകുമ്പോള്‍ സ്ളാറ്റന്‍െറ സുന്ദരഗോളുകള്‍ ഈ ടൂര്‍ണമെന്‍റില്‍ കാണാനായില്ളെന്ന നിരാശയില്‍ ആരാധകര്‍ മുങ്ങാംകുഴിയിടവേയാണ് ഒരുതരി സങ്കടവും തനിക്കില്ളെന്ന് പ്രഖ്യാപിച്ച് ഇബ്ര എപ്പോഴത്തെയുംപോലെ തലയുയര്‍ത്തിത്തന്നെ പിരിഞ്ഞത്.സ്വീഡന്‍ കണ്ട എക്കാലത്തെയും മികച്ച ഗോള്‍ സ്കോററും (116 മത്സരങ്ങളില്‍ 62 ഗോള്‍) ഇതിഹാസവുമായിരുന്ന ഇബ്രാഹിമോവിച്ചിന്‍െറ വളര്‍ച്ച സാധാരണമായിരുന്നില്ല. സ്വതസിദ്ധമായ നിഷേധിയുടെ സ്വഭാവം ആദ്യം മുതലേ ഇബ്രയുടെ പടവുകളെ വ്യത്യസ്തമാക്കുന്നതായിരുന്നു. മാല്‍മോയിലെ കുപ്രസിദ്ധമായ ഒരു പ്രദേശത്ത് കുടിയേറ്റക്കാരായ ബോസ്നിയന്‍-മുസ്ലിം പിതാവിനും ക്രൊയേഷ്യന്‍-കാത്തലിക് മാതാവിനും ജനിച്ച ഇബ്ര ഒരിക്കലും സ്വീഡിഷ് പൗരബോധത്തെ തന്നില്‍വളര്‍ത്തിയിരുന്നില്ല.  

2008ലും 2010ലും രണ്ടുതവണ സ്വീഡിഷ് ടീമില്‍നിന്ന് മാറി നിന്ന നിഷേധിയായിരുന്നു ഇബ്ര. ആദ്യത്തേത് നൈറ്റ്ക്ളബില്‍ പോകുന്നതിനുള്ള വിലക്ക് ലംഘിച്ചതിന് തന്നെ ടീമില്‍നിന്ന് പറഞ്ഞയച്ചതിനുള്ള പ്രതിഷേധവും രണ്ടാമത്തേത് 2010 ലോകകപ്പില്‍ സ്വീഡന്‍ യോഗ്യത നേടാതെ പോയപ്പോഴും. വിമര്‍ശങ്ങളുടെ കൂരമ്പുകള്‍ അന്ന് തേടിയത്തെി. കൂടുതല്‍ പക്വതയോടെ തിരിച്ചത്തെിയ താരത്തെ ടീം സ്വീകരിച്ചു. ശരിയായ നായകനായി ഇബ്ര വളര്‍ന്നു. സ്വീഡന്‍െറ ഇതിഹാസമായി. വിമര്‍ശകരെ പ്രകടനവും അര്‍പ്പണബോധവുംകൊണ്ട് വീഴ്ത്തി കുതിച്ച ഇബ്രയാണ് വ്യാഴാഴ്ച അവസാനമത്സരവും കഴിഞ്ഞ് സ്വീഡിഷ് പതാക എന്നും നെഞ്ചോട് ചേര്‍ക്കുമെന്ന് പ്രഖ്യാപിച്ച് മൈതാനം വിട്ടത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT