കൂട്ടക്കുരുതിക്ക് കാരണം ആരാധകരല്ല, സുരക്ഷാ പാളിച്ച

ലണ്ടന്‍: ബ്രിട്ടീഷ് ഫുട്ബാള്‍ ചരിത്രത്തിലെ കറുത്ത അധ്യായമായ ഹില്‍സ്ബറോ ദുരന്തത്തിലെ ഇരകള്‍ നിയമവിരുദ്ധമായി കൊല്ലപ്പെട്ടതാണെന്ന് അന്വേഷണ സംഘത്തിന്‍െറ തീര്‍പ്പ്. 1989ല്‍ ഷെഫീല്‍ഡിലെ ഹില്‍സ്ബറോ സ്റ്റേഡിയത്തില്‍ എഫ്.എ കപ്പ് സെമി മത്സരത്തിനിടെ ഉന്തിലും തള്ളിലും 96 ലിവര്‍പൂള്‍ ആരാധകര്‍ മരിക്കുകയും 750ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ മാച്ച് കമാന്‍ഡര്‍ ചീഫ് സൂപ്രണ്ട് ഡേവിഡ് ഡക്കന്‍ഫീല്‍ഡ് ആണ് ഒന്നാം പ്രതിയെന്ന് ഒമ്പതംഗ ജൂറി കണ്ടത്തെി. ഇരകളുടെ ബന്ധുക്കള്‍ പ്രതിപ്പട്ടികയില്‍ പ്രതിഷ്ഠിച്ച ലിവര്‍പൂള്‍ ആരാധകര്‍ക്ക് ഇതോടെ 27 വര്‍ഷത്തിനുശേഷം കുറ്റവിമോചനമായി. ഇരച്ചത്തെിയ ആരാധകരെ സ്റ്റേഡിയത്തിനകത്തേക്ക് കയറ്റിവിടുന്നതില്‍ സംഭവിച്ച ആസൂത്രണമില്ലായ്മയാണ് ദുരന്തം വരുത്തിയത്. പൊലീസും കമാന്‍ഡിങ് ഓഫിസര്‍മാരുമാണ് ഇതിനു കാരണക്കാര്‍. പുറത്തു കാത്തിരുന്ന് മുഷിഞ്ഞവര്‍ തുറന്നുകിട്ടിയ തെറ്റായ വഴിയിലൂടെ അകത്തുകടന്നത് അവരുടെ തെറ്റല്ളെന്നും സ്റ്റേഡിയത്തിലെ സംവിധാനങ്ങളില്‍ തന്നെ വീഴ്ചകളുണ്ടായിരുന്നുവെന്നും ജൂറി വ്യക്തമാക്കി. 

ലിവര്‍പൂളും നോട്ടിങ്ഹാമും തമ്മിലെ മത്സരം തുടങ്ങുന്നതിന് മണിക്കൂറുകള്‍ മുമ്പുതന്നെ പടിഞ്ഞാറെ സ്റ്റാന്‍ഡില്‍ പ്രശ്നങ്ങള്‍ തുടങ്ങിയിരുന്നു. കടത്തിവിടുന്നതിലെ പാളിച്ചമൂലം മുകള്‍ഭാഗത്തേക്ക് ടിക്കറ്റെടുത്തവരും യഥാര്‍ഥ ടിക്കറ്റുകാരും താഴ്ഭാഗത്ത് ഒരുമിച്ചുവന്നതോടെ വലിയ ആള്‍ക്കൂട്ടം തമ്പടിച്ചുനിന്നത് അപകടം മണത്തു. കളി തുടങ്ങി നാലാം മിനിറ്റില്‍ ലിവര്‍പൂള്‍ നടത്തിയ ആദ്യ മുന്നേറ്റത്തില്‍ ആര്‍പ്പുവിളിച്ച് മുന്നോട്ടാഞ്ഞ ആരാധകരില്‍ ചിലര്‍ ബാരിക്കേഡ് പൊട്ടി വീണതോടെയാണ് വന്‍ ദുരന്തത്തിനു തുടക്കം. നൂറുകണക്കിനു പേര്‍ ഒന്നിനുപിറകെ ഒന്നായി വീണതോടെ കൂട്ടമരണത്തിന്‍െറ വേദിയായി സ്റ്റേഡിയം. മതിയായ സുരക്ഷയൊരുക്കുന്നതില്‍ മാത്രമല്ല, ദുരന്തം കൈകാര്യംചെയ്യുന്നതിലും സുരക്ഷാ ഉദ്യോഗസ്ഥര്‍ പരാജയമായെന്ന് ജൂറി കണ്ടത്തെി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.