ബാഴ്സലോണ: അത്ലറ്റികോ മഡ്രിഡും റയലും ജയിച്ച അതേ രാവില്‍ അരഡസന്‍ ഗോളിന്‍െറ തകര്‍പ്പന്‍ ജയവുമായി ബാഴ്സയുടെയും വിജയാഘോഷം. കറ്റാലന്മാരുടെ ലാ ലിഗ കിരീടപ്രതീക്ഷകള്‍ തലയിലേറ്റിയ ഉറുഗ്വായ് സൂപ്പര്‍ താരം ലൂയി സുവാരസ് തുടര്‍ച്ചയായി രണ്ടാം മത്സരത്തിലും നാലു ഗോളടിച്ചപ്പോള്‍ സ്പോര്‍ട്ടിങ് ജിയോണിനെ മറുപടിയില്ലാത്ത ആറു ഗോളിന് ബാഴ്സ മുക്കി. ലയണല്‍ മെസ്സിയും നെയ്മറും ഓരോ ഗോളും സ്കോര്‍ ചെയ്തു.
അത്ലറ്റികോ മഡ്രിഡ് 1-0ത്തിന് മലാഗയെയും റയല്‍ മഡ്രിഡ് 3-2ന് റയോ വയ്യേകാനോയെയും വീഴ്ത്തി പോയന്‍റ് നിലയില്‍ ഒന്നും രണ്ടും സ്ഥാനക്കാരായതിനു പിന്നാലെയാണ് ബാഴ്സലോണ കളത്തിലിറങ്ങിയത്. കിക്കോഫിനുമുമ്പ് കറ്റാലന്മാരുടെ സ്ഥാനം മൂന്നായിരുന്നു.
പക്ഷേ, പന്തുരുണ്ടു തുടങ്ങിയത് മൂന്നു ദിവസം മുമ്പ് ലാ കൊരൂനയില്‍ അവസാനിപ്പിച്ചിടത്തുനിന്ന്. എട്ടു ഗോളടിച്ച് തുടര്‍ തോല്‍വിഭാരം കഴുകിക്കളഞ്ഞവര്‍ അതേ താളവുമായി നൂകാംപിലെ സ്വന്തം മണ്ണും ഉഴുതുമറിച്ചു. 12ാം മിനിറ്റില്‍ മെസ്സിയുടെ വകയായിരുന്നു ആദ്യ ഗോള്‍. സ്പോര്‍ട്ടിങ്ങിന്‍െറ തുടര്‍ച്ചയായ രണ്ട് ഉഗ്രന്‍ മുന്നേറ്റങ്ങള്‍ക്കിടെ പന്ത് എതിര്‍വലയിലത്തെിയ നിമിഷം. ഇനിയേസ്റ്റയുടെ ക്രോസില്‍ സുവാരസിന് പന്ത് ലഭിക്കും മുമ്പേ എതിര്‍ ഗോളി അഡ്വാന്‍സ് ചെയ്ത് തട്ടിയകറ്റി. പക്ഷേ, പന്തത്തെിയത് മെസ്സിയുടെ തല പാകത്തിന്. ഗോളി സ്ഥാനംതെറ്റിയ പോസ്റ്റിലേക്ക് മെസ്സി ഉതിര്‍ത്ത ഹെഡര്‍ വലകുലുക്കി. ബാഴ്സക്ക് ഒരു ഗോള്‍ ലീഡ്. ആദ്യ പകുതി പിരിയും വരെ പിന്നീട് ഗോളൊന്നും പിറന്നില്ല. ഇരു വിങ്ങിലൂടെയും സ്പോര്‍ട്ടിങ്ങ് കണ്ണഞ്ചിപ്പിക്കുന്ന നീക്കങ്ങള്‍ നടത്തിയെങ്കിലും നിര്‍ഭാഗ്യം വില്ലനായി. മഷറാനോയും പിക്വെും നടത്തിയ ഗോള്‍ലൈന്‍ സേവുകളാണ് സമനില ഗോള്‍ വഴങ്ങുന്നതില്‍നിന്ന് ബാഴ്സയെ രക്ഷപ്പെടുത്തിയത്.
രണ്ടാം പകുതിയില്‍ കൂടുതല്‍ കരുത്തോടെയായിരുന്നു ബാഴ്സലോണ. മെസ്സി-നെയ്മര്‍-സുവാരസ് കൂട്ട് ഇരച്ചുകയറിയതോടെ എതിരാളികള്‍ അമ്പരന്നു. 63ാം മിനിറ്റില്‍ ഇനിയേസ്റ്റയുടെ ക്രോസിലൂടെ സുവാരസ് ആദ്യമായി വലകുലുക്കി. 74, 77 മിനിറ്റില്‍ പെനാല്‍റ്റി അവസരങ്ങളും ഗോളാക്കിമാറ്റി. 88ാം മിനിറ്റില്‍ മെസ്സിയുടെ അസിസ്റ്റിലൂടെ നാലാം ഗോളും.
85ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെയായിരുന്നു നെയ്മറുടെ ഗോള്‍. 35ാം അങ്കത്തില്‍ മൂവരും ജയിച്ചതോടെ ലാ ലിഗ കിരീടപ്പോരാട്ടത്തിലെ കൈ്ളമാക്സ് തുടരുകയാണ്. മൂന്നു കളി ബാക്കിനില്‍ക്കെ ബാഴ്സലോണക്കും അത്ലറ്റികോ മഡ്രിഡിനും 82 പോയന്‍റും റയല്‍ മഡ്രിഡിന് 81 പോയന്‍റുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.