ദേ കിടക്കുന്നു ബാഴ്സ

ബാഴ്സലോണ: കിരീടമുറപ്പിച്ച കുതിപ്പിനിടയില്‍ പിടിവള്ളി കൈവിട്ടുപോയ ബാഴ്സലോണ താഴോട്ട്. ചാമ്പ്യന്‍സ് ലീഗിലെ പുറത്താവലിനു പിന്നാലെ ഊതിനിറച്ച ആത്മവിശ്വാസവുമായി ഞായറാഴ്ച കളത്തിലിറങ്ങിയ ലയണല്‍ മെസ്സിയും സംഘവും ലാ ലിഗയില്‍ വലന്‍സിയയോടും തോറ്റ് പ്രതിരോധത്തിലായി. സ്വന്തം ഗ്രൗണ്ടില്‍ 1-2നായിരുന്നു ബാഴ്സലോണയുടെ തോല്‍വി. കളിച്ച അവസാന അഞ്ചില്‍ നാലാം തോല്‍വി എന്നതിനൊപ്പം, ലാ ലിഗയിലെ തുടര്‍ച്ചയായ മൂന്നാം തോല്‍വിയുമായി. 2003ല്‍ ലൂയി വാന്‍ഗാലിനു കീഴില്‍ സമാന ദുരന്തം നേരിട്ട ശേഷം ഇതാദ്യമായാണ് കറ്റാലന്മാരുടെ അഭിമാനസംഘം പ്രതിസന്ധിയിലകപ്പെടുന്നത്. അന്ന് രണ്ടു തോല്‍വി വഴങ്ങി മൂന്നാമതും തോല്‍ക്കും മുമ്പേ വാന്‍ഗാല്‍ നൂകാംപ് വിട്ടിരുന്നു.

ലാ ലിഗയില്‍ വ്യക്തമായ ലീഡുമായി കിരീടമുറപ്പിച്ച് തോല്‍വിയറിയാത്ത 39 കളിയും പൂര്‍ത്തിയാക്കി കുതിക്കുന്നതിനിടെ ഏപ്രില്‍ മൂന്നിനാണ് ബാഴ്സ ആദ്യ തോല്‍വി അറിയുന്നത്. നൂകാംപില്‍ നടന്ന എല്‍ക്ളാസികോയില്‍ റയല്‍ മഡ്രിഡ് 1-2ന് അട്ടിമറിച്ചു. മൂന്നു ദിവസത്തിനകം നടന്ന ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ആദ്യ പാദത്തില്‍ അത്ലറ്റികോ മഡ്രിഡിനെ 2-1ന് തോല്‍പിച്ച് ലയണല്‍ മെസ്സിയും സംഘവും ആത്മവിശ്വാസം വീണ്ടെടുത്തതാണ്.

പക്ഷേ, നാലാം ദിനം ലാ ലിഗയില്‍ റയല്‍ സൊസീഡാഡിനോടേറ്റ ഒരു ഗോള്‍ തോല്‍വി സമനില തെറ്റിച്ചു. 14ന് ചാമ്പ്യന്‍സ് ലീഗിലെ രണ്ടാം പാദ പോരാട്ടം മഡ്രിഡില്‍. മറുപടിയില്ലാത്ത രണ്ടു ഗോളിന് ബാഴ്സലോണയെ തകര്‍ത്ത് അത്ലറ്റികോ സെമിയിലിടം നേടിയപ്പോള്‍ ലോകമെങ്ങുമുള്ള ആരാധകരും ഞെട്ടി. കഴിഞ്ഞ സീസണില്‍ ട്രിപ്ള്‍ കിരീടമണിഞ്ഞ് ലോകത്തെ ഏറ്റവും മികച്ച ക്ളബായി മാറിയ ബാഴ്സലോണ പിഴവുകള്‍ തിരുത്താനുറച്ചായിരുന്നു തിങ്കളാഴ്ച വലന്‍സിയക്കെതിരെ ഇറങ്ങിയത്. 

അത്ലറ്റികോയും റയലുമേല്‍പിച്ച മുറിവ് വിട്ടുണങ്ങാതെയിറങ്ങിയ ബാഴ്സക്കെതിരെ വലന്‍സിയ നിറഞ്ഞാടി. കിങ്സ് കപ്പില്‍ കളിക്കാന്‍ നൂകാംപിലത്തെിയപ്പോള്‍ ഏഴു ഗോള്‍ വഴങ്ങിയതിന്‍െറ കണക്കും തീര്‍ക്കുന്നതായിരുന്നു പോരാട്ടം. കളിയുടെ 26ാം മിനിറ്റില്‍ ബാഴ്സ താരം ഇവാന്‍ റാകിടിചില്‍ തൊട്ടുരുമ്മി സെല്‍ഫ് ഗോളാക്കി തുടങ്ങിയവര്‍ ഒന്നാം പകുതി പിരിയും മുമ്പേ രണ്ടാം ഗോളും നേടി. ഇഞ്ചുറി ടൈമില്‍ സാന്‍റി മിനയുടെ ബൂട്ടില്‍നിന്ന് അനായാസം ഗോള്‍ പിറന്നതോടെ ബാഴ്സ തോല്‍വി ഉറപ്പിച്ചു. 63ാം മിനിറ്റില്‍ മെസ്സിയുടെ ‘ബ്രില്യന്‍റ് ടച്ചില്‍’ ബാഴ്സ തിരിച്ചടിച്ചെങ്കിലും തോല്‍വി നിഷേധിക്കാന്‍ ഇതിനൊന്നുമായില്ല.
മാര്‍ച്ച് 20ന് വിയ്യാറയലിനോട് സമനിലയില്‍ പിരിഞ്ഞതിനു പിന്നാലെ ഈസ്റ്റര്‍ അവധി കഴിഞ്ഞ് കളത്തിലിറങ്ങിയ ബാഴ്സക്ക് അഞ്ചില്‍ ഒരു കളി മാത്രമേ ജയിക്കാന്‍ കഴിഞ്ഞിട്ടുള്ളൂ. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.