വീണ്ടും തോറ്റ് ബാഴ്സ

മഡ്രിഡ്: അപരാജിതരെന്ന ഖ്യാതിയുമായി മാസങ്ങളോളം മൈതാനങ്ങള്‍ അടക്കിവാണ യൂറോപ്യന്‍ ചാമ്പ്യന്മാര്‍ക്ക് നിര്‍ണായക ഘട്ടത്തില്‍ ചുവടുപിഴക്കുന്നോ? ലാ ലിഗയില്‍ റയല്‍ മഡ്രിഡിനു പിന്നാലെ റയല്‍ സോസിഡാഡിനോടും ബാഴ്സലോണ തുടരെ തോല്‍വിയേറ്റുവാങ്ങിയതോടെ ലാ ലിഗയില്‍ കിരീടപോരാട്ടം കനക്കുകയാണ്. ഒമ്പത് പോയന്‍റ് വ്യത്യാസവുമായി ഒറ്റക്കു കുതിച്ചുകൊണ്ടിരുന്നവരെ ഒറ്റമത്സരത്തില്‍ ഒപ്പംപിടിക്കാമെന്ന് അത്ലറ്റികോ മഡ്രിഡും രണ്ടില്‍ പിടിക്കാമെന്ന് റയലും കണക്കുകൂട്ടി തുടങ്ങിയിരിക്കുന്നു.

റയല്‍ സോസിഡാഡിന്‍െറ തട്ടകമായ സാന്‍ സെബാസ്റ്റ്യനില്‍ 2007നുശേഷം ഇതുവരെയും ജയം തീണ്ടിയിട്ടില്ളെന്ന റെക്കോഡ് തിരുത്താന്‍ ഇറങ്ങിയ ബാഴ്സലോണ ഏകപക്ഷീയമായ ഒരു ഗോളിനാണ് ദുര്‍ബലരായ എതിരാളികള്‍ക്കു മുന്നില്‍ ശനിയാഴ്ച രാത്രി അടിയറവ് പറഞ്ഞത്.
സസ്പെന്‍ഷനെ തുടര്‍ന്ന് സുവാരസ് പുറത്തായതോടെ പ്ളേമേക്കറുടെ റോള്‍ ഒറ്റക്ക് ഏറ്റെടുക്കേണ്ടിയിരുന്ന സൂപ്പര്‍ താരം ലയണല്‍ മെസ്സിയും ഒട്ടും ഫോമിലല്ലാതിരുന്ന നെയ്മറും നഷ്ടപ്പെടുത്തിയ അവസരങ്ങളുടെ നാലിലൊന്ന് പോസ്റ്റിലത്തെിയിരുന്നെങ്കില്‍ ജയിക്കാമായിരുന്ന കളിയാണ് ബാഴ്സ വെറുതെ കളഞ്ഞുകുളിച്ചത്. ആദ്യ പകുതിയുടെ അഞ്ചാം മിനിറ്റില്‍ മൈക്കല്‍ ഒയര്‍സബലിന്‍െറ വകയായിരുന്നു സോസിഡാഡിന് വിജയഗോള്‍. സാവി പ്രിയറ്റോ വലതുവിങ്ങില്‍നിന്ന് മനോഹരമായി നീട്ടിനല്‍കിയ ക്രോസില്‍ ഒയര്‍സബല്‍ തലവെക്കുമ്പോള്‍ ഒപ്പമുണ്ടായിരുന്ന പിക്വെപ്രതിരോധിക്കാന്‍ ശ്രമം നടത്തുകപോലും ചെയ്തിരുന്നില്ല. മെസ്സിയെ കത്രികപ്പൂട്ടിട്ടുനിര്‍ത്തുന്നതില്‍ വിജയിച്ച സോസിഡാഡ് പ്രതിരോധത്തില്‍ കോട്ടകെട്ടിയാണ് ബാഴ്സ ആക്രമണത്തിന്‍െറ മുനയൊടിച്ചത്.

ലാ ലിഗയിലെ മറ്റു മത്സരത്തില്‍ എസ്പാന്യോളിനെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് മറികടന്ന് അത്ലറ്റികോ മഡ്രിഡ് ബാഴ്സക്കു മൂന്നു പോയന്‍റ് അരികിലത്തെി. ഫെര്‍ണാണ്ടോ ടോറസ്, അന്‍േറായിന്‍ ഗ്രീസ്മാന്‍, ജോര്‍ജ് കോകെ എന്നിവര്‍ അത്ലറ്റികോക്കുവേണ്ടി വലകുലുക്കിയപ്പോള്‍ ദിയോപ് എസ്പാന്യോളിന്‍െറ ആശ്വാസ ഗോള്‍ കണ്ടത്തെി. ആറു കളികള്‍ ബാക്കിനില്‍ക്കെ ബാഴ്സക്ക് 76ഉം അറ്റ്ലറ്റികോക്ക് 73ഉം പോയന്‍റാണുള്ളത്. റയല്‍ മഡ്രിഡ് 72 പോയന്‍റുമായി മൂന്നാമതുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.