സുവാരസ് ബാഴ്‌സയുടെ മാനംകാത്തു

ബാഴ്സലോണ: ദിവസങ്ങള്‍ക്കുമുമ്പ് സെല്‍റ്റ വിഗോക്കു മുന്നില്‍ ദയനീയമായി തോറ്റ് നാണംകെട്ട ലാ ലിഗ ചാമ്പ്യന്മാര്‍ക്ക് ആശ്വാസമായി ജയം. ഒറ്റ തോല്‍വികൊണ്ട് ഒന്നാം സ്ഥാനത്തുനിന്ന് അഞ്ചാമതായിപ്പോയ ബാഴ്സയാണ് ദുര്‍ബലരായ ലാസ് പലമാസിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് വീഴ്ത്തിയത്. ഇനിയൊരു തോല്‍വികൂടി താങ്ങാനാവാത്ത കാണികള്‍ക്ക് മുന്നില്‍ സുവാരസ് നേടിയ ഇരട്ടഗോളുകളാണ് ബാഴ്സയെ മുഴുവന്‍ പോയന്‍റും നേടാന്‍ സഹായിച്ചത്.



വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും ലാ ലിഗയിലത്തെിയ ലാസ് പലമാസ് തുടക്കംമുതലേ ചിത്രത്തിലുണ്ടായിരുന്നില്ല. നാട്ടില്‍ നികുതിവെട്ടിപ്പ് കേസില്‍ കുടുങ്ങി സ്വത്ത് മരവിപ്പിക്കപ്പെട്ട വാര്‍ത്തയുടെ ഞെട്ടലുമായി ഇറങ്ങിയ നെയ്മര്‍ തിളങ്ങാതെപോവുകയും മെസ്സി തുടക്കത്തിലേ പരിക്കേറ്റ് പുറത്താവുകയും ചെയ്തിട്ടും ബാഴ്സക്കുതന്നെയായിരുന്നു മേധാവിത്വം. ക്യാമ്പ് നൂവിലെ കാണികളുടെ നിറഞ്ഞ പിന്തുണയോടെ പന്തുതട്ടി തുടങ്ങിയ ചാമ്പ്യന്‍ ടീം അവസരങ്ങള്‍ തുറക്കുന്നതില്‍ തുടക്കത്തിലേ പാളി. ഒമ്പതാം മിനിറ്റില്‍ പരിക്കേറ്റ് മെസ്സി മടങ്ങുമ്പോള്‍ ബാഴ്സ നിര മാത്രമല്ല, ഗാലറിയും മൗനംപൂണ്ടു.



ഗോള്‍മഴ പ്രതീക്ഷിച്ചത്തെിയ കാണികളെ ത്രസിപ്പിച്ച് ആദ്യ ഗോള്‍ പിറന്നത് 25ാം മിനിറ്റില്‍. വലതുവശത്തുകൂടി കുതിച്ചത്തെിയ ബാഴ്സ താരം സെര്‍ജി റോബര്‍ട്ടോ നല്‍കിയ ക്രോസില്‍ തലവെക്കുക മാത്രമായിരുന്നു സുവാരസിന്‍െറ ദൗത്യം. ഇടതുമൂലയിലേക്ക് അനായാസം ഹെഡ് ചെയ്തത് ഗോളിക്ക് അവസരം നല്‍കിയതേയില്ല. ഒരു ഗോള്‍ ലീഡുമായി പിരിഞ്ഞ ആദ്യ പകുതിക്കുശേഷം 54ാം മിനിറ്റിലായിരുന്നു യുവതാരം മുനീര്‍ അല്‍ഹദ്ദാദിയുടെ മാന്ത്രികസ്പര്‍ശമുള്ള ഗോള്‍ പിറക്കുന്നത്.കളി അവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രമുള്ളപ്പോഴാണ് ലാസ് പാല്‍മാസ് ഒരു ഗോള്‍ മടക്കുന്നത്. ജൊനാഥന്‍ വിയേറയായിരുന്നു സ്കോറര്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.