സെപ് ബ്ലാറ്ററെ ചോദ്യം ചെയ്തു

സൂറിക്: സാമ്പത്തിക തിരിമറി കുറ്റത്തിന് ഫിഫ പ്രസിഡന്‍റ് സെപ് ബ്ളാറ്റര്‍ക്കെതിരെ ക്രിമിനല്‍ കേസ്. വെള്ളിയാഴ്ച ബ്ളാറ്ററിനെ സ്വിസ് ഫെഡറല്‍ പൊലീസ് ചോദ്യം ചെയ്തു. കൂടാതെ ഫിഫ തലവന്‍െറ ഓഫിസില്‍ റെയ്ഡ് നടത്തി രേഖകളും പിടിച്ചെടുത്തു. കേസെടുത്ത കാര്യം സ്വിറ്റ്സര്‍ലന്‍ഡിന്‍െറ അറ്റോണി ജനറല്‍ ഓഫിസാണ് അറിയിച്ചത്. ഫിഫ വൈസ് പ്രസിഡന്‍റ് മിഷേല്‍ പ്ളാറ്റിനിയെയും സാക്ഷി എന്നനിലയില്‍ ചോദ്യം ചെയ്തു. 2011 ഫെബ്രുവരിയില്‍ ബ്ളാറ്ററില്‍നിന്ന് രണ്ടു ദശലക്ഷം സ്വിസ് ഫ്രാങ്ക് സ്വീകരിച്ചതുമായി ബന്ധപ്പെട്ടാണ് പ്ളാറ്റിനിയെ ചോദ്യംചെയ്തത്. വിശ്വാസ്യമല്ലാത്ത പ്രതിഫലം എന്ന ഗണത്തില്‍പെടുത്തിയാണ് ഈ തുകയെപ്പറ്റി അന്വേഷിക്കുന്നത്. ഫിഫയുടെ താല്‍പര്യങ്ങള്‍ക്കെതിരായാണ് തുക കൈമാറിയതെന്നാണ് ആരോപണം. 1999 ജനുവരിക്കും 2002 ജൂണിനും ഇടയിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് എന്ന പേരിലാണ് ഫിഫ ഫണ്ടില്‍നിന്ന് ബ്ളാറ്റര്‍ പണം അനുവദിച്ചത്. ഫുട്ബാള്‍ രാഷ്ട്രീയത്തില്‍ തുടക്കം കുറിച്ച നാളുകളില്‍ ബ്ളാറ്ററുടെ വ്യക്തിഗത ഉപദേഷ്ടാവ് എന്ന നിലയിലാണ് പ്ളാറ്റിനി പ്രവര്‍ത്തിച്ചിരുന്നത്.

എക്സിക്യൂട്ടിവ് കമ്മിറ്റി യോഗത്തിനു പിന്നാലെയാണ് ബ്ളാറ്ററിനെ ചോദ്യം ചെയ്തത്. 2018 റഷ്യ, 2022 ഖത്തര്‍ ലോകകപ്പ് വേദികള്‍ അനുവദിക്കുന്നതില്‍സാമ്പത്തിക തിരിമറി നടന്നുവെന്ന് കഴിഞ്ഞ നവംബറില്‍ ഫിഫ പരാതിപ്പെട്ടതിനുശേഷം സ്വിസ് അധികാരികള്‍ എടുത്ത കേസില്‍ സംശയിക്കുന്നവരുടെ കൂട്ടത്തില്‍ ഒൗദ്യോഗികമായി ചോദ്യംചെയ്യപ്പെട്ട ആദ്യ വ്യക്തിയാണ് ബ്ളാറ്റര്‍.


 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.