ഡെന്‍സണും സബീത്തും സീക്കോയുടെ കളിക്കാര്‍

ദുബൈ: മറ്റൊരു മലയാളി ഫുട്ബാള്‍ കളിക്കാര്‍ക്കും ലഭിക്കാത്ത മഹാസൗഭാഗ്യത്തിന്‍െറ ആഹ്ളാദത്തിലാണ് ഡെന്‍സണ്‍ ദേവദാസും സി.എസ്. സബീത്തും. സമകാലിക ഇന്ത്യന്‍ ഫുട്ബാളില്‍ കേരളത്തിന്‍െറ ചുണക്കുട്ടികളായ ഇരുവര്‍ക്കും ബ്രസീലിയന്‍ ഇതിഹാസം സീക്കോയുടെ കീഴിലെ പരിശീലനം സ്വപ്നമോ യാഥാര്‍ഥ്യമോ എന്ന് വിശ്വസിക്കാനാവുന്നില്ല.

 ഇതൊരു അപൂര്‍വ ഭാഗ്യമാണെന്ന് ഇത്തവണ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ (ഐ.എസ്.എല്‍) എഫ്.സി.ഗോവയുടെ നിരയില്‍ ഇറങ്ങുന്ന ഇരുവരും ഒരേ സ്വരത്തില്‍ പറയുന്നു. കഴിഞ്ഞ ഐ.എസ്.എല്ലിലെ പ്രകടനംകണ്ട് കോച്ച് സീക്കോ നേരിട്ട് തെരഞ്ഞെടുത്ത ടീമാണ് ഇത്തവണ എഫ്.സി. ഗോവ.  അദ്ദേഹത്തിന്‍െറ ശ്രദ്ധയില്‍പെടുക, തങ്ങളെ ടീമിലേക്ക് തെരഞ്ഞെടുക്കുക, നേരിട്ട് പരിശീലനം നല്‍കുക. ^ഇതെല്ലാം ജീവിതത്തിലെ വലിയ അനുഗ്രഹമല്ലാതെ മറ്റെന്താണെന്ന് ഡെന്‍സണും സബീത്തും ചോദിക്കുന്നു.

ഇതുവരെ ലഭിച്ച പരിശീലനത്തില്‍ നിന്നെല്ലാം വ്യത്യസ്തമാണ് ‘വെളുത്ത പെലെ’യുടെ രീതി. രണ്ടാഴ്ചത്തെ പരിശീലനത്തില്‍നിന്നുതന്നെ അത് മനസ്സിലായി. ഒരു ബ്രസീലിയന്‍ ടച്ചുണ്ട് അദ്ദേഹത്തിന്‍െറ ഓരോ പാഠത്തിനും. വളരെ ലളിതമാണ് രീതികള്‍. സ്നേഹത്തോടെയുള്ള പെരുമാറ്റം. ആത്മവിശ്വാസം പകര്‍ന്നുതരാനാണ് സീക്കോ പ്രധാനമായും ശ്രമിക്കുന്നത്. പിന്നെ ഫിറ്റ്നസിനും ^ഡെന്‍സണ്‍ ഇത് പറയുമ്പോള്‍ സബീത്ത് തലകുലുക്കുന്നു.

ഭാഷ മാത്രമാണ് പ്രശ്നം. അദ്ദേഹത്തിന് ഇംഗ്ളീഷ് അറിയില്ല. പോര്‍ചുഗീസാണ് സംസാരിക്കുന്നത്. കൂടെയുള്ള മാനേജറിലൂടെയാണ് കളിക്കാരുമായി ആശയവിനിമയം നടത്തുന്നത്. പക്ഷേ, പുതിയ ടെക്നിക്കുകളും രീതികളും സീക്കോ നേരിട്ട് കാണിച്ചുതരുന്നതിനാല്‍ ഭാഷ തടസ്സമായി തോന്നുന്നില്ല.

ഒരു സമ്മര്‍ദവുമില്ലാതെ ആസ്വദിച്ച് കളിക്കാനാകുന്നുവെന്നതാണ് സീക്കോയില്‍നിന്ന് ലഭിച്ച വലിയനേട്ടമെന്ന് സബീത്ത് പറയുന്നു. മഞ്ഞപ്പടയുടെ ലോകകപ്പ് താരമായ ലൂസിയോക്കൊപ്പം കളിക്കുന്നതും അവിസ്മരണീയ അനുഭവം തന്നെയാണ് ഇവര്‍ക്ക്.
സെപ്റ്റംബര്‍ മൂന്നിനാണ് ദുബൈ സ്പോര്‍ട്സ് സിറ്റി സ്റ്റേഡിയത്തില്‍ എഫ്.സി ഗോവ ടീം പരിശീലനം തുടങ്ങിയത്. ഈ മാസം 22ന് ഗോവയിലേക്ക് തിരിക്കുംമുമ്പ് യു.എ.ഇ ക്ളബുകളുമായി അഞ്ചു പരിശീലന മത്സരങ്ങളും കളിക്കുന്നുണ്ട്. മൂന്നെണ്ണം കഴിഞ്ഞു. ഇതില്‍ രണ്ടു സമനിലയും ഒരു ജയവും. അജ്മാന്‍ ടീമുമായുള്ള മൂന്നാമത്തെ കളിയില്‍ സമനില ഗോള്‍ സബീത്തിന്‍െറ ബൂട്ടില്‍നിന്നായിരുന്നു.

കഴിഞ്ഞ മൂന്നുവര്‍ഷം സബീത്തും ഡെന്‍സണും മോഹന്‍ ബഗാന്‍ നിരയില്‍ ഒന്നിച്ചായിരുന്നു. ഈവര്‍ഷം സബീത്ത് ഈസ്റ്റ് ബംഗാളിലേക്ക് മാറി. ഇപ്പോള്‍ വായ്പയിലാണ് എഫ്.സി ഗോവക്കുവേണ്ടി ബൂട്ടുകെട്ടുന്നത്. ഡെന്‍സണ്‍ മോഹന്‍ ബഗാന്‍ വിട്ടെങ്കിലും മറ്റൊരു ടീമുമായും കരാര്‍ ഒപ്പുവെച്ചിട്ടില്ല. സബീത്ത് പഠിച്ചതും വളര്‍ന്നതുമെല്ലാം പിതാവിന്‍െറ ജോലിസ്ഥലമായ ഊട്ടിയിലാണ്. 2008ല്‍  അണ്ടര്‍ 19 ഇന്ത്യന്‍ ടീമിലും അടുത്തവര്‍ഷം അണ്ടര്‍ 23 ദേശീയ ടീമിലും കളിച്ചു. 2012ല്‍ ദേശീയ സീനിയര്‍ ടീമിലുമത്തെി. 2011^12ലെ ഐ ലീഗില്‍ പൈലന്‍ ആരോസിനുവേണ്ടി ഒമ്പതു ഗോളടിച്ച് ടോപ്സ്കോററായതോടെയാണ് മോഹന്‍ ബഗാനിലേക്ക് വഴിതുറന്നത്.

കണ്ണൂര്‍ ബര്‍ണശ്ശേരിക്കാരനായ ഡെന്‍സണ്‍ ദേവദാസ് കേരളത്തിനും ബംഗാളിനുംവേണ്ടി സന്തോഷ് ട്രോഫി കളിച്ചിട്ടുണ്ട്. 2010ല്‍ ബംഗാള്‍ 10 വര്‍ഷത്തെ ഇടവേളക്കുശേഷം സന്തോഷ് ട്രോഫി നേടിയത് ഫൈനലില്‍ ഡെന്‍സണ്‍ നേടിയ രണ്ടു ഗോളിന്‍െറ ചിറകിലേറിയായിരുന്നു. അതോടെ, ബംഗാളികളുടെ പ്രിയതാരമായി ഈ സെന്‍ട്രല്‍ മിഡ്ഫീല്‍ഡര്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.