ബാഴ്സ, ബയേണ്‍ മ്യൂണിക്, ചെല്‍സി ഇന്നിറങ്ങും

ലണ്ടന്‍: ചാമ്പ്യന്മാരും മുന്‍ ചാമ്പ്യന്മാരുംകൂടി കളത്തിലിറങ്ങുന്നതോടെ, യൂറോപ്പിലെ കാല്‍പന്തുലഹരിക്ക് ശരിക്കും ചൂടേറുന്നു. കിരീടം നിലനിര്‍ത്താന്‍ ലയണല്‍ മെസ്സിയുടെ ബാഴ്സലോണയും തിരിച്ചുപിടിക്കാന്‍ മുന്‍ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്കും കച്ചമുറുക്കുന്നതോടെ യൂറോപ്പില്‍ ചാമ്പ്യന്‍സ് പോരാട്ടം പതിവ് താളത്തിലേക്ക്. ആഭ്യന്തര ലീഗിലെ മികച്ച തുടക്കവുമായാണ് ഇരുവരും എവേ മത്സരത്തോടെ സീസണിന് തുടക്കംകുറിക്കുന്നത്. അതേസമയം, ഇംഗ്ളണ്ടില്‍ പൊട്ടിത്തകര്‍ന്ന ചെല്‍സിയും കോച്ച് ജോസെ മൗറീന്യോയും ആത്മാഭിമാനം വീണ്ടെടുക്കാന്‍ സ്റ്റാംഫോഡ് ബ്രിഡ്ജില്‍ ബൂട്ടണിയും. ആഴ്സനല്‍, പോര്‍ട്ടോ, ബയര്‍ ലെവര്‍കൂസന്‍ തുടങ്ങിയവരും വിവിധ വേദികളില്‍ യൂറോപ്യന്‍ ക്ളബ് സിംഹാസനം തേടി പടപ്പുറപ്പാടിലേക്ക്.

റോമ x ബാഴ്സലോണ
ബാഴ്സലോണ കോച്ച് ലൂയി എന്‍റികിനും സ്റ്റാര്‍ സ്ട്രൈക്കര്‍ ലയണല്‍ മെസ്സിക്കും വിശേഷപ്പെട്ടതാണ് ഇന്നത്തെ മത്സരം. സ്പാനിഷ് ചാമ്പ്യന്മാരെ യൂറോപ്പിലെയും ചാമ്പ്യന്മാരാക്കിയ കഴിഞ്ഞ സീസണിന്‍െറ ആവര്‍ത്തനം ലക്ഷ്യമിടുന്ന എന്‍റിക്, ഇക്കുറി പോരാട്ടത്തിന് തുടക്കംകുറിക്കുന്നത് തന്‍െറ മുന്‍ ക്ളബിനെതിരെ. 2011^12 സീസണില്‍ ഇറ്റാലിയന്‍ ക്ളബ് പരിശീലകനായിരുന്ന എന്‍റിക്, യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പിലെ തോല്‍വിയെ തുടര്‍ന്ന് രാജിവെക്കുകയായിരുന്നു. എന്നാല്‍, ബാഴ്സയിലെ ആദ്യ സീസണില്‍ ട്രിപ്ള്‍ കിരീടനേട്ടം ആഘോഷിച്ച എന്‍റിക് ഇന്ന് റോമയെ നേരിടുമ്പോള്‍ പണ്ട് പുറത്താക്കിയവരെ, അവരുടെ വീട്ടിലത്തെി വെല്ലുവിളിക്കുന്ന ഭാവമുണ്ട്.
‘തന്നെ മികച്ച പരിശീലകനാക്കിയ മണ്ണ്’  എന്നാണ് റോമയില്‍ വിമാനമിറങ്ങുംമുമ്പേ എന്‍റിക് വിശേഷിപ്പിച്ചത്.
അര്‍ജന്‍റീന സൂപ്പര്‍താരം ലയണല്‍ മെസ്സിക്ക് ചാമ്പ്യന്‍സ് ലീഗില്‍ ബുധനാഴ്ച രാത്രിയില്‍ സെഞ്ച്വറി പോരാട്ടം. ലാ ലിഗയിലെ അവസാന മത്സരത്തില്‍ അത്ലറ്റികോ മഡ്രിഡിനെതിരെ പകരക്കാരന്‍െറ കുപ്പായത്തിലായിരുന്നു മെസ്സി. എന്നാല്‍, 60ാം മിനിറ്റില്‍ ഗ്രൗണ്ടിലിറങ്ങിയ താരം ടീമിന്‍െറ വിജയഗോള്‍ കുറിച്ച് മിന്നിത്തിളങ്ങി. രണ്ടാം കുഞ്ഞ് പിറന്ന തിരക്കിലായിരുന്ന അര്‍ജന്‍റീന താരം കഴിഞ്ഞ ദിവസം പരിശീലനത്തിലും ടീമിനൊപ്പമില്ലായിരുന്നു. എന്നാല്‍, ഇറ്റലിയില്‍ സ്റ്റാര്‍ട്ടിങ് ലൈനപ്പില്‍ നെയ്മറിനും സുവാരസിനുമൊപ്പം മെസ്സിയുണ്ടാകും. പരിക്കിന്‍െറ പിടിയിലായ തോമസ് വെര്‍മലെന്‍, ക്ളോഡിയോ ബ്രാവോ എന്നിവര്‍ ചാമ്പ്യന്‍സ് ലീഗിലെ ആദ്യ അങ്കത്തിലും ടീമിലുണ്ടാകില്ല. ഡാനി ആല്‍വസും പരിക്കില്‍നിന്ന് മുക്തനല്ല. എന്നാല്‍, ജെറാഡ് പിക്വെതിരിച്ചത്തെുമെന്നാണ് ടീം ന്യൂസ്.
ഇറ്റാലിയന്‍ സീരി ‘എ’യിലെ അവസാന മത്സരത്തില്‍ 2^0ത്തിന് ഫ്രോസിനോണിനെ തോല്‍പിച്ചത്തെുന്ന റോമ ബാഴ്സയെയും പിടിച്ചുകെട്ടാമെന്ന ആത്മവിശ്വാസത്തിലാണ്. തൊട്ടുമുമ്പത്തെ മത്സരത്തില്‍ ചാമ്പ്യന്മാരായ യുവന്‍റസിനെയും തോല്‍പിച്ചു. ഫ്രാന്‍സിസ്കോ ടോട്ടിയുടെ പരിചയസമ്പത്തും യുവനിരയുടെ സാന്നിധ്യവുമുള്ള റോമപ്പടക്ക് ആത്മവിശ്വാസം നല്‍കി കോച്ച് റൂഡി ഗാര്‍ഷ്യയുമുണ്ട്.



ഒളിമ്പിയാക്കോസ് xബയേണ്‍ മ്യൂണിക്

2012^13 സീസണിലെ യൂറോപ്യന്‍ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്കിന് കഴിഞ്ഞ രണ്ടു സീസണിലും സെമിയില്‍ പുറത്താകാനായിരുന്നു വിധി. യുപ് ഹെയ്ന്‍കസിന്‍െറ പിന്‍ഗാമിയായി രണ്ടു വര്‍ഷം മുമ്പ് മ്യൂണിക്കിലത്തെിയ പെപ് ഗ്വാര്‍ഡിയോളക്കാവട്ടെ ബാഴ്സയിലെ നേട്ടങ്ങള്‍ ബയേണില്‍ വിരിയിക്കാനുമായില്ല. കരാര്‍പ്രകാരം കോച്ചിന്‍െറ അവസാന സീസണാണിത്. ഈ വര്‍ഷമെങ്കിലും വന്‍കരയിലെ ചാമ്പ്യന്മാരാവുകയെന്ന ലക്ഷ്യവുമായി ഗ്വാര്‍ഡിയോള ഒളിമ്പിയാക്കോസിലേക്ക് പറക്കുമ്പോള്‍ ആവശ്യത്തിലേറെ സമ്മര്‍ദവും ഒപ്പമുണ്ട്.
ബുണ്ടസ് ലിഗയില്‍ നാലില്‍ നാലും ജയിച്ച് സീസണിന് തുടക്കമിട്ടവര്‍ 15 ഗോളും ഇതിനകം അടിച്ചുകൂട്ടി. നാലു ഗോളുമായി സ്റ്റാര്‍ സ്ട്രൈക്കര്‍ തോമസ് മ്യൂളര്‍ മിന്നുന്ന ഫോമിലും. അതേസമയം, പരിക്കിന്‍െറ പിടിയിലായ ആര്‍യെന്‍ റോബന്‍െറയും ഫ്രാങ്ക് റിബറിയുടെയും അസ്സാന്നിധ്യം ജര്‍മന്‍ സംഘത്തിന്‍െറ ക്ഷീണമാകും.
ബയേണിനെപ്പോലെതന്നെ, ചാമ്പ്യന്‍സ് ലീഗിലെ പതിവ് സാന്നിധ്യമാണ് ഗ്രീക് സംഘമായ ഒളിമ്പിയാക്കോസും. എന്നാല്‍, ക്വാര്‍ട്ടര്‍ ഫൈനലിനപ്പുറം മുന്നേറിയിട്ടില്ളെന്നത് ചരിത്രം.
ഗ്രൂപ് ‘എഫി’ല്‍ ഇംഗ്ളീഷ് സംഘം ആഴ്സനല്‍, ക്രൊയേഷ്യക്കാരായ ഡൈനാമോ സഗ്രെബ് എന്നിവരാണ് മറ്റ് ടീമുകള്‍.  



ചെല്‍സി x മകാബി
ചെല്‍സിക്കും കോച്ച് ജോസെ മൗറീന്യോക്കും ഓടിയൊളിക്കാന്‍ കിട്ടിയതാണീ ചാമ്പ്യന്‍സ് ലീഗ്. ഇംഗ്ളീഷ് പ്രീമിയര്‍ ലീഗില്‍ മൂന്ന് പതിറ്റാണ്ടിനുള്ളിലെ ഏറ്റവും മോശം നിലയിലുള്ള ടീമിനെ ആരാധകരും മാധ്യമങ്ങളും കൊത്തിക്കീറുന്നതിനിടെയാണ് ഗ്രൂപ് റൗണ്ടിലെ ആദ്യ മത്സരം. അതും, ദുര്‍ബലരായ ഇസ്രായേല്‍ ടീം മകാബി തെല്‍അവീവിനെതിരെ. എവര്‍ട്ടനോടേറ്റ 3^1ന്‍െറ തോല്‍വിക്കു പിന്നാലെ ലീഗ് പട്ടികയില്‍ ടീം 17ലേക്ക് മൂക്കുകുത്തി വീണതോടെ മൂര്‍ച്ചകൂടിയ വിമര്‍ശങ്ങളെ മൗറീന്യോ തടഞ്ഞതും ചാമ്പ്യന്‍സ് ലീഗിന്‍െറ പേരിലായിരുന്നു. ‘ലീഗ് പോയന്‍റ് പട്ടികയിലേക്ക് നോക്കാതിരിക്കുന്നതാണ് നല്ലത്. ഞാന്‍ പരിശീലിപ്പിക്കുന്ന ടീം ഈ സ്ഥാനത്തിരിക്കുന്നത് ആദ്യമാണ്’ -തോല്‍വിഭാരം അസ്വസ്ഥപ്പെടുത്തിയ മൗറീന്യോയുടെ വാക്കുകളില്‍ മായ്ക്കാനാകാത്ത മുറിവുകളുണ്ട്.
കളിക്കാരെയും നോവിച്ച കോച്ചിന്‍െറ നിരാശയാര്‍ന്ന വാക്കുകള്‍ക്ക് ജയത്തിലൂടെ മറുപടി മാത്രമാണ് ഇപ്പോഴൊരു പോംവഴി. അതാകും, സ്റ്റാംഫോഡ് ബ്രിഡ്ജിലെ ആദ്യ ഗ്രൂപ് മത്സരത്തില്‍ ഇന്ന് ആരാധകര്‍ക്ക് വിരുന്നൊരുക്കുന്നത്.

മറ്റു മത്സരങ്ങള്‍
ബയര്‍ ലെവര്‍കൂസന്‍ x ബെയ്റ്റ്
ഡിനാമോ x ആഴ്സനല്‍
ഡൈനാമോ കിയവ് x പോര്‍ട്ടോ
ജെന്‍റ് x ഒളിമ്പിക് ല്യോണെയ്സ്
വലന്‍സിയ x സെനിത്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.