ന്യൂജഴ്സി: കോപ അമേരിക്കയിലെ ദയനീയ തോല്‍വിക്കു ശേഷം ആദ്യമായി കളത്തിലിറങ്ങിയ ബ്രസീലിന് ഒരു ഗോള്‍ ജയം. 10ാം മിനിറ്റില്‍ ഹള്‍കിന്‍െറ ഗോളിലൂടെയാണ് മഞ്ഞപ്പട കോസ്റ്ററീകക്കെതിരെ ആശ്വാസ ജയം നേടിയത്. ലോകകപ്പ് യോഗ്യതാ പോരാട്ടങ്ങള്‍ക്ക് ഒക്ടോബറില്‍ കിക്കോഫ് കുറിക്കാനിരിക്കെയിറങ്ങിയ ബ്രസീലിനും കോച്ച് കാര്‍ലോസ് ദുംഗക്കും പരീക്ഷണ അങ്കംകൂടിയായിരുന്നു ഇത്.
സ്കോര്‍ബോര്‍ഡില്‍ അക്കങ്ങള്‍ വര്‍ധിച്ചില്ളെങ്കിലും കോച്ച് ദുംഗ ടീമിന്‍െറ പ്രകടനത്തില്‍ സംതൃപ്തനാണ്. പരിചയസമ്പത്തില്‍ വിശ്വാസമര്‍പ്പിച്ചായിരുന്നു കോച്ച് ടീമിനെ ഇറക്കിയത്. 4-5-1 ശൈലിയിലെ വിന്യാസത്തില്‍ ഹള്‍ക് ആക്രമണത്തിന് നേതൃത്വം നല്‍കി. നായകന്‍ നെയ്മറും മുന്‍ നായകന്‍ കക്കയുമെല്ലാം പകരക്കാരുടെ ബെഞ്ചിലായിരുന്നു. 67ാം മിനിറ്റില്‍ ഹള്‍കിന് പകരം കക്കയിറങ്ങിയപ്പോള്‍, 82ാം മിനിറ്റില്‍ കോസ്റ്റയെ പിന്‍വലിച്ചത്തെിയ നെയ്മറിന് 10 മിനിറ്റേ കളിക്കാനായുള്ളൂ.
നെയ്മറില്ലാത്ത പ്ളെയിങ് ഇലവനൊരുക്കുന്നതിന്‍െറ ഭാഗമായാണ് ദുംഗ ഹള്‍കിനെയും സംഘത്തെയുമിറക്കി പരീക്ഷണത്തിന് മുതിര്‍ന്നത്. കോപ അമേരിക്ക ക്വാര്‍ട്ടര്‍ ഫൈനലിലെ സംഭവങ്ങളെ തുടര്‍ന്ന് സസ്പെന്‍ഷനിലായ നെയ്മറിന്‍െറ അഭാവം ലോകകപ്പ് യോഗ്യതാറൗണ്ടിലെ രണ്ടു മത്സരങ്ങളില്‍ ടീമിനെ ബാധിക്കാതിരിക്കാനുള്ള നീക്കത്തിലാണ് കോച്ച്.
എന്നാല്‍, റിസര്‍വ് ബെഞ്ചിലിരുത്താനുള്ള കോച്ചിന്‍െറ തീരുമാനത്തിലെ അസംതൃപ്തി നെയ്മര്‍ പരസ്യമായിതന്നെ പ്രകടിപ്പിച്ചു. രണ്ടാം പകുതിയില്‍ സബ്സ്റ്റിറ്റ്യൂഷന്‍ സജീവമാക്കിയ ദുംഗ ആറു പേരെയാണ് ഗ്രൗണ്ടിലേക്കയച്ചത്.
അടുത്ത സൗഹൃദമത്സരത്തില്‍ ബ്രസീല്‍ ചൊവ്വാഴ്ച അമേരിക്കയെ നേരിടും. കോപ അമേരിക്ക ജേതാക്കളായ ചിലി 3-2ന് പരഗ്വേയെ തോല്‍പിച്ചു. ഫിലിപ് ഗ്വിറ്റിറസിന്‍െറ ഇരട്ട ഗോളിനൊപ്പം അലക്സിസ് സാഞ്ചസും ചിലിക്കുവേണ്ടി വലകുലുക്കി. ഫാബ്രോ, ജോര്‍ജ് ബെനിറ്റസ് എന്നിവര്‍ പരഗ്വേക്കുവേണ്ടി സ്കോര്‍ ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.