ലോകകപ്പ് ഫുട്ബാള്‍ യോഗ്യത: മുന്നില്‍ ഇറാന്‍; വിറക്കാതെ ഇന്ത്യ

ബംഗളൂരു: 64 വര്‍ഷം പഴക്കമുള്ളൊരു വിജയത്തിന്‍െറ ഓര്‍മയില്‍ ഇന്നു പന്തുതട്ടാനിറങ്ങിയാല്‍ എങ്ങനെയിരിക്കും? അതും, കളിക്കാരും കളിരീതിയും ഏറെ മാറിയ പുതിയ കാലത്ത്. കളിക്കളത്തില്‍ റെക്കോഡുകള്‍ക്ക് പ്രസക്തിയില്ളെന്നത് നേര്. നിശ്ചിത സമയത്തിന്‍െറ ഏതെങ്കിലും ഒരു നിമിഷത്തില്‍ പുതിയ ചരിത്രം പിറക്കാം. ചൊവ്വാഴ്ച ലോകകപ്പ് യോഗ്യതാമത്സരത്തില്‍ ഇറാനെ നേരിടാനൊരുങ്ങുന്ന ഇന്ത്യന്‍ ഫുട്ബാള്‍ ടീമും പന്തുതട്ടുന്നത് ആ പ്രതീക്ഷകളിലേക്കാണ്. വിജയത്തിലേക്കുള്ള ഒരു നിമിഷം തങ്ങള്‍ക്ക് അനുകൂലമാക്കാം എന്ന പ്രതീക്ഷയിലേക്ക്. ബംഗളൂരുവിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിലാണ് കളി. ആളും ആരവവും കൂടും. ബംഗളൂരു എഫ്.സിയുടെ അഞ്ചു താരങ്ങള്‍ ഇന്ത്യന്‍ ടീമില്‍ ഒരുമിച്ചിറങ്ങുമ്പോള്‍ ഗാലറികളിലുള്ളവര്‍ വെറുതെ ഇരിക്കില്ളെന്ന് ഉറപ്പ്. ഒമാനെതിരായ കഴിഞ്ഞ മത്സരത്തില്‍ 25,000ത്തോളം പേരാണ് കണ്ഠീരവയിലത്തെിയത്. അതുതന്നെയാകും ചൊവ്വാഴ്ചയും ഇന്ത്യയുടെ ശക്തി.
എന്നാല്‍, കണക്കുകളിലെ കളികളില്‍ ഇന്ത്യന്‍ ടീം അത്ര സുരക്ഷിതരല്ല. കഴിഞ്ഞ മത്സരങ്ങളില്‍ ഒമാനോടും ഗുവാമിനോടും 2-1ന് തോറ്റ ഇന്ത്യ സന്നാഹമത്സരത്തില്‍ നേപ്പാളിനോട് ഗോള്‍രഹിത സമനിലയും വഴങ്ങി.
കരുത്തേറെയുണ്ട് ഏഷ്യന്‍ ശക്തിയായ ഇറാന്. ലോക റാങ്കിങ്ങില്‍ 40ാം സ്ഥാനത്തുള്ള ഇറാന് 115 സ്ഥാനങ്ങള്‍ താഴെയുള്ള ഇന്ത്യ നിസ്സാരക്കാര്‍. സുനില്‍ ഛേത്രിയും സംഘവും 1-2ന് തോറ്റ ഗുവാമിനെ എതിരില്ലാത്ത ആറു ഗോളുകള്‍ക്ക് തോല്‍പിച്ചാണ് ഇറാന്‍െറ വരവ്. ഇന്ത്യയുമായുള്ള ആറ് കളികളില്‍ നാല് ജയം, ഒരു സമനില, ഒരു തോല്‍വി എന്നിവയാണ് ഇറാന്‍െറ കണക്കിലുള്ളത്. ഇന്ത്യക്ക് ഓര്‍ക്കാന്‍ ഇതിലുള്ളത് 1951 ഏഷ്യന്‍ ഗെയിംസ് ഫൈനലിലെ ഒറ്റഗോള്‍ ജയം മാത്രം. അവിടെനിന്ന് ഏറെ വളര്‍ന്ന ഇറാന്‍ ടീമിന് നാലു ലോകകപ്പുകളില്‍ കളിച്ച മികവുണ്ട്. ആ മികവിനെ എങ്ങനെ മറികടക്കും എന്നതിന് അനുസരിച്ചിരിക്കും സ്റ്റീഫന്‍ കോണ്‍സ്റ്റൈന്‍റയും കുട്ടികളുടെയും വിജയം.
ലോകകപ്പ് യോഗ്യതയെന്ന സ്വപ്നം വന്‍മലയാണെങ്കിലും ആ പ്രതീക്ഷകളെങ്കിലും നിലനിര്‍ത്താന്‍ ഇറാനെതിരായ തോല്‍വി ഇന്ത്യക്ക് ഒഴിവാക്കണം. 2019 ഏഷ്യന്‍ കപ്പ് യോഗ്യതയെന്ന ഇന്ത്യന്‍ കടമ്പയും ഇറാനെതിരായ മത്സരത്തെ ആശ്രയിച്ചിരിക്കും. വൈകീട്ട് ഏഴിന് ബംഗളൂരു കണ്ഠീരവ സ്റ്റേഡിയത്തിലാണ് മത്സരം. ഇരു ടീമുകളും ഞായറാഴ്ച ഇവിടെ പരിശീലനത്തിനത്തെി.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.