യൂറോ യോഗ്യത: ഇംഗ്ളണ്ട് ഫ്രാന്‍സിലേക്ക്

പാരിസ്: ഏഴില്‍ ഏഴും ജയിച്ച് ആധികാരികമായി ഇംഗ്ളണ്ടും വിജയമാവര്‍ത്തിച്ച് നിലവിലെ ചാമ്പ്യന്‍ സ്പെയിനും യൂറോകപ്പ് ഫൈനല്‍ റൗണ്ടിലേക്ക് ടിക്കറ്റുറപ്പിച്ചു. സാന്‍മാരിനോയെ മറുപടിയില്ലാത്ത ആറ് ഗോളിന് വീഴ്ത്തിയാണ് ഇംഗ്ളീഷുകാര്‍ യൂറോ വേദിയായ ഫ്രാന്‍സിലേക്ക് ആശങ്കകളേതുമില്ലാതെ ടിക്കറ്റുറപ്പിച്ചത്. 13ാം മിനിറ്റില്‍ വെയ്ന്‍ റൂണിയിലൂടെ തുടങ്ങിയ ഇംഗ്ളീഷുകാര്‍ക്കുവേണ്ടി തിയോ വാല്‍ക്കോട്ട് ഇരട്ട ഗോളടിച്ചപ്പോള്‍ (68, 78 മിനിറ്റ്) റോസ് ബാര്‍ക്ളെയുടെയും (46’), ഹാരി കെയ്നിന്‍െറയും (77’) വകയായിരുന്നു രണ്ട് ഗോളുകള്‍. സാന്‍മാരിനോ താരം ക്രിസ്റ്റ്യന്‍ ബ്രോളി സെല്‍ഫ് ഗോളോടെ ഇംഗ്ളീഷുകാരുടെ പട്ടിക തികച്ചു.
ഏഴില്‍ ഏഴും ജയിച്ചവര്‍ 21 പോയന്‍റുമായി ഗ്രൂപ് ‘ഇ’യില്‍ ഒന്നാം സ്ഥാനത്താണ്. സ്വിറ്റ്സര്‍ലന്‍ഡ് (15 പോയന്‍റ്) രണ്ടും എസ്തോണിയ (10) മൂന്നും സ്ഥാനത്തും. സ്വിറ്റ്സര്‍ലന്‍ഡ് 3-2ന് സ്ലൊവീനിയയെ തോല്‍പിച്ചപ്പോള്‍, എസ്തോണിയ 1-0ത്തിന് ലിത്വേനിയയെ വീഴ്ത്തി.
പോരാട്ടം ശക്തമായ ഗ്രൂപ് ‘ഇ’യില്‍ നിലവിലെ ചാമ്പ്യന്മാരായ സ്പെയിന്‍ ആറാം ജയവുമായി നില ഭദ്രമാക്കി. ആദ്യ പാദത്തില്‍ അട്ടിമറിച്ച സ്ലോവാക്യയെ 2-0ത്തിന് വീഴ്ത്തിയാണ് സ്പെയിന്‍ ഫൈനല്‍ റൗണ്ട് യോഗ്യത ഏതാണ്ടുറപ്പിച്ചത്. അഞ്ചാം മിനിറ്റില്‍ ജോര്‍ഡി ആല്‍ബയും 30ാം മിനിറ്റില്‍ ഇനിയേസ്റ്റ പെനാല്‍റ്റിയിലൂടെയും ചാമ്പ്യന്മാരുടെ ഗോളടിച്ചു. ഡീഗോ കോസ്റ്റയെ ഫൗള്‍ ചെയ്ത സ്ലോവാക്യന്‍ ഗോളി മാറ്റുസ് കൊസാസികിന്‍െറ നടപടിയാണ് പെനാല്‍റ്റിക്ക് വഴിയൊരുക്കിയത്.
മറ്റു മത്സരങ്ങളില്‍ യുക്രെയ്ന്‍ 3-1ന് ബെലറൂസിനെയും ലക്സംബര്‍ഗ് 1-0ത്തിന് മാഴ്സിഡോണിയയെയും തോല്‍പിച്ചു. ഏഴില്‍ ആറ് ജയവും ഒരു തോല്‍വിയുമുള്ള സ്പെയിനും സ്ലോവാക്യയും 18 പോയന്‍റുമായി ഒന്നും രണ്ടും സ്ഥാനത്താണ്. അഞ്ച് കളി ജയിച്ച യുക്രെയ്ന്‍ 15 പോയന്‍റുമായി മൂന്നാം സ്ഥാനത്തും. ഗ്രൂപ്പിലെ മറ്റ് മൂന്നു പേരും പുറത്തായപ്പോള്‍ മൂവരിലായി പോരാട്ടം.
ഗ്രൂപ് ‘ജി’യില്‍ മള്‍ഡോവയെ 1-0ത്തിന് തോല്‍പിച്ച് ഓസ്ട്രിയ യോഗ്യത ഉറപ്പിച്ചു. വെര്‍ഡര്‍ബ്രമന്‍ താരം സാല്‍കോ ജുനുസോവിചിന്‍െറ ഏക ഗോളിലൂടെയായിരുന്നു ഓസ്ട്രിയന്‍ ജയം. അതേസമയം, അതിജീവനപോരാട്ടത്തിലുള്ള റഷ്യ 1-0ത്തിന് സ്വീഡനെ വീഴ്ത്തി.
 ഗ്രൂപ്പില്‍ ഓസ്ട്രിയക്ക് 19ഉം സ്വീഡന് 12ഉം റഷ്യക്ക് 11 പോയന്‍റുമാണുള്ളത്.


 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.