നോര്‍ത് ഈസ്റ്റിന്‍െറ സെല്‍ഫ് ഗോളില്‍ പുണെക്ക് ജയം

പുണെ: ജയം പിറന്നത് സെല്‍ഫ് ഗോളിലൂടെയെങ്കിലും പുണെക്കിത് അര്‍ഹിച്ചതുതന്നെ. പ്രതിരോധത്തില്‍ സെഡ്രിക് ഹെങ്ബെര്‍ട്ടിന്‍െറ തലയെടുപ്പും ഗോളി ബ്രസീഗ്ളിയാനോയുടെ ചോരാത്ത കൈകളുമായി കോട്ടകെട്ടിയ നോര്‍ത് ഈസ്റ്റ് വലക്കുമുന്നില്‍ സുന്ദരമായ നിരവധി അവസരങ്ങളൊരുക്കിയെങ്കിലും ഗോളാകാതെ പോയ പുണെക്ക് അവകാശപ്പെട്ട ജയം സെല്‍ഫ് ഗോളിലൂടെയത്തെി. കളിയുടെ 73ാം മിനിറ്റില്‍ ‘ഹൈലാന്‍ഡേഴ്സിന്‍െറ’ ഇന്ത്യന്‍താരം സോമിങ്ലിയാന റാല്‍തെക്കായിരുന്നു പുണെയുടെ വിജയ ഗോള്‍ നേടാനുള്ള നിയോഗം.

ഓഫ്സൈഡ് കെണിയില്‍ കുരുങ്ങിയും നിര്‍ഭാഗ്യംകൊണ്ട് വഴിമാറിയതുമായ പുണെയുടെ അരഡസനോളം നീക്കങ്ങളാണ് ഗ്രൗണ്ടില്‍ കണ്ടത്. ആദ്യ പകുതിയില്‍ അഡ്രിയാന്‍ മുട്ടുവും കോസ്റ്ററീകന്‍ താരം യെന്‍ഡ്രിക് റൂയിസും ആദ്യ കളിയിലെ ഹീറോ ഇസ്റല്‍ ഗുരുങ്ങുമായിരുന്നു പുണെയുടെ ആക്രമണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്. ആദ്യ മിനിറ്റുമുതല്‍ ഇരു വിങ്ങുകളിലൂടെയും നടന്ന മുന്നേറ്റങ്ങളില്‍ നോര്‍ത് ഈസ്റ്റ് ഗോള്‍മുഖം നന്നായി വിറകൊണ്ടു. മുന്‍ ബ്ളാസ്റ്റേഴ്സ് താരം ഹെങ്ബര്‍ട്ടിനായിരുന്നു പണിയേറെയും. കേരളത്തോട് ആദ്യ മത്സരത്തില്‍ 3^1ന് തോറ്റതിന്‍െറ ക്ഷീണത്തിലിറങ്ങിയ നോര്‍ത് ഈസ്റ്റ് നിരയില്‍ മലയാളി ഗോളി ടി.പി. രഹിനേഷിന് പകരമത്തെിയ ബ്രസീഗ്ളിയാനോയും ഗോള്‍വലക്കുമുന്നില്‍ പരീക്ഷണങ്ങള്‍ അതിജയിച്ചു. രണ്ടാം പകുതിയുടെ 61ാം മിനിറ്റിലാണ് ആദ്യ കളിയില്‍ ഇരട്ട ഗോളുടമ തുന്‍സായ് സാന്‍ലി ഗ്രൗണ്ടിലിറങ്ങിയത്. ഇതിനിടെ, ഗുരുങ്ങിനുപകരം മലയാളിതാരം സുശാന്ത് മാത്യുവുമത്തെി.

73ാം മിനിറ്റില്‍ പുണെയുടെ ലാല്‍റെംപുയുടെ കോര്‍ണര്‍ ഹെഡറിലൂടെ നോര്‍ത് ഈസ്റ്റ് വലകുലുക്കിയപ്പോള്‍ റൂയിസാണ് അവകാശവാദമുന്നയിച്ചത്. എന്നാല്‍, റീപ്ളേയില്‍ സോമിങ്ലിയാനയുടെ ഹെഡറിലൂടെയാണ് വലയിലത്തെിയതെന്ന് വ്യക്തമായതോടെ സീസണിലെ ആദ്യ സെല്‍ഫ് ഗോളിലൂടെ പുണെ രണ്ടാം ജയം നേടി. രണ്ടുകളിയും തോറ്റ നോര്‍ത് ഈസ്റ്റ് കൂടുതല്‍ പ്രതിരോധത്തിലേക്കും.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.