ബ്ലാറ്റര്‍ക്കു പുറമേ പ്ലാറ്റിനിക്കും സസ്പെന്‍ഷന്‍

സൂറിക്: ഫിഫ പ്രസിഡന്‍റ് സെപ് ബ്ളാറ്ററിനെ കൂടാതെ അദ്ദേഹത്തിന്‍െറ പിന്‍ഗാമിയാകാന്‍ കൊതിച്ചിരുന്ന യുവേഫ മേധാവി മിഷേല്‍ പ്ളാറ്റിനിക്കു നേരെയും എത്തിക്സ് കമ്മിറ്റിയുടെ നടപടി. ബ്ളാറ്ററിന് സമാനമായി പ്ളാറ്റിനിയെയും 90 ദിവസത്തേക്ക് ഫിഫ എത്തിക്സ് കമ്മിറ്റി സസ്പെന്‍ഡ് ചെയ്തു.

ഫിഫ സെക്രട്ടറി ജനറല്‍ ജെറോം വാല്‍കെക്കും 90 ദിവസത്തെ സസ്പെന്‍ഷന്‍ ലഭിച്ചു. കൂടാതെ, മുന്‍ ഫിഫ വൈസ് പ്രസിഡന്‍റ് ചങ് മോങ് ജൂനിനെ ആറു വര്‍ഷത്തേക്ക് വിലക്കുകയും ഒരു ലക്ഷം സ്വിസ് ഫ്രാങ്ക് പിഴയിടുകയും ചെയ്തു. അഴിമതി ആരോപണങ്ങളില്‍ കമ്മിറ്റി നടത്തുന്ന അന്വേഷണങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് വ്യാഴാഴ്ച പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ എത്തിക്സ് കമ്മിറ്റി വ്യക്തമാക്കി. സസ്പെന്‍ഷന്‍ കാലയളവില്‍ ദേശീയതലത്തിലും അന്താരാഷ്ട്ര തലത്തിലും ഫുട്ബാളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പാടില്ല.

ബുധനാഴ്ച ബ്ളാറ്ററിനെ സസ്പെന്‍ഡ് ചെയ്തു എന്നുള്ള റിപ്പോര്‍ട്ടുകള്‍ വന്നതിനെ തുടര്‍ന്ന് അത്തരത്തില്‍ അറിയിപ്പൊന്നും കിട്ടിയിട്ടില്ളെന്ന് അറിയിച്ച് അദ്ദേഹത്തിന്‍െറ അഭിഭാഷകര്‍ രംഗത്തത്തെിയിരുന്നു. തുടര്‍ന്നാണ് നടപടിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ വ്യക്തമാക്കി എത്തിക്സ് കമ്മിറ്റിയുടെ വാര്‍ത്താക്കുറിപ്പത്തെിയത്. ലോക ഫുട്ബാളിലെ ഏറ്റവും ശക്തരായ വ്യക്തികള്‍ക്കെതിരായ നടപടി ഫിഫയിലെ സാഹചര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കിയിരിക്കുകയാണ്. സ്വിറ്റ്സര്‍ലന്‍ഡിലും യു.എസിലും അഴിമതി അന്വേഷണങ്ങളുടെ നിഴലിലാണ് ലോക ഫുട്ബാള്‍ സംഘടന.

കഴിഞ്ഞ മാസം സെപ് ബ്ളാറ്റര്‍ക്കെതിരെ സ്വിസ് പ്രോസിക്യൂട്ടര്‍മാര്‍ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. കരീബിയന്‍ മേഖലയിലെ ലോകകപ്പ് ടെലിവിഷന്‍ അവകാശകരാറും 2011ല്‍ പ്ളാറ്റിനിക്ക് നല്‍കിയ രണ്ടു ദശലക്ഷം സ്വിസ് ഫ്രാങ്കുമാണ് ബ്ളാറ്ററെ കുരുക്കിലാക്കിയത്.

ഫിഫയുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായിരുന്നു കരാര്‍ എന്നും പണം കൈമാറ്റം വിശ്വസനീയമല്ളെന്നുമാണ് ആരോപണം. ഫിഫക്കായി കണ്‍സല്‍ട്ടിങ് ജോലികള്‍ ചെയ്തതിനുള്ള പ്രതിഫലമാണ് പ്ളാറ്റിനിക്ക് നല്‍കിയതെന്നാണ് അവകാശവാദം. എന്നാല്‍, പ്ളാറ്റിനി ഫിഫയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചതിന് ആറു വര്‍ഷങ്ങള്‍ക്കുശേഷമായിരുന്നു തുകയുടെ കൈമാറ്റം. ഈ കേസില്‍ പണം സ്വീകരിച്ച പ്ളാറ്റിനിയെയും ചോദ്യംചെയ്തു. സാക്ഷിയുടെയും ആരോപണവിധേയന്‍െറയും ഇടയിലാണ് പ്ളാറ്റിനിയുടെ സ്ഥാനമെന്നാണ് ഇക്കാര്യത്തില്‍ സ്വിസ് അറ്റോര്‍ണി വ്യക്തമാക്കിയത്.

തനിക്കെതിരെയുള്ള ഏതൊരു തീരുമാനത്തിനെതിരെയും പോരാടുമെന്നാണ് മുന്‍ ഫ്രഞ്ച് താരംകൂടിയായ പ്ളാറ്റിനി പ്രതികരിച്ചത്.
എട്ടു വര്‍ഷമായി ബ്ളാറ്ററിന്‍െറ വലംകൈയാണ് വാല്‍കെ. 2014 ലോകകപ്പ് ടിക്കറ്റുകളുടെ വില്‍പനയില്‍ ക്രമക്കേട് നടത്തിയെന്ന ആരോപണത്തെതുടര്‍ന്ന് കഴിഞ്ഞ മാസം മുതല്‍ വാല്‍കെ നിര്‍ബന്ധിത അവധിയിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.