ഡല്‍ഹിയെ വീഴ്ത്തി എഫ്.സി ഗോവ

മഡ്ഗാവ്: ആശാനെ തോല്‍പിക്കാന്‍ കാര്‍ലോസും വളര്‍ന്നിട്ടില്ളെന്ന് ഫട്ടോര്‍ഡയിലെ സ്റ്റേഡിയവും കാണികളും കൂടിയറിഞ്ഞു. ആദ്യം കുമ്മായവരക്ക് പുറത്തായിരുന്നു കാര്‍ലോസിന്‍െറ കളി. രണ്ടാം പകുതിയില്‍ രണ്ടും കല്‍പിച്ച് കളിക്കാരനായും ഇറങ്ങി. എന്നിട്ടും സീക്കോയുടെ അടവുകള്‍ക്കുമുന്നില്‍ റോബര്‍ട്ടോ കാര്‍ലോസ് തോറ്റമ്പി. ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ എഫ്.സി ഗോവ^ഡല്‍ഹി ഡൈനാമോസ് മത്സരം ആരാധകര്‍ക്ക് സീക്കോ^കാര്‍ലോസ് പോരാട്ടമായിരുന്നു. ആദ്യ പകുതിയില്‍ പിറന്ന രണ്ടു ഗോളിലൂടെ സീക്കോയുടെ ഗോവന്‍ പടയാളികള്‍ മത്സരം സ്വന്തമാക്കി. മൂന്നാം മിനിറ്റില്‍ സെല്‍ഫ് ഗോളിലൂടെയും 45ാം മിനിറ്റില്‍ റീനാള്‍ഡോയിലൂടെയുമാണ് ഗോവ സ്കോര്‍ ചെയ്തത്.

റീനാള്‍ഡോ, മന്ദര്‍ ദേശായ്, റൊമിയോ ഫെര്‍ണാണ്ടസ് എന്നിവര്‍ക്ക് ആക്രമണ ചുമതല നല്‍കി 4^3^3 ഫോര്‍മേഷനിലാണ് സീക്കോ ടീമിനെ ഒരുക്കിയത്. ഡല്‍ഹിനിരയില്‍ റിച്ചാഡ് ഗ്രാഡ്സിക്കൊപ്പം ഫ്ളോറന്‍റ് മലൂദക്കായിരുന്നു ആക്രമണ നിയോഗം. കെട്ടുറപ്പുള്ള പ്രതിരോധമൊരുക്കാന്‍ ജോണ്‍ റീസെയെയും.



സൂപ്പര്‍ താരങ്ങളുമായി ആദ്യ അങ്കത്തിനിറങ്ങിയ ഡല്‍ഹിയുടെ സകല ആത്മവിശ്വാസവും തകര്‍ക്കാന്‍ കെല്‍പുള്ളതായിരുന്നു മൂന്നാം മിനിറ്റിലെ ആഘാതം. റൊമിയോ ഫെര്‍ണാണ്ടസിലൂടെ മന്ദര്‍ റാവു തൊടുത്ത ഷോട്ട് ഡല്‍ഹിയുടെ ജോണ്‍ റീസെയെ മറികടന്ന് ഗോള്‍വല കുലുക്കിയപ്പോള്‍ സ്റ്റേഡിയം പൊട്ടിത്തെറിച്ചു. ആദ്യം മന്ദറിന്‍െറ അക്കൗണ്ടില്‍ വരവുചേര്‍ത്ത ഗോള്‍ തൊട്ടുപിന്നാലെ, ഡല്‍ഹി ഗോള്‍കീപ്പര്‍ സൗവിക് ചക്രബര്‍ത്തിയില്‍ തട്ടിയാണ് വലയില്‍ പതിച്ചതെന്ന് ബോധ്യപ്പെട്ടതോടെ സെല്‍ഫ് ഗോളായി മാറി. രണ്ടാം സീസണിലെ ആദ്യ സെല്‍ഫ് ഗോള്‍. റീസെയുടെ  പ്രതിരോധ പാളിച്ചകൂടിയായിരുന്നു ഗോളിന് വഴിയൊരുക്കിയത്.

മധ്യനിരയെ കരുത്താക്കി വീണ്ടും ആക്രമണത്തിന് കോപ്പുകൂട്ടിയ ഗോവ, എതിരാളിക്കുമേല്‍ വീണ്ടും സമ്മര്‍ദം ശക്തമാക്കി. 12ാം മിനിറ്റിലായിരുന്നു ഡല്‍ഹി പക്ഷത്തുനിന്നും ആദ്യ മുന്നേറ്റം കണ്ടത്. മലയാളിതാരം ഡെന്‍സണ്‍ ദേവദാസും ചില ശ്രദ്ധേയ നീക്കങ്ങളുമായി ഡല്‍ഹിയെ ഞെട്ടിച്ചു. ഇടതടവില്ലാത്ത ഗോവന്‍ ആക്രമണം കൊണ്ട് ഡല്‍ഹി പ്രതിരോധം ഇളകിയാടുന്നതിനിടെയാണ് രണ്ടാം ഗോള്‍ പിറന്നത്. ആദ്യപകുതിയുടെ ഇഞ്ചുറി ടൈമില്‍ റീനാള്‍ഡോയിലൂടെ. ജൊഫ്രിയുടെ ഇന്‍ഡയറക്ട് ഫ്രീകിക്ക് മിന്നല്‍പ്പിണര്‍ വേഗത്തില്‍ കുതിച്ചുപാഞ്ഞപ്പോള്‍ ബൂട്ടുകൊണ്ട് വഴിതിരിച്ചുവിടാനുള്ള ജോലിയേ റീനാള്‍ഡോക്കുണ്ടായിരുന്നുള്ളൂ.



2^0ത്തിന് പിന്നിലായതോടെ ഡല്‍ഹി സമ്മര്‍ദങ്ങള്‍ക്കു നടുവിലായി. ടച്ച്ലൈനിനു സമീപത്തത്തെി വെറിപൂണ്ട കാര്‍ലോസ്തന്നെ ബൂട്ടുകെട്ടി രണ്ടാം പകുതിയില്‍ ഗ്രൗണ്ടിലിറങ്ങി. മധ്യനിരയില്‍ പുതു ആക്രമണങ്ങളിലേക്ക് പന്തൊഴുക്കാനായിരുന്നു കാര്‍ലോസിന്‍െറ വരവെങ്കിലും കോട്ടകെട്ടി പ്രതിരോധത്തിലേക്ക് വലിഞ്ഞ ഗോവ ഡല്‍ഹിയുടെ എല്ലാ അടവുകളും തടഞ്ഞു. അവസാന മിനിറ്റുവരെ പഠിച്ചപണി പതിനെട്ടും പയറ്റിയിട്ടും ഗോവന്‍ ഗോള്‍വല കുലുക്കാന്‍ കാര്‍ലോസിനും മലൂദക്കും കഴിഞ്ഞില്ല. ഒറ്റപ്പെട്ട ഫ്രീകിക്കും കോര്‍ണറും മുതലാക്കി മലൂദയും റീസെയും അപകടം വിതക്കാന്‍ ശ്രമിച്ചപ്പോള്‍ ലൂസിയോ നയിച്ച പ്രതിരോധക്കോട്ടയുമായി ഗോവ വലകാത്തു.










 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.