ആന്‍േറാണിയോ ജര്‍മന്‍; വാഴ്ത്തപ്പെടാത്ത ഹീറോ

ഫുട്ബാളിന്‍െറ ജന്മനാടായ ഇംഗ്ളണ്ടിലെ വെംബ്ളിയില്‍നിന്ന് വില്ളോ തടിയെ സ്നേഹിക്കുന്ന പഴയ കോളനിയിലേക്ക് വണ്ടി കയറുമ്പോള്‍ സ്വന്തം നാട്ടുകാര്‍ മൂക്കത്ത് വിരല്‍ വെച്ചിട്ടുണ്ടാകും ആന്‍േറാണിയോ ജര്‍മന്‍ എന്ന പയ്യനെ കുറിച്ച്. 23 വയസ്സിനിടയില്‍ ഒമ്പത് ക്ളബുകള്‍ പരീക്ഷിച്ചെങ്കിലും ഒന്നിലും ക്ളിക്കാകാത്തതോടെയാണ് ഇന്ത്യയിലെ ശൈശവാവസ്ഥയിലുള്ള ഫുട്ബാള്‍ മണ്ണിലേക്ക് വിമാനമിറങ്ങുന്നത്. അതും ഫുട്ബാളിനെ അതിരറ്റ് സ്നേഹിക്കുന്ന കേരളത്തിലേക്ക്. ക്രിക്കറ്റ് തമ്പുരാന്‍ സചിന്‍ ടെണ്ടുക്കറുടെ സ്വന്തം ടീമിലേക്ക്. മാര്‍ക്വി താരമായ കാര്‍ലോസ് മര്‍ച്ചേന, ഹോസു, സാഞ്ചസ് വാട്ട്, പുള്‍ഗ, ക്രിസ് ഡഗ്നല്‍ എന്ന പേരുകള്‍ക്കൊപ്പം അന്ന് ആരും ഈ 23 കാരന്‍െറ പേരിനെ ഉയര്‍ത്തിക്കാട്ടിയില്ല. ഒരു വിദേശ താരം എന്നതിനപ്പുറം ഒരു പരിഗണനയും ആന്‍േറാണിയോ ജര്‍മന് കിട്ടിയില്ല. പുറമെ ഇടുപ്പിനേറ്റ പരിക്കുകാരണം ആദ്യത്തെ അഞ്ച് മത്സരങ്ങളില്‍ പുറത്തിരിക്കേണ്ടിയും വന്നു. ആദ്യ ജയത്തിനു ശേഷം തന്‍െറ ടീം കിതക്കുന്നത് കണ്ട് ജര്‍മനും കിതച്ചു. കുമ്മായ വരക്ക് പുറത്ത്നിന്ന് ആ കാലുകള്‍ തരിച്ചു. പകരക്കാരന്‍െറ റോളിലായിരുന്നു ജര്‍മന്‍ ബ്ളാസ്റ്റേഴ്സില്‍ തുടങ്ങിയത്. പുണെക്കെതിരെ 74ാം മിനിറ്റിലാണ് ജര്‍മന്‍ ആദ്യമായി ഇന്ത്യന്‍ മൈതാനത്ത് പന്തു തട്ടുന്നത്. 

എന്നാല്‍, കൊല്‍ക്കെതിരെയുള്ള മത്സരത്തില്‍ 35ാം മിനിറ്റില്‍ ജര്‍മന്‍ യാഥാര്‍ഥ ജര്‍മനായി. പരിക്കേറ്റ സാഞ്ചസ് വാട്ടിന് പകരക്കാരനായി ഇറങ്ങുമ്പോള്‍ ഒരു ഗോളിന് പിന്നിലായിരുന്നു കേരള ബ്ളാസ്റ്റേഴ്സ്. 42ാം മിനിറ്റില്‍ തന്‍െറ ആദ്യ ഐ.എസ്.എല്‍ ഗോളിലൂടെ ജര്‍മന്‍ അരങ്ങേറ്റം കുറിച്ചു. കളിയുടെ 84ാം മിനിറ്റില്‍ ഇസുമിയിലൂടെ കൊല്‍ക്കത്ത ലീഡുനേടിയെങ്കിലും തൊട്ടടുത്ത മിനിറ്റില്‍ പൊള്ളുന്ന ഷോട്ടിലൂടെ ജര്‍മന്‍ സമനില ഗോള്‍ പിടിച്ചു. എന്നാല്‍ അധിക സമയത്ത് ഇസുമിയുടെ ഗോളില്‍ കൊല്‍ക്കത്ത കൊച്ചി സ്റ്റേഡിയത്തെ നിശബ്ദമാക്കിയെങ്കിലും ഹ്യൂമേട്ടന് ശേഷം മുന്നില്‍ നിര്‍ത്താന്‍ ജര്‍മനെ കിട്ടിയതില്‍ ഫുട്ബാള്‍ പ്രേമികള്‍ ആശ്വാസം കൊണ്ടു.  

കേരളത്തിന്‍െറ സെമി സാധ്യത സജീവമാക്കിയ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെതിരെ നടന്ന എവേ മത്സരത്തില്‍ കേരളം നേടിയ 4-1ന്‍െറ മിന്നുന്ന ജയത്തില്‍ ഒരു ഗോളടിച്ചും മധ്യനിരയില്‍ കളം വാണും ജര്‍മന്‍ തിളങ്ങി. ചെന്നൈയിനെതിരെയുള്ള തൊട്ടടുത്ത മത്സരത്തില്‍ മെന്‍ഡോസ കളം വാണപ്പോള്‍ നാണം കെട്ട ബ്ളാസ്റ്റേഴ്സിന് മത്സരത്തില്‍ ഒന്നു ആശ്വസിക്കാനുള്ള ഏക വക നല്‍കിയത് ജര്‍മന്‍െറ ബൂട്ടുകളായിരുന്നു. 90ാം മിനിറ്റില്‍ നാണക്കേടിന്‍െറ ഭാരം കുറച്ച് ജര്‍മന്‍ ഗോള്‍ നേടി. അവസാനമായി ജയം അനിവാര്യമായിരുന്ന മത്സരത്തില്‍ കേരളത്തെ തോല്‍വിയില്‍നിന്ന് രക്ഷിച്ചതും ജര്‍മന്‍െറ ബൂട്ടുകളായിരുന്നു. 88ാം മിനിറ്റിലാണ് ജര്‍മന്‍ സമനില ഗോള്‍ നേടിയത്. ഇപ്പോള്‍ കേരളാ ബ്ളാസ്റ്റേഴ്സിനായി നാല് മത്സരങ്ങളില്‍നിന്ന് ജര്‍മന്‍ അഞ്ച് ഗോളുകള്‍ നേടിക്കഴിഞ്ഞു. അത്ര ഗോളുകള്‍ക്ക് വഴിയൊരുക്കുകയും ചെയ്തു. 

സെമി സാധ്യതകള്‍ പൂര്‍ണമായും അവസാനിച്ച കേരളാ ബ്ളാസ്റ്റേഴ്സ് കോച്ച് ഇപ്പോള്‍ മനസ്സാ ശപിക്കുന്നത് ലീഗിന്‍െറ തുടക്കത്തില്‍ ജര്‍മനേറ്റ പരിക്കിനെയായിരിക്കാം. ഒരു പക്ഷേ ആദ്യ അഞ്ച് മത്സരങ്ങളില്‍ ജര്‍മന്‍ ബൂട്ടുകെട്ടിയിരുന്നെങ്കില്‍ സെമി ലൈനപ്പില്‍ കേരളത്തിന്‍െറ പേരുമുണ്ടായേനെ.യൂറോപ്യന്‍ ഫുട്ബാളിന്‍െറ വേഗതയാണ് ജര്‍മനെ വേറിട്ടു നിര്‍ത്തുന്നത്. ക്വീന്‍സ് പാര്‍ക് റെയ്ഞ്ചേഴ്സിന്‍െറ തട്ടകത്തില്‍നിന്ന് ഫുട്ബാളിന്‍െറ ആദ്യ പാഠങ്ങള്‍ സ്വായത്തമാക്കിയ ജര്‍മന്‍ 17ാം വയസ്സില്‍ 2009ലാണ് സീനിയര്‍ ടീമില്‍ ഇടം നേടുന്നത്. ബ്ളാസ്റ്റേഴ്സില്‍ അരങ്ങേറ്റം കുറിച്ചതിന് സമാനമായാണ് ക്യു.പി.ആറിലും ജര്‍മന്‍ തുടങ്ങുന്നത് പകരക്കാരനായിട്ടാണ്. 2009ല്‍ അരങ്ങേറിയെങ്കിലും ആദ്യ ഗോള്‍ നേടാന്‍ ഒരു വര്‍ഷം കാത്തിരിക്കേണ്ടി വന്നു. ഡോണ്‍കാസ്റ്റര്‍ റോവേഴ്സിനെതിരെയായിരുന്നു ആ ഗോള്‍. ടീം 2-1ന് വിജയിച്ചു. 2012ല്‍ കരുത്തരായ സ്വാന്‍സിയ സിറ്റിക്കെതിരെ സമനില ഗോള്‍ ജര്‍മന്‍െറ ബൂട്ടില്‍നിന്നായിരുന്നു. 

പിന്നീട് ലോണ്‍ അടിസ്ഥാനത്തില്‍ അലച്ചില്‍. ക്ളബുകളില്‍നിന്ന് ക്ളബുകളിലേക്കുള്ള കൂടുമാറ്റം. ആല്‍ഡോര്‍ ഷോട്ട് ടൗണ്‍, സൗത് എന്‍ഡ് യുനൈറ്റഡ്, യിയോവില്‍ ടൗണ്‍, സ്റ്റോക് പോര്‍ട്ട് കണ്‍ട്രി, ബ്രോംലി, ബെന്‍റ്ഫോര്‍ഡ്, ഗില്ലിങ്ഹാം, നോര്‍താംപ്ടണ്‍ ടൗണ്‍ തുടങ്ങിയ ക്ളബുകളുടെ ജഴ്സിയണിഞ്ഞു.  ഞാന്‍ തുടങ്ങിയിട്ടേയുള്ളൂ. നിങ്ങള്‍ പ്രതീക്ഷിച്ചതിലേറെ എന്നില്‍നിന്നുണ്ടാവും. അടുത്ത ട്രാന്‍സ്ഫറില്‍ ജര്‍മനെ ആരും റാഞ്ചിയില്ളെങ്കില്‍ മഞ്ഞക്കുപ്പായക്കാരുടെ വജ്രായുധമായി ഈ ഇംഗ്ളീഷുകരാന്‍ മുന്നിലുണ്ടാകും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT