സമനില; കേരളാ ബ്ളാസ്റ്റേഴ്സ് സെമി കാണാതെ പുറത്ത്

മുംബൈ: അവസാനം ഒന്ന് പയറ്റിനോക്കി, ഫലംകണ്ടില്ല. റഫറിയുടെ ഓഫ്സൈഡ് വിസില്‍ മുഴങ്ങിയതിനൊപ്പം കേരളാ ബ്ളാസ്റ്റേഴ്സ് എന്ന പേരിനൊപ്പം ചേര്‍ത്തുവെച്ച എല്ലാ പ്രതീക്ഷകള്‍ക്കും അവസാനമായി. അരഡസനിലേറെ അവസരങ്ങള്‍ തുലച്ച് മുംബൈ സിറ്റി എഫ്സിക്കു മുന്നില്‍ സമനില (1-1) വഴങ്ങി കഴിഞ്ഞസീസണിലെ രണ്ടാമന്മാരായ കേരളാ ബ്ളാസ്റ്റേഴ്സ് ഐ.എസ്.എല്‍ രണ്ടാംസീസണിലെ സെമി കാണാതെ പുറത്ത്. നവിമുംബൈയിലെ ഡി.വൈ. പാട്ടീല്‍ സ്റ്റേഡിയത്തില്‍ വിരസമായ കളിയായിരുന്നു വ്യാഴാഴ്ചത്തേത്. സെമി പ്രതീക്ഷകളിലേക്കുള്ള ജീവന്മരണപോരാട്ടമായിരുന്നു മുംബൈക്കും കേരളത്തിനുമെങ്കിലും ആ വീര്യം കളിയില്‍ കണ്ടില്ല.


മുംബൈക്കുവേണ്ടി ജുവാന്‍ അഗ്വിലേറയും (25) മഞ്ഞപ്പടക്കുവേണ്ടി അന്‍േറാണിയോ ജര്‍മനുമാണ് (89) ഗോളുകള്‍ നേടിയത്. ഇതോടെ, കേരളത്തിനൊപ്പം മുംബൈയും സെമികാണാതെ പുറത്തായി. ഈ സീസണില്‍ ആദ്യമായി സന്ദീപ് നന്ദിയെയാണ് ഗോള്‍വല കാക്കാന്‍ കേരളാ കോച്ച് ടെറി ഫെലാന്‍ ഇറക്കിയത്. ആദ്യ 25 മിനിറ്റുകളില്‍ മുംബൈയുടെ കാലുകളിലായിരുന്നു കളിയെങ്കില്‍ ശേഷിച്ച 20 മിനിറ്റുകള്‍ കേരളത്തിന്‍േറതായിരുന്നു. എന്നാല്‍, ക്രിസ് ഡഗ്നലിന്‍െറ തുടരെയുള്ള പ്രയത്നങ്ങള്‍ വലയിലാക്കാന്‍ കഴിയാതെ കേരളം വിഷമിച്ചു.  25ാം മിനിറ്റില്‍ സോണി നോര്‍ദെയെടുത്ത കോര്‍ണര്‍ കിക് സന്ദീപ് നന്ദി കുത്തിയകറ്റിയപ്പോള്‍ പന്തു ലഭിച്ച ജുവാന്‍ അഗ്വിലേറ അത് വലയിലുമാക്കി (1-0). തിരിച്ചടിക്കാന്‍ ആദ്യപകുതിയില്‍ ഡഗ്നലിനും ജര്‍മനും കിട്ടിയ അവസരങ്ങള്‍ ലക്ഷ്യത്തിലത്തെിക്കാനായില്ല.  71ാം മിനിറ്റില്‍ കൊയിമ്പ്രയെ മാറ്റി മുഹമ്മദ് റാഫിയെ കളത്തിലിറക്കി. ഒടുവില്‍, 89ാം മിനിറ്റിലാണ് കേരളം ലക്ഷ്യംകണ്ടത്.

ബോക്സിലേക്കിറങ്ങിയ പന്ത് മുംബൈയുടെ സുഭാഷ് സിങ് അടിച്ചകറ്റാന്‍ നടത്തിയ ശ്രമം പാഴായി. പന്ത് കിട്ടിയ ജര്‍മന്‍ ഗ്രൗണ്ടിലൂടെ തൊടുത്ത പന്ത് വലതുപോസ്റ്റില്‍ തട്ടി അകത്തേക്ക്(1-1). നാലു മിനിറ്റ് ഇഞ്ചുറി ടൈമില്‍ വിജയഗോളിനായുള്ള തുടരന്‍ശ്രമങ്ങളാണ് കേരളം നടത്തിയത്. അതിന്‍െറ ഫലമായി അവസാനനിമിഷം പെറോണിന്‍െറ ഇടംകാലനടി വലയിലേക്ക് തുളഞ്ഞുകയറിയെങ്കിലും ഡഗ്നലിന്‍െറ ഓഫ്സൈഡ് പൊസിഷന്‍ ലക്ഷക്കണക്കിന് ഹൃദയംതകര്‍ത്ത വിസിലായി ഡി.വൈ. പാട്ടീല്‍ സ്റ്റേഡിയത്തില്‍ മുഴങ്ങി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.