എക്സ്ട്രാ ടൈമില്‍ സൂപ്പര്‍ ബാഴ്‌സ

തിബ് ലിസ്: ഗോള്‍മഴ തീര്‍ത്ത പോരാട്ടത്തില്‍ സെവിയ്യയെ തകര്‍ത്ത് ബാഴ്സലോണ യുവേഫ സൂപ്പര്‍ കപ്പ് കിരീടം നേടി. ആവേശംമുറ്റിയ മത്സരത്തില്‍ എക്സ്ട്രാ ടൈമില്‍ സ്പാനിഷ് താരം പെഡ്രോ റോഡ്രിഗസ് നേടിയ ഗോളിലൂടെയാണ് ബാഴ്സ ജേതാക്കളായത്. നാലിനെതിരെ അഞ്ച് ഗോളുകള്‍ ബാഴ്സ നേടി. 90 മിനിറ്റ് പൂര്‍ത്തിയാക്കിയപ്പോള്‍ നാലു ഗോളുകള്‍ വീതം നേടി ഇരുടീമുകളും സമനില പാലിച്ചതാണ് മത്സരം എക്സ്ട്രാ ടൈമിലേക്ക് നീങ്ങാന്‍ കാരണം.



ബാഴ്സക്കായി ലയണല്‍ മെസ്സി ഏഴാം മിനിറ്റിലും 15ാം മിനിറ്റിലും ഓരോ ഗോളുകള്‍ നേടി. 44ാം മിനിറ്റില്‍ റാഫിഞ്ഞയും 52ാം മിനിറ്റില്‍ ലൂയി സുവാരസും സെവിയ്യ വല കുലുക്കി. മൂന്നാം മിനിറ്റില്‍ എവര്‍ ബനേഗ, 57ാം മിനിറ്റില്‍ ജോസ് അന്‍േറാണിയോ റേയെസ്, 72ാം മിനിറ്റില്‍ കെവിന്‍ ഗെമെയ്റോ, 81ാം മിനിറ്റില്‍ എവെന്‍ കൊനോപ്ളാങ്ക എന്നീ താരങ്ങള്‍ സെവിയ്യക്ക് വേണ്ടി ഗോളടിച്ചത്.  



മത്സരത്തിന്‍െറ ആദ്യ മിനിറ്റുകളില്‍ തന്നെ സെവിയ്യന്‍ താരം എവര്‍ ബനേഗ ഫ്രീ കിക്കിലൂടെ ബാഴ്സ വല ചലിപ്പിച്ചു. പിന്നാലെ ഏഴാം മിനിറ്റില്‍ ബോക്സിനു പുറത്തു നിന്നു എടുത്ത സൂപ്പര്‍ ഷോട്ടിലൂടെ മെസ്സി സമനില പിടിച്ചു. 15ാം മിനിറ്റില്‍ ഫ്രീ കിക്കിലൂടെ മെസ്സി ഗോള്‍ ആവര്‍ത്തിച്ചു. ഇടവേളക്ക് മുമ്പ് റാഫിഞ്ഞ മൂന്നാം ഗോള്‍ അടിച്ചു ബാഴ്സക്ക് ലീഡ് നല്‍കി. എന്നാല്‍, ബാഴ്സയുടെ അലസത സെവിയ്യ 57ാം മിനിറ്റില്‍ റേയെസിലൂടെ ഗോളാക്കി മാറ്റി. 72ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ഗെമെയ്റോ ഗോളാക്കിയതോടെ സെവിയ്യ പോരാട്ട വീര്യം പുറത്തെടുത്തു.



രണ്ടാം പകുതി അവസാനിക്കാനിരിക്കെ 81ാം മിനിറ്റില്‍ മികച്ച ഷോട്ടിലൂടെ കൊനോപ്ളാങ്ക സെവിയ്യയുടെ നാലാം ഗോള്‍ നേടി ബാഴ്സയുമായി സമനില ഉറപ്പിച്ചു. മെസിയുടെ കിടിലന്‍ ഷോട്ട് സെവിയ്യന്‍ ഗോളി തടുത്തിട്ടെങ്കിലും അവസരം മുതലാക്കിയ പെഡ്രോ റോഡ്രിഗസ് ബോള്‍ വലയിലെ ത്തിച്ചു ബാഴ്സക്ക് കിരീടം സമ്മാനിച്ചു.



ബ്രസീലിയന്‍ സ്റ്റാര്‍ സ്ട്രൈക്കര്‍ നെയ്മറില്ലാതെയാണ് പ്രീ സീസണിലെ നിര്‍ണായക മത്സരത്തിന് ബാഴ്സ ടീം ഇറങ്ങിയതെങ്കിലും അര്‍ജന്‍റീനിയന്‍ താരം മെസ്സി മികച്ച പ്രകടനം കാഴ്ചവെച്ചു. മാഞ്ചസ്റ്ററിലേക്ക് കൂടുമാറുന്ന പെഡ്രോ റോഡ്രിഗസിന് ബാഴ്സ കുപ്പായത്തിലെ യാത്രയയപ്പ് പോരാട്ടം കൂടിയായിരുന്നു ഇത്തവണത്തെ യുവേഫ ഫൈനല്‍. ബാഴ്സ നാലു തവണയും സെവിയ്യ ഒരു തവണയും യുവേഫ കപ്പില്‍ കിരീടമണിഞ്ഞിട്ടുണ്ട്.

 

Full View

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.