ബാഴ്സക്ക് ഫിയോറെന്‍റിന ഷോക്ക്

ഫിറെന്‍സ്: അവസാന 78 മിനിറ്റുകള്‍ ബാഴ്സലോണ ഉണര്‍ന്നു കളിച്ചു. പക്ഷേ, ആദ്യ 12 മിനിറ്റിലെ അലംഭാവം 2^1ന്‍െറ തോല്‍വിയിലേക്ക് സ്പാനിഷ് ചാമ്പ്യനെ തള്ളിയിട്ടു. പുതിയ സീസണിന് മുന്നോടിയായി നടന്ന ഇന്‍റര്‍നാഷനല്‍ ചാമ്പ്യന്‍സ് കപ്പിലെ തങ്ങളുടെ നാലാമത്തേതും അവസാനത്തേതുമായ മത്സരത്തില്‍ ഇറ്റാലിയന്‍ ക്ളബ് ഫിയോറെന്‍റിനയോടാണ് കറ്റാലന്‍ പട തോറ്റമ്പിയത്. ആതിഥേയര്‍ക്കായി നാലാം മിനിറ്റിലും 12ാം മിനിറ്റിലുമായി വലകുലുക്കിയ ഫെഡറികോ ബെര്‍നാഡെചിയാണ് യൂറോപ്യന്‍  ചാമ്പ്യന്മാരെ നാണംകെടുത്തിയത്. 17ാം മിനിറ്റില്‍ ലൂയി സുവാരസ് ബാഴ്സക്കായി ഒരു ഗോള്‍ മടക്കിയെങ്കിലും പിന്നീട് സമനിലക്കായോ ജയത്തിനായോ ഒരു ഗോള്‍ അവര്‍ക്ക് നേടാനായില്ല.
ബോര്‍യ വലേരയുടെ ക്രോസില്‍നിന്ന് മനോഹരമായൊരു ഹെഡറിലൂടെയാണ് ബെര്‍നാഡെചി നാലാം മിനിറ്റില്‍ ആദ്യ ഗോള്‍ കണ്ടത്തെിയത്. എട്ടു മിനിറ്റുകള്‍ക്ക് ശേഷം മാര്‍ക്ക് ചെയ്യപ്പെടാതെ ഗോള്‍ പോസ്റ്റില്‍നിന്ന് 10 അടി അകലെ നിന്ന 21കാരനെ തേടി ജോക്വിന്‍െറ പാസ് എത്തി. പിഴവൊന്നും വരുത്താതെ അതും വലയിലത്തെിച്ച ബെര്‍നാഡെചി ബാഴ്സ പ്രതിരോധത്തെയും കോച്ച് ലൂയി എന്‍റികിനെയും അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചു.



ഇരട്ട പ്രഹരം ഏറ്റുവാങ്ങിയ തുടക്കത്തിന് ശേഷം താളം വീണ്ടെടുത്ത ബാഴ്സ കളിയില്‍ പിന്നീടങ്ങോട്ട് നിയന്ത്രണം കൈയാളുന്നതില്‍ വിജയിച്ചിരുന്നു. ആ ശ്രമങ്ങള്‍ക്കിടയില്‍ ഇവാന്‍ രകിടിചില്‍ നിന്നും പാസ് സ്വീകരിച്ച് ഗോളാക്കിയ സുവാരസ് ആശ്വാസവും പ്രതീക്ഷയും കൊണ്ടുവന്നു. എന്നാല്‍, പിന്നീട് സുവാരസിനും പെഡ്രോക്കും അവസരങ്ങള്‍ തുറന്നു കിട്ടിയെങ്കിലും മുതലാക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടു. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ബെര്‍നാഡെചി ഹാട്രിക് തികക്കുന്നതിന് അടുത്തത്തെിയിരുന്നു. ഗോള്‍കീപ്പര്‍ മാര്‍ക് ആന്ദ്രെ ടെര്‍ സ്റ്റെഗന്‍െറ ഇടപെടലാണ് ആ അപകടം ഒഴിവാക്കിയത്. അവസാനത്തോടടുക്കവേ മുനിറിനും ജെറാര്‍ഡ് പിക്വക്കും അവസരം ഒത്തുവന്നെങ്കിലും ഇരുവരുടെയും ഹെഡറുകള്‍ ലക്ഷ്യം കണ്ടില്ല. ഒടുവില്‍ ഒഴിവാക്കാനാകാതെ തോല്‍വിയുമത്തെി.

യുവേഫ ചാമ്പ്യന്‍സ് ലീഗ് ഉള്‍പ്പെടെ ട്രിപ്ള്‍ കിരീടങ്ങള്‍ ഉയര്‍ത്തിയ ഒരു സീസണ് ശേഷം പുതിയ പോരാട്ടങ്ങളിലേക്ക് കടക്കുന്നതിന് മുമ്പുള്ള മികച്ച ഒരുക്കം നടത്താന്‍ ഇത്തവണ ഇന്‍റര്‍നാഷനല്‍ ചാമ്പ്യന്‍സ് കപ്പില്‍ ബാഴ്സലോണക്കായില്ല. കളിച്ച നാലില്‍ മൂന്നു മത്സരങ്ങളിലും യൂറോപ്യന്‍ ചാമ്പ്യന്മാര്‍ മുട്ടുമടക്കി. ആദ്യ മത്സരത്തില്‍ അമേരിക്കന്‍ ക്ളബ്ബ് ലോസ് എയ്ഞ്ചലസ് ഗാലക്സിയെ 2^1 ന് തോല്‍പിച്ചത് മാത്രമാണ് സ്പാനിഷ് വമ്പന് സ്വന്തമായൊരു മത്സരം. പിന്നാലെ ഇംഗ്ളീഷ് പ്രീമിയര്‍ ലീഗ് കരുത്തരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനോട് 3^1 നും ചെല്‍സിയോട് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4^2നും തോറ്റു. സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസ്സിയും നെയ്മറുമില്ലാതെയാണ് ഇറങ്ങിയതെങ്കിലും മറ്റ് പ്രധാന താരങ്ങളെല്ലാം എന്‍റികിന്‍െറ വിളിപ്പുറത്തുണ്ടായിരുന്നു. യുവേഫ സൂപ്പര്‍ കപ്പില്‍ സെവിയയെ നേരിടാന്‍ എട്ട് ദിനം മാത്രം ബാക്കിനില്‍ക്കെയാണ് തോല്‍വിയുടെ മാറാപ്പുമായി പ്രീ സീസണ്‍ പോരാട്ടങ്ങള്‍ ബാഴ്സ അവസാനിപ്പിച്ചത്.

 

Full View

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.