കോഹ്ലി നയിക്കും, ധോണി പിടിക്കും

മുംബൈ: ഇനി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പൂര്‍ണമായി വിരാട് കോഹ്ലി നയിക്കും. വിക്കറ്റിനു പിന്നില്‍ മുന്‍ ക്യാപ്റ്റന്‍ എന്ന മേല്‍വിലാസത്തില്‍ മഹേന്ദ്ര സിങ് ധോണി തന്നെ കാവല്‍ക്കാരന്‍. ധോണി ക്യാപ്റ്റന്‍ സ്ഥാനം വെച്ചൊഴിഞ്ഞ ശേഷം നടന്ന ഇംഗ്ളണ്ടിനെതിരായ ഏകദിന-ട്വന്‍റി20 പരമ്പരക്കുള്ള ടീം സെലക്ഷനില്‍ പ്രതീക്ഷിച്ച പോലെ വിരാട് കോഹ്ലിയെ തന്നെ നായകനായി തെരഞ്ഞെടുത്തു. ഒരിടവേളക്കു ശേഷം യുവ്രാജ് സിങ്ങും ആശിഷ് നെഹ്റയും ടീമില്‍ തിരികെയത്തെിയപ്പോള്‍ മലയാളി താരം സഞ്ജു വി. സാംസണെ സന്നാഹ മത്സരത്തിനുള്ള ടീമിലേക്ക് തെരഞ്ഞെടുത്തു.

ഡല്‍ഹി താരം ഋഷഭ് പന്താണ് ടീമിലെ പുതുമുഖം.2014 ഡിസംബറില്‍ ആസ്ട്രേലിയന്‍ പര്യടനത്തിനിടയില്‍ നാടകീയമായി ധോണി ടെസ്റ്റ് ക്രിക്കറ്റില്‍നിന്ന് വിരമിച്ച ശേഷം  വിരാട് കോഹ്ലിയുടെ നായകത്വത്തിലാണ് ഇന്ത്യ ടെസ്റ്റില്‍ മിന്നുന്ന ജയങ്ങള്‍ നേടിയത്. അപ്പോഴും ഏകദിനത്തിലും ട്വന്‍റി20യിലും ധോണി തന്നെയായിരുന്നു ഇന്ത്യന്‍ കപ്പിത്താന്‍. കഴിഞ്ഞ ബുധനാഴ്ചയാണ് ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചുകൊണ്ട് ധോണി നായകപദവി ഒഴിഞ്ഞത്. എങ്കിലും ടീം സെലക്ഷനില്‍ താനും ലഭ്യമായിരിക്കുമെന്ന് ധോണി അറിയിച്ചിരുന്നു. അതുകൂടി പരിഗണിച്ചാണ് സെലക്ഷന്‍ കമ്മിറ്റി തീരുമാനമെടുത്തത്. രണ്ടു ടീമിലും ധോണിയെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സുപ്രീംകോടതി നിയമിച്ച ലോധ കമീഷന്‍െറ നിയന്ത്രണമുള്ളതിനാല്‍ രണ്ടര മണിക്കൂര്‍ നേരത്തെ ആശങ്കക്കൊടുവിലാണ് വാംഖഡെ സ്റ്റേഡിയത്തിലെ ആസ്ഥാനത്ത് സെലക്ഷന്‍ യോഗം നടന്നത്. 12.30ന് ആരംഭിക്കേണ്ടിയിരുന്ന യോഗം മൂന്നു മണിക്കാണ് ആരംഭിച്ചത്. ബി.സി.സി.ഐ ജോ. സെക്രട്ടറി അമിതാഭ് ചൗധരിക്ക് യോഗം നിയന്ത്രിക്കാന്‍ അവകാശമില്ളെന്ന് ലോധ കമീഷന്‍ സെക്രട്ടറി  ഗോപാല്‍ ശങ്കര്‍ നാരായണന്‍െറ വിശദീകരണം വന്ന ശേഷമാണ് ബി.സി.സി.ഐ സി.ഇ.ഒ രാഹുല്‍ ജോഹ്രിയുടെയും ചീഫ് സെലക്ടര്‍ എം.എസ്.കെ. പ്രസാദിന്‍െറയും നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് ടീം പ്രഖ്യാപിച്ചത്.

യുവ് രാജ് സിങ്ങിനെ ഏകദിനത്തിലേക്കും ട്വന്‍റി20 ടീമിലേക്കും തിരിച്ചുവിളിച്ചപ്പോള്‍ ആശിഷ് നെഹ്റക്ക് ട്വന്‍റി20യിലേക്കാണ് വിളി വന്നത്. ഡല്‍ഹിയുടെ യുവതാരവും വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനുമായ ഋഷഭ് പന്തിനെ ട്വന്‍റി20യിലേക്കാണ് തെരഞ്ഞെടുത്തത്. ഏകദിന ടീമിലെ സ്ഥിരം സാന്നിധ്യമായ സുരേഷ് റെയ്ന ട്വന്‍റി20 ടീമില്‍ മാത്രമായി. അജിന്‍ക്യ രഹാനെയെ ഏകദിന ടീമില്‍ നിലനിര്‍ത്തി. ഇംഗ്ളണ്ടിനെതിരായ സന്നാഹ മത്സരങ്ങളില്‍ ഈ മാസം 10ന് നടക്കുന്ന മത്സരത്തിനുള്ള ഇന്ത്യ എ ടീമിലാണ് സഞ്ജു വി. സാംസണെ ഉള്‍പ്പെടുത്തിയത്.

ഇന്ത്യന്‍ ടീം - ഏകദിനം:  
കെ.എല്‍. രാഹുല്‍, ശിഖര്‍ ധവാന്‍, വിരാട് കോഹ്ലി (ക്യാപ്റ്റന്‍), എം.എസ്. ധോണി (വിക്കറ്റ് കീപ്പര്‍), മനീഷ് പാണ്ഡെ, കേദാര്‍ ജാദവ്, യുവ്രാജ് സിങ്, അജിന്‍ക്യ രഹാനെ, ഹര്‍ദിക് പാണ്ഡ്യ, ആര്‍. അശ്വിന്‍, രവീന്ദ്ര ജദേജ, അമിത് മിശ്ര, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, ഉമേഷ് യാദവ്.
ട്വന്‍റി20:
 
കെ.എല്‍. രാഹുല്‍, മന്‍ദീപ് സിങ്, വിരാട് കോഹ്ലി (ക്യാപ്റ്റന്‍), എം.എസ്. ധോണി, യുവ്രാജ് സിങ്, സുരേഷ് റെയ്ന, ഋഷഭ് പന്ത്, ഹര്‍ദിക് പാണ്ഡ്യ, ആര്‍. അശ്വിന്‍, രവീന്ദ്ര ജദേജ, യുസ്വേന്ദ്ര ചാഹല്‍, മനീഷ് പാണ്ഡെ, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, ആശിഷ് നെഹ്റ.

Tags:    
News Summary - Yuvraj Singh earns recall

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.