കറങ്ങി വീഴട്ടെ ഇംഗ്ളണ്ട്

വിശാഖപട്ടണം: വിജയത്തിലേക്ക് തിരിച്ചുതുഴയാന്‍ വിരാട് കോഹ്ലിയും കൂട്ടരും  തുറമുഖനഗരമായ വിശാഖപട്ടണത്ത് വ്യാഴാഴ്ച ഇംഗ്ളണ്ടിനെതിരെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനിറങ്ങുന്നു. രാജ്കോട്ടില്‍ ഒന്നാം ടെസ്റ്റിലെ സമനിലകൊണ്ട് രക്ഷപ്പെട്ട ആതിഥേയര്‍, അലിസ്റ്റര്‍ കുക്കിനെയും സംഘത്തെയും സ്പിന്‍മികവില്‍ കുഴിയില്‍ വീഴ്ത്താമെന്ന പ്രതീക്ഷയിലാണ്. 

സ്പിന്‍ മാന്ത്രികതയെന്നും ‘ഇന്ത്യന്‍ വാരിക്കുഴി’കളെന്നും പറഞ്ഞു പേടിപ്പെടുത്തിയ ഇന്ത്യക്ക് ഒന്നാം ടെസ്റ്റില്‍ ഇംഗ്ളണ്ട് കൊടുത്തത് ഷോക്ക് ട്രീറ്റ്മെന്‍റ്. ബൗളിങ്ങിലെ പിഴവും ഫീല്‍ഡിങ്ങിലെ ചോര്‍ച്ചയും ലക്ഷ്യം കാണുന്നതില്‍ പരാജയപ്പെട്ട സ്പിന്നര്‍മാരുടെ പ്രകടനവുമെല്ലാം സമാസമം ചേര്‍ന്നപ്പോള്‍ കുക്കും സംഘവും കുതിച്ചുകയറിയത് ആത്മവിശ്വാസത്തിന്‍െറ ക്രീസിലേക്ക്.

മികച്ച പ്രകടനം പുറത്തെടുത്താലേ വിശാഖപട്ടണത്ത് ജയിക്കാനാവൂ എന്ന തിരിച്ചറിവ് കുംബ്ളെ മുതല്‍ ഇങ്ങോട്ട് എല്ലാവര്‍ക്കും ബോധ്യപ്പെട്ടിട്ടുണ്ട്. അതിന്‍െറ ആദ്യ ചുവടുവെപ്പായി ഓപണര്‍ ലോകേഷ് രാഹുല്‍ തിരിച്ചുവന്നു.   ഇന്ന് മുരളി വിജയിക്കൊപ്പം ലോകേഷ് രാഹുലായിരിക്കും ഇന്നിങ്സ് ഓപണ്‍ ചെയ്യുക. ക്രീസില്‍ ‘പതിവുപ്രകടനം’ തുടര്‍ന്നതോടെയാണ് ഗൗതം ഗംഭീറിന് പുറത്തേക്കുള്ള വഴി കാട്ടിക്കൊടുത്ത്  രാഹുലിനെ ഓപണിങ്ങില്‍ കളിപ്പിക്കുന്നത്. കഴിഞ്ഞ ടെസ്റ്റില്‍ രണ്ടാമിന്നിങ്സില്‍ പൂജ്യത്തിന് പുറത്തായ ഗംഭീര്‍ ആദ്യ ഇന്നിങ്സില്‍ നേടിയത് വെറും 29 റണ്‍സ്.

ന്യൂസിലന്‍ഡിനെതിരെ കൊടുങ്കാറ്റുയര്‍ത്തിയ അമിത് മിശ്ര ഇംഗ്ളണ്ടിനെതിരെ  നിഴലിലൊതുങ്ങി. രവിചന്ദ്ര അശ്വിനും രവീന്ദ്ര ജദേജയും മിശ്രയും ചേര്‍ന്ന് വീഴ്ത്തിയത് ഒമ്പതു വിക്കറ്റുകള്‍ മാത്രം. ഇംഗ്ളണ്ട് സ്പിന്‍ ത്രയം മൊഹീന്‍ അലിയും ആദില്‍ റഷീദും സഫര്‍ അന്‍സാരിയും ചേര്‍ന്ന് പിഴുതെടുത്തത് 13 വിക്കറ്റുകളാണ്. സ്പിന്നര്‍മാരുടെ ഫോമിനൊപ്പം പേസ് ആക്രമണത്തിന്‍െറ കുന്തമുന ജെയിംസ് ആന്‍ഡേഴ്സണ്‍ തിരിച്ചത്തെുന്നതും ഇന്ത്യക്ക് ഭീഷണിയാണ്.

ബൗളിങ്ങിലെ കൃത്യത ഉറപ്പിക്കുന്നതിനൊപ്പം ക്രീസില്‍ സ്ഥിരത കൈവരിക്കാന്‍ ബാറ്റ്സ്മാന്മാരെ സജ്ജമാക്കുന്നതുള്‍പ്പെടെ ഭാരിച്ച ഉത്തരവാദിത്തമാണ് കോഹ്ലിയെ കാത്തിരിക്കുന്നത്. അശ്വിനും ജദേജയും ബാറ്റുകൊണ്ടു കാട്ടിയ പൊടിക്കൈകളാണ് കോഹ്ലിക്ക് ക്രീസില്‍ പലപ്പോഴും തുണയായത്. ചേതേശ്വര്‍ പുജാര സ്ഥിരത പുലര്‍ത്തിയെങ്കിലും  അജിന്‍ക്യ രഹാനെയുള്‍പ്പെടെയുള്ളവര്‍ നിരാശപ്പെടുത്തി. 

സഖ്ലൈന്‍ മുഷ്താഖെന്ന സ്പിന്‍ മാന്ത്രികന്‍െറ ബൗളിങ് ചാണക്യതന്ത്രങ്ങള്‍ ഇംഗ്ളീഷുകാര്‍ക്ക് ആത്മവിശ്വാസമേകുന്നതാണ്. ഒന്നാം ടെസ്റ്റിനുശേഷം കരാര്‍ അവസാനിച്ച സഖ്ലൈനെ മൊഹാലി ടെസ്റ്റ് വരെ ഒപ്പം നിര്‍ത്താനാണ് തീരുമാനം. ഇന്ത്യയുടെ മുഖ്യപരിശീലകനായി അനില്‍ കുംബ്ളെയുടെ സാന്നിധ്യവും ചേരുമ്പോള്‍ കളത്തിന് പുറത്തും സ്പിന്‍ യുദ്ധം പൊടിപൊടിക്കും.ആദ്യ ദിനം പ്രവേശനം സൗജന്യമാണ്. അതിനിടെ,  രാജ്യത്ത് 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കി കള്ളപ്പണം തടയുന്നതിനുള്ള പ്രധാനമന്ത്രിയുടെ തീരുമാനം ചരിത്രപരമായ നീക്കമെന്ന് ഇന്ത്യന്‍ ടെസ്റ്റ് നായകന്‍ വിരാട് കോഹ്ലി പറഞ്ഞു.

Tags:    
News Summary - virad kohly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.