വെങ്കിടേഷ് പ്രസാദ്
ബംഗളൂരു: കർണാടക ക്രിക്കറ്റിനെ ഭരിക്കാൻ മുൻ ഇന്ത്യൻ പേസ് ബൗളർ വെങ്കിടേഷ് പ്രസാദ്. വാശിയേറിയ തെരഞ്ഞെടുപ്പിലൂടെയണ് കർണാടക ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റായി മുൻ ഇന്ത്യൻ ബൗളിങ് കോച്ച് കൂടിയായ പ്രസാദിനെ തെരഞ്ഞെടുത്തത്. മുൻ ഇന്ത്യൻ താരം സുജിത് സോമസുന്ദറിനെ വൈസ് പ്രസിഡന്റും, സന്തോഷ് മേനോനെ സെക്രട്ടറിയായും തെരഞ്ഞെടുത്തു.
കെ.എൻ ശാന്ത കുമാറിനെ 191വോട്ടിന് തോൽപിച്ചാണ് വെങ്കിടേഷ് പ്രസാദ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. പ്രസാദ് 749 വോട്ടും ശാന്തകുമാർ 558 വോട്ടും നേടി. മുൻ അമ്പയർ ബി.കെ രവി ജോയിന്റ് സെക്രട്ടറിയും, ബി.എൻ മധുകർ ട്രഷററായും സ്ഥാനമേൽക്കും.
ഇന്ത്യക്കായി 33 ടെസ്റ്റും 161 ഏകദിനങ്ങളും കളിച്ച വെങ്കിടേഷ് പ്രസാദ് 2010-13 കാലയളവിൽ കെ.എസ്.സി.എ വൈസ് പ്രസിഡന്റായി പ്രവർത്തിച്ചിരുന്നു.
ചിന്നസ്വാമി സ്റ്റേഡിയത്തിലെ ദുരന്തത്തിനു പിന്നാലെ വിവാദങ്ങൾക്കു നടുവിലായ കർണാടക ക്രിക്കറ്റിനെ പഴയ പ്രതാപത്തിലേക്ക് തിരികെയെത്തിക്കുകയാണ് പ്രസാദിന്റെ ദൗത്യം.
നവംബർ 30ന് നടക്കേണ്ടിയിരുന്നു തെരഞ്ഞെടുപ്പ് മാറ്റിവെച്ചതിനെതിരെ പ്രസാദ് രംഗത്തു വന്നിരുന്നു. ക്രിക്കറ്റിൽ രാഷ്ട്രീയ കളി നടത്തരുതെന്നും, സംസ്ഥാനത്തെ ക്രിക്കറ്റിനെ തിരികെകൊണ്ടുവരികയെന്ന ലക്ഷ്യവുമായാണ് തങ്ങൾ മത്സര രംഗത്തിറങ്ങിയതെന്നും രാഷ്ട്രീയമായി സമീപിക്കരുതെന്നും പ്രസാദ് വ്യക്തമാക്കിയിരുന്നു. സ്റ്റേഡിയത്തിലെ ദുരന്തത്തിനു പിന്നാലെ ബംഗളുരുവിലെ മത്സരങ്ങൾ റദ്ദാക്കപ്പെട്ടിരുന്നു. വരാനിരിക്കുന്ന ഐ.പി.എൽ സീസണിൽ ബംഗളൂരുവിലെ മത്സരങ്ങൾ മറ്റു വേദികളിലേക്ക് മാറ്റാൻ നീക്കം നടക്കുന്നതായും വാർത്തയുണ്ട്. ഇന്ത്യയിലെ പ്രധാന ക്രിക്കറ്റ് വേദിയെന്ന നിലയിൽ നിന്നും സ്റ്റേഡിയം പിന്തള്ളപ്പെട്ടത്ത് കർണാടകയിലെ ആരാധകരെയും നിരാശപ്പെടുത്തി. ഈ വെല്ലുവിളി ഏറ്റെടുത്താണ് പ്രസാദിന്റെ നേതൃത്വത്തിൽ പുതിയ ഭരണ സമിതി അധികാരത്തിലെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.